ജനപ്രിയ പോസ്റ്റുകള്‍‌

2013, ഡിസംബർ 29, ഞായറാഴ്‌ച


വന്ന ദൂരത്തേക്കൾ 
എത്ര നേരംഇവിടെ   കാത്തിരുന്നു 

അകലെ മലയിൽ 
നിന്നെത്തിയ കിളി നാദം 
ചെവിയോർക്കവേ എഴുന്നേറ്റ 
പെണ്ണിൻ   കാല്കളിൽ 
ചുറ്റുന്നു  വളർന്ന വള്ളികൾ. 
കാലമെത്രയോ കഴിഞ്ഞു പോയി 

പുല്ലുകൾ എന്നിത് വള്ളികളായി ?

 വേദന്നിക്കുന്നു   കാൽകൾ 
തണൽ തരും മരത്തിൻ 
ചുവട്ടിലെ കല്ലുകളിൽ ചവുട്ടി 

കാണുവാൻ ആശയിൽ 
ഉൽപത്തിയിൽ  എത്തുവാൻ 
ആശയാൽ അറിഞ്ഞതില്ല  ചരിഞ്ഞ കയറ്റങ്ങൾ 

നിൻ  സ്വരം കേട്ട് വന്ന ഞാൻ 
എന്തിനു പകുതിവഴിയിലീ  ഒറ്റ മരത്തണലിലുറങ്ങീ ?
ഇനി ഞാനെത്ര ദൂരം വരേണം 

ചുറ്റുന്നീ  വിഷ വള്ളികൾ മുള്ളുകൾ 

ഏകാന്തതയിൽ മോചനമില്ലാതെ 
 മോക്ഷമില്ലാത്ത കല്ലിൽ തല തല്ലി  ചാകും .

2013, ഡിസംബർ 21, ശനിയാഴ്‌ച

അതി രാവിലെ ഉണരുമാ പക്ഷിയിൻ
ചുണ്ടിൽ ചുംബിക്കുവാൻ പിന്നെയതിൻ 
അന്നമായി  തീരുമൊരു വർണ്ണ  ശലഭമായി 
മാറുവാൻ ഇന്നീ സമാധിയിൽ ഒരു 
പുഴുവായി ഞാനുറങ്ങട്ടെ എന്റെ 
വർണ്ണ  സ്വപ്നങ്ങൾ  നെയ്തെടുക്കട്ടേ 

2013, നവംബർ 12, ചൊവ്വാഴ്ച

ചില യാഥാർത്യങ്ങൾ മാത്രം ഒപ്പിയെടുക്കപ്പെട്ടു
ഇരുട്ടറയിലെയ്ക്ക്  കൊണ്ട് പോകപ്പെട്ടപ്പോൾ
എന്റെ ആത്മാവും  ആ ഇരുട്ടറയിൽ ആയി.
വരച്ചെടുക്കുവാൻ  ആരുമില്ലാതെ  ഉപേഷിക്കപ്പെട്ട
നെഗറ്റീവുകൾക്കൊപ്പം ഞാനും എന്റെ ആതമാവും
വെളിച്ചം കണ്ടില്ല.കാലമെത്രയോ വേഗത്തിൽ  മുൻപോട്ടു പോയി
ഈ ഡിജിറ്റൽ യുഗത്തിൽ ഉപേക്ഷിക്കപ്പെട്ടു പോകാമായിരുന്ന
എന്റെ ജീവിതമെന്ന  ഫിലിമിൽ പതിഞ്ഞിരുന്ന   പഴയ നിമിഷങ്ങളെ
വീണ്ടും  വരച്ചെടുത്തത്  ആര്? ഇന്ന് നിങ്ങൾ കാണുന്ന എന്റെ
മുഖ ചിത്രം വരചെടുത്തു  അതിൽ സന്തോഷം എന്ന  വർണം
വിതറിയത് ആര് ?

2013, നവംബർ 3, ഞായറാഴ്‌ച

ആളി കത്തുന്ന   വിശപ്പിനെ
യകറ്റി വർണ  ദീപങ്ങൾ
ചൊരിയുന്ന ശബ്ദങ്ങൾ
കൊള്ളുന്ന വിഷ പൊടികളി
ന്നെന്റെ നിദ്രയെ ലവലേശം
തൊട്ടില്ല.  നീട്ടിയ കൈകളിൽ
വീഴാത്ത നന്മകളാലെൻ
പൈതലിൽ മയക്കത്തിൻ
ആക്കവും കൂടി പിഞ്ചു പൈതലിൽ
ഭാരം  വഹിയാതെയല്ലയോ
 തെരുവിലെ  കുപ്പയ്കരികിലീ
ഞങ്ങളും നായ്ക്കളുമൊരു
കുടുമ്പം പോൽ  അന്തിയുറങ്ങിയത്

പൂത്തിരിയോ  തറ ചക്രങ്ങളോ
ഉഗ്ര സ്പോടനം ആഹ്ലാദിപ്പിക്കും
അമിട്ടുകളോ  ഏതെന്നറിയില്ല
ആരോ തന്നൊരീ  സാരീ  തലപ്പിൽ
കൊളുത്തി  നീ ആഘോഷിക്കുന്നോ
ഇളം മുറ തമ്പുരാനെ . നിന്റെ
പ്രായത്തിനൊത്ത  എൻ പൈതലിനെ
പുതപ്പിച്ച ചേലയിൽ നീയിട്ട
തീപ്പൊരിയിൽ  വെന്തെന്റെ ഹൃദയവു
മവനിൻ മുഖവുമൊരു പോൽ
നീറുന്നു  അരുതരുതിനി മേലാൽ
മേലാള  പൈതലേ തെരുവിലുറങ്ങുമീ
എൻ മക്കൾക്കായി ഞാൻ കേണിടുന്നു

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച


അലഞ്ഞു ഞാനേറെ നാൾ
നനവുള്ള മണ്ണതിൽ
അലിഞ്ഞു ചേരാ-
നേകയായി ഏറെ ദൂരം

എങ്കിലോ  മുൻപിലെ
തീ പാറും  കല്ലുകൾ
തീർത്ത  മണ്‍തരികളിൽ
പതിഞ്ഞെന്റെ പാദം
വെന്തു പിളർന്നു
തളർന്നു പോയി

ആകുമോ താണ്ടുവാൻ
ഈ ദൂരമൊക്കെയും
തീ  കാറ്റിൽ തിളയ്ക്കുമീ
പാതയോരങ്ങളിൽ
തളർന്നു  മയങ്ങിയ
മിഴികളുമായി.

ആശിപ്പൂ   നിന്റെ സ്നേഹ
സാന്ത്വനം എൻ കാൽ
തിണർപ്പുകൾ   വറ്റിക്കുവാൻ

നീരുള്ള മണ്ണായി നീ
മാറുമെങ്കിൽ  ഞാൻ
ഏറെ ദൂരം ഇനി യാത്ര ചെയ്യാം

ഒടുവിൽ  നിൻ തരികളി-
ലൊന്നായി തീരുവാൻ നനവുള്ള
മണ്ണേ ഞാൻ നിന്നധോ
ഭാഗത്ത്‌ വീണുറങ്ങാം












2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

മഴ തുള്ളി തീർത്ത
മതിലുകൾക്കുള്ളി-
ലെൻ  മിഴികൾ
കാണാൻ
കൊതിക്കുന്തോറും
പെരുമഴയായി
പെയ്തെന്റെ കാഴ്ച
മറയ്ക്കുമീ  കണ്ണീർ
തുടയ്ക്കുവാൻ
വെമ്പുന്ന നിന്റെ
ചുണ്ടുകൾ ഞാൻ  കണ്ടു .

 ചങ്ങലയ്ക്കിട്ട നിന്റെ
ചിന്തകൾ  പൊട്ടിച്ചെറിഞ്ഞു
വരികെന്റെ പ്രിയ സഖേ
ചാരത്ത് നിന്നെന്റെ   കണ്ണീർ
തുടചെന്റെ  കാഴ്ച്ചയിൽ
തെളിയട്ടേ  ഹിമം പോൽ
വിശുദ്ധമാം  നിന്റെ രൂപം .

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

പുറം ലോകം കാണാൻ ആഗ്രഹിച്ചവൾ


 പുറം ലോകം കാണാൻ ആഗ്രഹിച്ചവൾ
-------------------------------------------

ഈ  നാൽകാലിയുമായി ഞാൻ എത്ര  പെട്ടന്നാണ് ഇണങ്ങിയത്  .
 നഴ്സറി ടീച്ചെറിന്റെയും  കൂട്ടുകാരുടെയും മുഖങ്ങൾ എന്റെ ഉള്ളിൽ  മങ്ങി തുടങ്ങി. ആശുപത്രിയിൽ പോലും അവരാരും കാണാൻ  വന്നില്ല . ഇപ്പോൾ അവരെ കുറിച്ച് തീരെ ഓർമയില്ല.

ആസ്പത്രിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട്  ഈ മുറിക്കുള്ളിൽ ഒതുക്കപ്പെട്ട ആദ്യത്തെ നാളുകളിൽ എല്ലാവരെയും കാണാൻ ആഗ്രഹിച്ചു. പിന്നെടെന്റെ ആഗ്രഹങ്ങളും  മോഹങ്ങളും നാല് കാലുകളിൽ  ബന്ധിക്കപ്പെട്ടു .  ചത്ത മരം  കുളിര് തരാതെ  മുതുകു പൊട്ടിയൊലിച്ചു.

കൂട്ടി കൂട്ടി വായിച്ച  അക്ഷരങ്ങൾ, മുറിവിന്റെ ആഴങ്ങളെ  നികത്തി കൊണ്ടേയിരുന്നു .

മണ്ണിൽ കിളിർത്തു  വരുന്ന പുൽകൊടികളെ  പിഴുതെടുത്ത്‌   ദൂരേയ്ക്ക് കളഞ്ഞു  മുറ്റമടിക്കുന്ന  പാവടക്കാരിയാകാൻ കൊതിച്ചു.

വീട്ടിലെ ശുഭ മുഹൂർത്തങ്ങൾ കണ്‍ നിറയെ കണ്ടാസ്വദിക്കാൻ ആഗ്രഹിച്ചു.

"മോളെ നല്ല വണ്ണം നോക്കേണം കേട്ടോ "  വിദേശത്തുള്ള  പപ്പയും  മമ്മിയും സഹായിക്കാൻ  നിൽക്കുന്ന ഡാലി ചേച്ചിയെ ഇടയ്ക്കിടയ്ക്ക് വിളിച്ചു ഓർമ്മപ്പെടുത്തും .


മുറിവുകൾ  ഉണങ്ങിയ മുതുകിൽ നിന്നല്ല ഇത്തിരി ചോര പൊടിഞ്ഞതെന്നു  കണ്ടു പിടിച്ചപ്പോൾ എന്നും  മുഖത്ത്  ഒരു തിരി വെളിച്ചം പരത്തി  വരുന്ന അപ്പുറത്തെ വീട്ടിലെ സതിയമ്മ കെട്ടി പിടിച്ചു കരഞ്ഞു  .

  പതിമൂന്നു വയസോ?    വർഷങ്ങൾ എത്ര കടന്നു പോയി.

പുറം ലോകം കാണേണം പുറത്തെ  മനുഷ്യരെ കാണേണം. എന്റെ  വീടിന്റെ മുറ്റം കാണേണം  അവിടെ കുറെ നേരം ഇരിക്കേണം   മുറ്റത്തിരുന്നു   ആകാശം കാണേണം .  പുസ്തകങ്ങളിൽ  കണ്ടിട്ടുള്ള പ്രകൃതിയെ  പ്രണയിക്കേണം  അവയോടു കിന്നരിക്കേണം .

തിര തള്ളി വരുന്ന ആഗ്രഹങ്ങളെ  അടക്കാൻ കഴിഞ്ഞില്ല .  എന്റെ ശരീരം എന്റെ ആ ഗ്രഹങ്ങളോട്  മല്ലു യുദ്ധം ചെയ്തു . ഒരിക്കലും ചേരാത്ത വിധത്തിൽ   രണ്ടുപേരും തമ്മിൽ പിരിഞ്ഞു .


എന്നെ ധരിപ്പിച്ചത്   കല്യാണ വസ്ത്രമാണെന്ന് എന്നെനിക്കറിയില്ലായിരുന്നു . നിശ്ചലമായ  എന്റെ ശരീരത്തെ കെട്ടി പിടിച്ചു കരയുന്ന മമ്മിയുടെ  കണ്ണിൽ  നിന്നും ഒരു തുള്ളി കണ്ണീർ എന്നെ  ആശ്ലെഷിച്ചെങ്കിലെന്നു ഞാൻ    ആശിച്ചു.

 വീടിന്റെ  മുറ്റത്തേയ്ക്കെന്നെ എടുത്തപ്പോൾ   ചാടി ഇറങ്ങി ഓടാൻ തോന്നി . എന്റെ വീട്ടിൽ  ഞാൻ കാണുന്ന ആദ്യത്തെ ശുഭ മുഹൂർത്തം .  കയ്യിൽ  പിടിപ്പിച്ചിരി ക്കുന്ന പൂക്കൾ എന്നെ കാണാൻ വന്നവർക്ക്   കൊടുക്കാൻ ശ്രമിച്ചു.  എന്നെ നോക്കുന്നവരിലെ  നിർവികാരത മരണത്തിനു മുൻപുള്ള  ജീവിതത്തേക്കൾ  അരോചകം ആക്കി  . എങ്കിലും ദൂരെ മാറി കൂട്ടം കൂട്ടമായി നിന്ന് രസിക്കുന്നവർക്കിടയിലെയ്ക്ക്  ചെല്ലുവാൻ വൃഥാ  ഒരു ശ്രമം നടത്തി .


മുറ്റത്തു കിടന്നു ആകാശത്തിലെ നീലിമ ഞാൻ കണ്ടു .  രാത്രിയിൽ ആകാശം കാണാൻ  പകലിനെക്കാൾ സുന്ദരമാണെന്ന്   വായിച്ചിട്ടുണ്ട്.  രാത്രി  ആകുന്നത്‌ വരെ ഈ മുറ്റത്ത്    കിടത്തിയിരുന്നെങ്കിൽ.

 വെളുത്ത ളോഹയിൽ  താടിക്കാരൻ അച്ചന്റെ   ചുണ്ടുകൾ  ചലിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് ഈശോയെ  കാണാമല്ലോ  എന്ന  സന്തോഷം  തോന്നി.

വീടിനെ എന്നേയ്ക്കുമായി പിരിഞ്ഞപ്പോൾ എനിക്ക് തന്ന അന്ത്യ ച്ചുമ്പനങ്ങളെല്ലാം  നിർ ജീവമായിരുന്നു.


വെള്ള വാനിൽ ചുറ്റും  കുറെ പേർ തിങ്ങി നിറഞ്ഞിരുന്നത്   കൊണ്ട് പണ്ട്  നഴ്സറിയിൽ  ഓടി ചാടി പോയ വഴി കാണാൻ പറ്റിയില്ല .

 പള്ളിഎത്രയോ മാറി പോയി  .    സണ്‍‌ഡേ ക്ലാസ്സിൽ പഠിക്കാൻ പണ്ട് വന്നിരുന്നപ്പോൾ  പള്ളി ഇത്ര പുരോഗമിച്ചിട്ടില്ലായിരുന്നു  .എന്റെ പെട്ടിയുടെ പ്രതിബിംബം  പള്ളിയിലെ തറയിൽ  തിളങ്ങി നിന്നിരുന്നു  എന്ന് തോന്നി .


എല്ലാവരും എന്നെ വിട്ടു പോയി. .. പുറത്തെ ലോകത്തിലേയ്ക്കല്ല   ഭൂമിയിലെ ആഴങ്ങളിലേയ്ക്കാണ്  എന്നെ തള്ളിയിട്ടതെന്നു ഞാൻ തിരച്ചറിഞ്ഞു . സതിയമ്മയും ഡാലി ചേച്ചിയും  വളരെ നേരം അവിടെ നിന്നിരിക്കണം .എന്നെ കൊണ്ട് താങ്ങാൻ പറ്റാത്തത്ര  മണ്ണ് എന്നെ മൂടിയിരിക്കുന്നു .ഞാൻ അടക്കപ്പെട്ടിരിക്കുന്നു .

എന്താണ്  വല്ലാത്ത  ശബ്ദം. എന്നെ  അഴങ്ങളിലേയ്ക്ക്  താഴ്ത്തി കൊണ്ടിരുന്ന  മണ്ണിന്റെ ഭാരം കുറയുന്നുവോ?  ഞാൻ മുകളിലെയ്ക്ക് ഉയർത്തപ്പെടുന്നുവോ?

 അതേയ്  ഈ രാത്രിയിൽ ഞാൻ  ആകാശം കാണുന്നു . എന്ത് സുന്ദരമായ ആകാശം.

കുപ്പികൾ പൊട്ടി ചിതറുന്ന  ശബ്ദം. അവർ മൂന്നുപേർ.    മരിച്ച എന്നിൽ പോലും  അവരുടെ  വായിലെ മദ്യത്തിന്റെ ഗന്ധം അറപ്പുളവാക്കി.

ഞാൻ പിടിച്ചിരുന്ന പൂക്കൾ അവരിലൊരാൾ മറ്റൊരു കല്ലറയിലെയ്ക്ക് വലിച്ചെറിഞ്ഞു എന്റെ കല്യാണ   വസ്ത്രം  ഇന്ന് വെട്ടിയ മണ്ണിൽ  പുതഞ്ഞു.  . സഹായത്തിനായി ആകാശത്തിലെ  ചന്ദ്രനെ ഞാൻ നോക്കി .  എന്റെ പിച്ചി ചീന്തപ്പെട്ട നഗന്ത കാണാൻ ത്രാണിയില്ലാത്തത് കൊണ്ടോ ചന്ദ്രൻ ഓടി ഒളിച്ചത് ?

ഇതാണോ   ഞാൻ ആഗ്രഹിച്ച രാത്രിയിലെ ആകാശം . ഇതാണോ ഞാൻ സ്വപ്നം  കണ്ട ആ പുറം ലോകം. വെളിച്ചം വരും മുൻപ് ആരെങ്കിലും എന്നെ ആ കല്ലറയിലേയ്ക്ക്  മറവു ചെയ്തെങ്കിൽ . ഇല്ല;  നേരം വെളുക്കുവോളം എന്റെ ജഡം ഭോഗിക്കപ്പെടാൻ വിധിക്കപെട്ടിരുന്നു.


"കേസും നാണക്കേടും  ആരോടും ഇനിയിപ്പോൾ പറയേണ്ട.  ലീവ്  രണ്ടു ദിവസതെയ്ക്കും കൂടിയേ ഉള്ളൂ . ഞങ്ങൾ അങ്ങ് പോകും അച്ചോ "

മമ്മിയുടെ വാക്കുകൾ കേട്ട് എന്റെ നിശ്വാസം  കല്ലറകളെ  പൊട്ടിച്ചു   പുറത്തേയ്ക്ക് വരാൻ ശ്രമിച്ചു .
പുറം ലോകം എന്നിൽ ഉളവാക്കിയ ഭയം  അതെനിക്ക് ഓർമ്മ  വന്നു.

ഇനിയൊരിക്കലും പുറം ലോകം കാണാൻ  ഞാൻ ആഗ്രഹിക്കുന്നില്ല .


*********************************************************************************





2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

ചിരി ശബ്ദം പ്രണയിച്ചപ്പോൾ
************************* 


അവരുടെ ചിരിയാണ്   പരസ്പരം പ്രണയിച്ചത് .

അന്നുച്ചയ്ക്ക്‌  ഓഫീസിൽ വച്ച്  ആദ്യമായി കേട്ട അവളുടെ ചിരിയുടെ ശബ്ദം അയാളുടെ മനസിനെയും ഹൃദയത്തെയും ഒരുപോലെ കൊത്തി വലിച്ചു.  

പുതിയതായി വന്ന ടൈപിസ്റ്റ്‌  അയാളുടെ വീടിനടുത്താണ് താമസിക്കുന്നതെന്ന് പിന്നീടാണ് അറിഞ്ഞത് . എങ്കിലും അവളെ കാണാൻ അയാൾ  ആഗ്രഹിച്ചിരുന്നില്ല .

അവളുടെ രൂപം അയാൾക്കൊ   അയാളുടെ   രൂപം അവൾക്കോ ഇഷ്ടമായിരുന്നില്ല  .

അവളുടെ  ചിരി കേൾക്കാൻ  അയാളുടെ ചെവി ചുമരിൽ പതിച്ചിരുന്നത്   ആരുമറിഞിരുന്നില്ല  .

അകലെയെവിടെയോ  നിന്നാണ് അയാളുടെ ചിരി ആദ്യമായി അവൾ കേട്ടത് . മേലുദ്യോഗ്സ്ഥ നെ   ഭയമായിരുന്നെങ്കിലും അയാളുടെ ചിരി ശബ്ദം  അവളെ വല്ലാതെ ആകർഷിച്ചിരുന്നു .

അവരുടെ ചിരി ശബ്ദങ്ങൾ പ്രണയിച്ചിരുന്നത്   അവർ അറിഞ്ഞിരുന്നില്ല .

സഹ പ്രവർത്തകന്റെ  വിവാഹ നാളിലെ  വിരുന്നു  സൽക്കാരത്തിലെ  പൊട്ടിചിരികൾക്കിടയിൽ  അയാൾ അവളോട്‌ ചോദിച്ചു   " നിന്റെ ചിരി ഞാൻ സ്വന്തമാക്കിക്കോട്ടെയ്?'

അവളുടെ സമ്മതം ഒരു ചിരിയിൽ  ഒതുക്കി .

വിവാഹ ജീവിതത്തിന്റെ ആദ്യ ദിനത്തിൽ  അയാളുടെ താമാശ കേട്ട് അവൾക്കു ചിരി പൊട്ടി .

"അപ്പുറത്ത് അച്ഛനും അമ്മയും കേൾക്കും ചിരിക്കാതെ  "

അവളുടെ ചിരിക്കുളള ആദ്യത്തെ വിലക്ക് .

"നിന്റെ ചിരി എനിക്ക് മാത്രം സ്വന്തം എന്നല്ലേ പറഞ്ഞിരുന്നത് ?" - പിന്നീടെപ്പോഴോ  ഉള്ള അയാളുടെ വിലക്ക് സംശയത്തിന്റെത് ആയിരുന്നു.

സന്തോഷം  തോന്നുമ്പോൾ  തിരമാല  പോലെ വരുന്ന ചിരിയെ  അവൾ പിടിച്ചു കെട്ടി . അപ്പുറത്തെ ഓഫീസ് മുറിയിൽ ഭർത്താവിന്റെ സാന്നിധ്യം അവളുടെ  ചിരികൾക്ക് മതിൽ  തീർത്തു.


അന്നു  സന്ധ്യക്ക് മുറ്റത്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചു സന്തോഷിച്ച് അയാൾ പൊട്ടി ചിരിച്ചു .  ചിരി  കേൾക്കാൻ   അവൾ അടുക്കളയിലെ നീറ്റലുകൾക്കിടയിൽ നിന്നും മുറ്റത്തെയ്ക്ക് ഓടി ചെന്നു. അയാളുടെ കണ്ണുകളിൽ നിന്നും  അവളിലേയ്ക്ക്  പാറിയ തീ അവളുടെ സന്തോഷത്തെ  കെടുത്തി കളഞ്ഞു. അയാൾ  ഒന്ന് ചിരിച്ചു  കേൾക്കാൻ അവൾ ഏറെ ആഗ്രഹിച്ചു.

 അവളിലെ പിടച്ചു കെട്ടിയ ചിരികൾ ഉള്ളിൽ  കിടന്നു കുന്നു കൂടി മുഴകളായി തീർന്നു . മുഴകൾ പൊട്ടിയൊലിച്ചു . അയാളുടെ ചിരി  കേൾക്കാനുള്ള  ആഗ്രഹം അവളിലെ  വേദനയെ കൂട്ടി.


അവൾക്ക്‌  വേണ്ടി മരുന്നിനും മന്ത്രത്തിനും ചെലവാക്കിയ പണത്തെ കുറിച്ച് അയാൾ  മനസ്സിൽ പിറുപിറുത്തു.


'നീയിത്ര  സുന്ദരി ആയിരുന്നോ?' പച്ച  ഇലക്ക് മുകളിൽ പട്ടു പുതച്ചു കിടക്കുന്ന അവളുടെ മുഖത്ത്‌  പുഞ്ചിരി  നിറഞ്ഞു നിൽക്കുന്നത്  അയാൾ അറിഞ്ഞു.  അന്നായിരുന്നു അവളുടെ മുഖം കാണുന്നത്.
അവളുടെ ചിരി അയാൾ  ആഗ്രഹിച്ചു. അവസാനത്തെ കനലും ചാമ്പലായിട്ടും  അയാൾ  അവിടെ നിന്നും മാറിയില്ല .

"ഒന്നു  ചിരിക്കൂ  നിന്റെ ചിരി എനിക്ക്  കേൾക്കേണം " അയാൾ  ഉറക്കെ നില വിളിച്ചു.

ചിരി കേൾക്കാൻ ശവ പറമ്പിൽ  കുത്തിയിരിക്കുന്ന  വികൃത  രൂപിയായ അയാളെ കണ്ടപ്പോൾ അവൾക്കു ചിരി വന്നു.  അവൾ പതുക്കെ ചിരിച്ചു .

ആ മൃദു ശബ്ദം അയാൾ തിരച്ചറിഞ്ഞു  അയാൾ സന്തോഷം കൊണ്ട് പൊട്ടി ചിരിച്ചു .  അയാളുടെ ചിരിയുടെ ശബ്ദം അവളെ വീണ്ടും ആകർഷിച്ചു .  പിന്നീട് അയാൾക്ക്  വേണ്ടി   അവൾ ചിരിച്ചു കൊണ്ടേയിരുന്നു.  വീണ്ടുമവരുടെ ചിരികൾ   പ്രണയിച്ചു .

ഒരിക്കലും നിലയ്ക്കാത്ത  പ്രണയത്തിനും  പൊട്ടി ചിരികൾക്കുമിടയിൽ  കാലിലെ  ചങ്ങലയുടെ ഭാരമോ  പൊട്ടിയൊലിക്കുന്ന കാലിന്റെ വേദനയോ  വൈദ്യുതിയുടെ ആഘാതമോ അയാൾ അറിഞ്ഞില്ല.

*************************************************************************

















2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

'വിഡ്ഢി പ്പെണ്ണ് '
************

ഞാനൊരു  വിഡ്ഢി 
ആദ്യ കണ്ടു മുട്ടലിൽ 
ഞാനതു   പറഞ്ഞു 

എന്റെ  വിഡ്ഢിത്തം 
ഇഷ്ടമാണെന്ന്  അന്ന് 
നീ പറഞ്ഞു .


നിന്നോടുള്ള  എന്റെ 
മറുപടികൾ വിഡ്ഢിത്തം
ആയിരിക്കുമെന്നുമറിഞ്ഞിട്ടും  
നീ പലതുമെന്നൊടു 
ചോദിച്ചുകൊണ്ടേയിരുന്നു 

'വിഡ്ഢി പ്പെണ്ണ് ' നീ എന്റെ 
മറുപടികൾക്ക്  തന്ന 
പാരിതോഷികം 


ഞാനിന്നെറ്റവും 
ഇഷ്ടപ്പെടുന്ന  വാക്ക് 
നീയെനിക്ക്  കിരീടം
തന്ന പോലെ  എന്റെ 
തലയിൽ ചൂടുന്നു

******************

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച


നീർകുമിള 
********


ഉത്സവം  കാണാൻ പോയതാണ് . ആരോ ഊതി പറത്തി വിട്ട  നീർകുമിളകളിൽ   ഒരെണ്ണത്തിനുള്ളിൽ  ഞാൻ പെട്ട് പോയി . ആരാണീ  കുമിള  പറത്തി വിട്ടത്    കച്ചവടക്കാരനോ ?  നിഷ്കളങ്കനായ കുട്ടിയോ ?

          കുമിളയിലെ  വൃത്തത്തിനുള്ളിൽ നിന്നുമാണ്  പിന്നീടു  ഞാൻ ഉത്സവം കണ്ടത് .  കുമിള ആകശത്തേയ്ക്കു   പറന്നു .  വളരെ  ഉയരത്തിൽ  നിന്നും താഴെ ഭൂമിയിലെ ഉത്സവം ആ കണ്ണാടീ കൂടിനുള്ളിൽ ഇരുന്നു  ഞാൻ കണ്ടു. ഉത്സവ പറമ്പിലെ  തിരക്കുകളിലൊന്നും  പെട്ടില്ല . മഞ്ഞു കൊളളതെ   തണുത്തു വിറയ്ക്കാതെ  പ്രണയ ചൂടിനുള്ളിൽ കണ്ട  വർണ്ണ പ്രകാശങ്ങൾ നൽകിയ   ആനന്ദം അവർണ്ണനീയമാണ് 


  എത്ര നാൾ ഞാൻ ആ കുമിളയ്ക്കുള്ളിൽ ആയിരുന്നു ? വളരെ കുറച്ചു നാൾ .  അതിനുള്ളിൽ  ഇരുന്ന  എനിക്ക്  പ്രഭാത കിരണങ്ങൾ വേർതിരിച്ചു   അറിയാൻ  കഴിയാതെ പോയിരുന്നു. ഇന്ന് ഈ സമയം എന്തിനു ഈ നീർകുമിള പൊട്ടിത്തെറിച്ചു . എന്തിനു   നിശബ്ദമായ ഈ സമയത്ത്  എന്നെ പൊതിഞ്ഞിരുന്ന  പ്രണയമെന്ന കവചം പൊട്ടിച്ചു?  സൂര്യന്റെ ശോഭയിലെയ്ക്ക്  അത് യാത്ര തിരിച്ചു . 

 ഉയരത്തിൽ പറന്ന  ഞാൻ താഴെയ്യ്ക്ക് പതിച്ചത് ഉത്സവ പറമ്പ് ചുടല പറമ്പ് പോലെ  തോന്നിപ്പിയ്ക്കുന്ന സമയത്തായിരുന്നു.  ഈ തീ പാറുന്ന വെയിലത്ത്‌ ഞാൻ കുറെ അലഞ്ഞു തിരിഞ്ഞു .  സന്ധ്യക്കുള്ള തിരക്കിനായി വീണ്ടും കാത്തിരുന്നു . 

          കാത്തിരിപ്പുകൾക്കൊടുവിൽ വിഷ മഞ്ഞിൽ  നിന്ന്  മറ പിടിക്കാനും എന്റെ തണുപ്പ്  മാറ്റുവാനും  നീർകുമിള   പറന്നു വന്നില്ല . 

അല്ലെങ്കിൽ തന്നെ ഒരു നീർകുമിളയ്ക്കുള്ളിൽ അധിക കാലം പാർത്തു   ഉത്സവ കാലം കഴിക്കാം എന്നു  ചിന്തിച്ച ഞാൻ അല്ലെ വിഡ്ഢി .    അതിനു ഞാൻ അല്ലല്ലോ നീർകുമിളയ്ക്കുള്ളിൽ   കയറിയത്  അതല്ലേ എന്നെ വന്നു മൂടിയതും ഞാൻ അതിനുള്ളിൽ ആയതും.


ഈ നീർകുമിള ഊതി പറത്തി വിട്ടത് ആരാണ് ? ഉത്സവ പറമ്പിലെ കച്ചവടക്കാരനോ ?നിഷ്കളങ്കനായ കൊച്ചു കുട്ടിയോ ?



*********************************************************************************

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച


 അവൾ   ആദ്യമായി കാണുമ്പോൾ 
അയാളുടെ താടിയിൽകുറ്റിരോമങ്ങൾ,  
താടിയുടെ നീളം കൂടുംതോറും അയാളുടെ   
അരികിലേക്ക്   അവൾ പോയ്‌ കൊണ്ടിരുന്നു
അയാളാകട്ടെ  അവൾ  തൊട്ടു അശുദ്ധനാ -
കാതെയിര്ക്കുവാൻ   ഓടിപോയ്കൊണ്ടെയിരിന്നു.
രക്താംബരം  ധരിച്ച  മുനിയുടെ താടിയിൽ
 ചൊരിഞ്ഞ  നിലവിളക്കിന്റെ  വെളിച്ചം
അവളുടെ പ്രണയം ആയിരുന്നു .
മുനിക്കാകട്ടെ    തന്റെ  പരീക്ഷണ
കാലം  എന്ന് തീരുമെന്ന  ചിന്തയും
ഒടുവിൽ  മുനി തപസു   പൂർത്തിയാക്കുമോ  ?
അതോ അവളുടെ വെളിച്ചത്തിൽ
അലിഞ്ഞു ചേരുമോ?


2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

നാളെ  അനാഥയാകാതെയിരിക്കുവാൻ
കാലമേ ഞാനിന്നെന്തു  കരുതേണം
ദ്രവ്യമോ ?  പുത്ര സമ്പത്തോ ?
ഇന്നിമ്പം തരും സൌഹൃദങ്ങളോ ?

ഇന്ന്  സായാഹ്നത്തിൽ  നാളെ യാകും
മുൻപ്  വഴി പോകവേ  വീണാലും
ഞാനിന്നുമൊരു  അനാഥ തന്നെ .


നീയില്ലാത്ത ഭൂവിൽ
അനാഥയാണ് ഞാനിന്ന്

ആരുമറിയാതെ  കല്ലറയിൽ
അർപ്പിച്ച  കടലാസു  പൂക്കൾ
വായിക്കുവാൻ ആകുമോയീ
നിലാ രാത്രിയിൽ,   അകലെ
ആകാശ പൂന്തോട്ടത്തിൽ
നിന്നുമുതിർന്ന   പുഞ്ചിരിയ്ക്കായി
നീട്ടിയ കുമ്പിളിൽ നിറഞ്ഞത്  കണ്ണീരോ?

നിന്നെ പുണരുവാൻ  അതിയായി
മോഹിച്ചീ  മണ്‍ ച്ചുവരിനെ
ചുംബിച്ചു ഞാൻ.  മണ്ണേ ,
നീയെന്നിൽ അലിയൂ ശേഷം
നാഥനോട് ഒത്തെൻ  പുഞ്ചിരിയും
കണ്ണീരും ഉതിരട്ടെ വിതാനങ്ങളിൽ 

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

 എകാകിനീയ്ക്ക്  പൊട്ടു ചാർത്തിയ  മുഖ പുസ്തകം
------------------------------------------------------

സന്ധ്യക്ക്‌  തുടങ്ങും അവളുടെ ബാധ .   ചില നെരങ്ങളിൽ     ഇവിടെ വീട്ടു ഉപകരങ്ങൽക്കു  തന്നെ ബാധയെന്നു തോന്നും.

 'ആ നാല്കവലയിലെ  ബഹളം ഇതിനെക്കാൾ ഭേദം തന്നെ ' അയാൽ ചിന്തിച്ചു .

അയാൽ  ചില നേരം വേഗത്തിലും  ചില നേരം വളരെ സാവധാനത്തിലും  അവിടെയ്ക്ക് പൊയ് കൊണ്ടിരുന്നു .
നിരത്തി  വച്ച കച്ചവട സാധനങ്ങളിൽ ചിലത് അയാള്  വെറുതെ വാങ്ങി . ഇതിപ്പോൾ ആവശ്യമുണ്ടോ എന്നു പോലും ചിന്തിക്കാൻ അയാള്ക്കായില്ല

കവല പ്രസംഗികളെയും  തെരുവ് നാടകക്കാരേയും  വെറുതെ നോക്കി നിന്നു.  അവരിൽ  നിന്നു  പുതുതായി അയാള്ക്കൊന്നും  കിട്ടിയില്ല
എല്ലാം കേട്ടിട്ടുള്ളവ തന്നെ.

"പണ്ടത്തെയാത്ര  ശബ്ദ  തീഷ്ണതയില്ല  "  ആരോടെന്നിലാതെ പിറു പിറുത്തു .

ജനങ്ങൾക്ക്‌ യാതൊരു പ്രാമുഖ്യവുമില്ലാതെ  ഗ്രൂപിസങ്ങൽക്ക്  വേണ്ടിയുള്ള  ചെളി വാരിയെരിയലുകൾ  അയാൾക്ക്  അരോചകം ആയി തോന്നി . എന്തെങ്കിലും പറഞ്ഞു  പോകാത്തിരിക്കാൻ  അയാൾ  പ്ര്യതേകം ശ്രദ്ധിച്ചു. . പണ്ടു  വര്ണ  വിവേചനവും സാമ്പത്തിക  വിവേചനവും എങ്കിൽ ഇന്ന് ഏതെങ്കിലും ഒരു സങ്കടനയുടെ നേതാവ് ആണ് അവിടുത്തെ ജന്മി. ഈ നാടിലെ ജന്മിയല്ലേ ഈ മണ്ടത്തരങ്ങളൊക്കെ  പ്രസംഗി ക്കുന്നത്  തിരുത്തിയാൽ കഴുത്തു  വെട്ടാൻ  ഉത്തരവിടും. പിന്നെ തന്നെ എല്ലാവരും ചേർന്ന് സംഘടിതമായി  ആക്രമിക്കും   അയാള് അവിടെ നിന്നും  വേഗത്തിൽ നടന്നു.

കച്ചവടക്കാരും  ഉപഭോക്താക്കളും  നാടകക്കാരും പ്രസംഗകരും കേള്വിക്കാരും ഒക്കെ തിങ്ങി നിറഞ്ഞ ഈ  കവലയിൽ താൻ ഏകനായി നടക്കുന്നത് അപ്പോഴാണ്‌ അയാള് ശ്രദ്ധിച്ചത്.  ചിലര് എവിടെയോകെയോ പോകാൻ വാഹങ്ങൾ  കാത്തു  നിൽക്കുന്നവർ. ചിലര് എവിടെയോകെയോ പോയിട്ട് വാഹങ്ങളിൽ നിന്നും വന്നിറ ങ്ങുന്നവർ .  തനിക്കു എങ്ങോട്ടും  പോകേണ്ടതില്ല  ഇവിടെ തന്നെ നില്ക്കേണം.പക്ഷെ ഈ ബഹളം. അത് അയാള്ക്ക് സഹിച്ചു കൂടാ .

വീട്ടിലെയ്ക്ക് തരിച്ചു പോയാലോ? പലവട്ടം തരിച്ചു പോയതാണ് . പക്ഷേ വീണ്ടും വീട്ടിലെ ബാധ തുള്ളുമ്പോൾ  ഈ നാല്കവലയിലെ  ബഹളത്തിലേയ്ക്ക് താൻ   വന്നു പോകുന്നു.

'ഇന്ന് എന്തായാലും തിരിച്ചു പോകില്ല' അയാള് തീരുമാനിച്ചു .

നാല്കവലയോട്  ചേര്ന്നുള്ള  വായനശാലയിൽ കയറി എന്തൊകെയോ വായിച്ചു. വലിയ പണ്ഡിതനായ തനിക്കു പുതിയതയിട്ടൊന്നും അവിടെ നിന്നും കിട്ടിയില്ല . നാട്ടിലെ  കുറച്ചു സാഹിത്യകാരന്മാർ  കൂടി നിന്ന് സംസാരിക്കുന്നിടത്ത് അയാൾക്ക്‌  അല്പം  ആശ്വാസം തോന്നി. ചർച്ചയുടെ  അവസാനം. സാഹിത്യകാരന്മാർ സംഘ ടിതമായി അയാളെ ആക്രമിച്ചു  ഓടിച്ചു.


മഴക്കാറ്  കൊണ്ടാണോ കറുത്ത വാവ് കൊണ്ടാണോ എന്ന് അറിയില്ല  ആ നാല്കവല നേരത്തെ നിശബ്ദമായി. അയാൾക്ക്‌ ആശ്വാസം തോന്നി . ആ നിശബ്ദതയിൽ   ആരെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു.

അയാൾ  നാല് വശത്തേയ്ക്കും നോക്കി ആരെയും കണ്ടെത്തിയില്ല .  രാഷ്ട്രീയക്കാർ ഉപേക്ഷിച്ചു പോയ  മൈക്ക് അയാൾ  എടുത്തു. തൊട്ടു മുൻപ് തന്നെ ആക്രമിച്ച സാഹിത്യകാരന്മാരെ ശബ്ദത്തിലൂടെ  ആക്രമിക്കാൻ ശ്രമിച്ചു . എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക്  പൊയികഴിഞ്ഞിരുന്നു  അയാളുടെ ഘനമേറിയ ശബ്ദം നിശബ്ധതയിൽ ബഹുദൂരം സഞ്ചരിച്ചു  അയാളിലേയ്ക്ക് തന്നെ തിരിച്ചു വന്നു. . തന്റെ ശബ്ദം ആരും കേൾക്കനില്ലതതോർത്തു അയാള്ക്ക് കരച്ചിൽ വന്നു.

"ആരെങ്കിലും ഉണ്ടോ ഇവിടെ ?  ആരെങ്കിലും എൻറെ ശബ്ദം കേള്ക്കുന്നുണ്ടോ?. ഞാൻ ഇവിടെ ഏകൻ  ആണ്  ആരെങ്കിലും എന്നെ ശ്രവിയ്കുവാൻ വരുമോ?"

അയാൾ  ഉച്ചത്തിൽ  വിളിച്ചു  ചോദിച്ചു .

"ഞാൻ മാത്രമേ ഇവിടെയുള്ളൂ . എനിക്കാനെങ്കിൽ  നിങ്ങൾ പറയുനതൊന്നും  മനസിലാകുന്നില്ല "

അയാള്  ഇരുട്ടിലേയ്ക്കു ചെവിയോര്ത്. വളരെ നേർത്ത  ശബ്ദം . ഈ പാതി രാത്രിയിൽ  കിളി ചിലയ്ക്കുകയോ ? അയാൾ   ശ്രദ്ധിച്ചു .

ഇല്ല വെറും തോന്നൽ

" നീ എന്നെ കേൾക്കുന്നുണ്ടോ ?" അയാൾ  അൽപം   ശബ്ദം ഉയരത്തി  വീണ്ടും ചോദിച്ചു

"അതേയ് ഞാൻ കേൾക്കുന്നു "  അകലെ ആയിരുന്ന കിളി നാദം ഇപ്പോൾ കുറച്ചടുത്തായി  കേട്ടു  .

"നീ മാത്രം ഇതു  വരെയും വീട്ടിലേയ്ക്ക് പോയില്ലേ ?"

"ഇല്ല.  നിങ്ങൾ  എന്താണ് പോകാത്തത് ?"

"വീട്ടിൽ  ബാധയാണ് . അവിടെ കൂടിയ ബാധ ഒഴിപ്പിക്കാൻ എന്നെ കൊണ്ടാകില്ല . തനിയെ ഒഴിയുനന്തു വരെ ഞാനീ കവലയിൽ സമയം ചിലവഴിക്കും.. നീ പെണ്ണല്ലേ .  ഈ പാതി രാത്രിയിൽ ഈ കവലയിൽ ഇങ്ങനെ ആയിര്ക്കുന്നത് ശെരിയാണോ? സുരക്ഷിതമാണോ?"


"ഈ കവലയിലെ ശബ്ദ കോലാഹലങ്ങൾ എനിക്കിഷ്ടമാണ്. അകലെ ഒരു ആളൊഴിഞ്ഞ കോണില ഞാൻ ഏകയായി താമസിക്കുന്നു   ആരും അവിടെയ്ക്ക് വരില്ല ഞാൻ എന്നും ഇവിടെയ്ക്ക് വരും.അവസാനത്തെ ആൾ പോകുന്നത് വരെയും ഞാൻ ഇവിടെ തന്നെ കാണും.  എനിക്കീ ശബ്ദ കോലാഹലങ്ങൾ  ഇഷ്ടമാണ് എല്ലാ നാടകങ്ങളും കാണും. എല്ലാ പ്രസങ്ങളും ശ്രദ്ധിക്കും .  പക്ഷെ ഇത് വരെയും ആരും ഇങ്ങനെ വിളിച്ചു ചോദിച്ചിട്ടില്ല എൻറെ  പ്രസംഗം ആരെങ്കിലും കേൾക്കുന്നുണ്ടോയെന്നു "


അയാൾക്ക്  ചിരി വന്നു . അവളുടെ ശബ്ദം കിളിയുടെ നാദ ത്തേ ക്കാൾ  സുന്ദരമെന്നു  തോന്നി . അയാൾ നേരത്തെ    ഒരാവശ്യവുമില്ലാതെ വാങ്ങിയ ചാന്തു  പൊട്ടു അവളുടെ നെറ്റിയിൽ തൊട്ടു . അന്ന് കറുത്ത വാവ് ആയത് കൊണ്ടായിര്ക്കം. നിലാ ചന്ദ്രൻ  പോലും  അവളുടെ നെറ്റിയിൽ  ചാർത്തിയ  പൊട്ടിന്റെ   നിറം കണ്ടില്ല .

വീട്ടിലെ ബാധ സ്വയം  ഒഴിഞ്ഞു പെണ്ണ് കാത്തിരുന്നു .  നാല്കവലയിലെ ബഹളം കാണാൻ പോയ്‌  തിരിച്ചു വരാറുള്ള പ്രിയ തമൻ അന്ന് വന്നില്ല .

അങ്ങകലെ  ഒഴിഞ്ഞ കോണിലെ ഏകാകിയ്ക്ക് അയാൾ  കൂട്ടായി  എന്ന് പെണ്ണ് അറിഞ്ഞപ്പോൾ അവളിൽ  ബാധ ഇല്ലായിരുന്നു . ബാധയില്ലാത്ത പെണ്ണിനെ സഹായിക്കാൻ  നാട്ടുകാരും കൂട്ടുകാരും കോടതിയും .


വീട്ടിൽ  നിന്നും ഒഴിഞ്ഞ ബാധ നാൾ കവലയിൽ കുറെ ചുറ്റി സഞ്ചരിച്ചു . അവിടുത്തെ കോലാഹലങ്ങളിൽ മടുത്തു  അങ്ങകലെ കോണിലേയ്ക്കു സഞ്ചരിച്ചു . ഇടയ്ക്കൊരിടത്തു  ബാധ ഒഴിഞ്ഞ പെണ്ണിനെ ഓർത്തു  ദുഖിക്കുന്ന  അയാളെ  ഈ ബാധ കണ്ടു.

ഇപ്പോൽ  അങ്ങകലെ കോണിലെ പെണ്ണ് ബാധ പേടിച്ചു ഇപ്പോൾ നാൽകവലയിൽ  വീണ്ടും കറങ്ങി നടക്കുന്നത്രേ

                  ---------------------------------------------------------------------------

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ഞാൻ കാവൽക്കാരൻ
-------------------------------


അവിടെ ഞാൻ കുറ്റം തെളിയിക്കാനായി വേഷം കെട്ടി


ഇവിടെ  ഒരുവൻറെ  കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ
കാവൽക്കാരന്  യോജിക്കാത്ത വേഷം കെട്ടുന്നു ഞാൻ

ഇവിടെ ഒരുവൻറെ  കുറ്റം തെളിയ്ക്കാൻ
മൃഗീയമായി  ശിക്ഷിക്കുന്നു  ഞാൻ


അവിടെ   കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ
മാത്രം  ഞാൻ ശിക്ഷിക്കുന്നു . പിന്നെയൊരിക്കലുമവനു
തെറ്റ് പറ്റാറില്ല . ഞാൻ അവിടെയ്ക്ക്  പോകുന്നു .

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച


നീയെനിക്കാരിന്ന് ? മിത്രമല്ല 
തീർച്ച ;  ഞാൻ പരാജിത.. 
നീയതറിഞ്ഞിട്ടുമെന്നെ പിമ്പിലും   
മുമ്പിലും ആക്രമിക്കുന്നതെന്തിനു 
കൂർത്ത  മുള്ളുകളാൽ ? 

ശത്രുവെങ്കിൽ  ഇനിയു-
മേന്തിനെന്നോട്‌  യുദ്ധം ?

ഓ  ! ഒരു വാക്കിൽ  പോലും 
അടിമയെങ്കിൽ പിന്നെയെന്തുമാകാം .
മറന്നു പോയ്‌ ഞാൻ  , ക്ഷമിക്കുക 


തൃപ്തിയാവോളം  ഭുജിക്ക നീ-
യെൻറെ  മുറിവേറ്റ ഹൃദയം ;

മട്ടോളം  ഊറ്റി  കുടിക്ക
താപം മാറാത്ത നിണം 

പിന്നീടുറങ്ങുക  നീ തൃപ്തനായി .


**********************************

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

 ഞൊറിയഞ്ചിട്ട  മുറ്റത്തെ പൂവിൻ
ഒരിതളിൽ കൂട് വച്ച കുഞ്ഞുറുമ്പേ
വേദനിപ്പിക്കാതെ നീ നിൻറെ  രസത്താൽ
വാടി  പോകുമീ കുഞ്ഞു ദളം
താങ്ങുവാനാകാത്ത ദു :ഖത്താൽ 

-------------------------------------------------------


വഴക്കിട്ടതെന്തിനാ  ?
പിണങ്ങാനറിയില്ലെങ്കിൽ
വഴക്കിടാനാകില്ലെങ്കിലും
പിണക്കമാണ് നിന്നോട് 

---------------------------------------------------------                                                         

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

പൊന്മുടിയുടെ താഴ്വാരം

വാനത്തെ തൊടുമാ മാമലയിൻ
ചെറു പൈതലായി പിറന്നു
കളകളമൊഴുകി  കുണുങ്ങി കുണുങ്ങി
പുഞ്ചിരി പൊഴിക്കും   നിനക്ക്
തേൻ  വയമ്പ് തന്നതാരാണ് ?

ഊഞ്ഞാലാട്ടും  ചെറു കാറ്റോ
ഈണത്തിൽ   പാടും കുയിലുകളോ ?

ശിലയാൽ മടിത്തട്ടൊരുക്കി
ക്കാത്തിരുന്ന  നിൻറെ  തറവാട്ടു
മുറ്റവും  വിട്ടു കൌമാരത്തിൻ സഖിയാം
ചിറ്റാറിനോടൊപ്പം കാട്ടിലൂടൊഴുകി
യെത്തി  കാത്തിരിക്കുന്നതാരെ  നാണത്തിൽ
മറയ്ക്കും നിറഞ്ഞ ഹൃദയവുമായി 

തരു കൂട്ടത്തിൻ മറ പറ്റി  നിന്നധരം
നുകരുമീ താഴ്വാരത്തെ പ്രണയിക്കയോ ?

ഋതുക്കളിൽ  വീഞ്ഞായി  പതയട്ടെ
പിറക്കട്ടെ  നിൻ പൈതങ്ങളീ താഴ്വാരത്തിൽ

പ്രഭാതത്തിൽ വിടർന്ന  പൂവുപോൽ
ചിരിക്കും നദിയെ വരിച്ചല്ലോ

 നേരുന്നു സർവ്വ മംഗളങ്ങളും
ഞാനിന്നേരം താഴ്വാരമേ നിനക്ക്

-----------------------------------------------------




2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഇപ്പോൾ ഞാനും  സാമിയും മാത്രമാണിവിടെ . സാമിയുടെ  തേജസുള്ള  കണ്ണുകളിലേയ്ക്ക്  ഞാൻ വീണ്ടും നോക്കി. സാമി എന്നെ വലിച്ചടിപ്പിക്കുമോ  എന്ന് ഭയപ്പെട്ടു .  പെട്ടന്നദേഹം  അകത്തെ മുറിയിലേയ്ക്ക് പോയി തിരിച്ചു വന്നു . കയ്യിൽ  ഒരു ഡയറി .

" നോക്കൂ , നീ കഥയായി കവിതയായി  പണ്ടൊരിക്കൽ എൻറെയുള്ളിൽ  ഉണ്ടായിരിന്നിരിക്കണം . ഇല്ലെങ്കിൽ ഞാനെന്തിനു ഈ ഡയറിയെ കുറിച്ചിപ്പോൾ ഓർക്കേണം ?"


 ആ ഡയറി വാങ്ങി പേജുകൾ മറിച്ചു  നോക്കി ; നിറയെ വെളിച്ചം വിതറും   കഥകൾ . ഒരു കഥ ഞാനിവിടെ പറയട്ടെ. ആത്മീയ ഉൾക്കണ്ണ്‍  കൊണ്ട് വായിച്ചോളൂ .


1975 ആഗസ്റ്റ്‌ മാസം 17  - ആം  തീയതി സാമി എഴുതിയത് 



                                                       ഭാരം
                                                       ******


"ഹെയ്  ഹെയ് "

വണ്ടി നീങ്ങി കൊണ്ടിരുന്നു . കാളകൾ വലിക്കാൻ നന്നേ പാട് പെടുന്നുണ്ട് . വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വണ്ടി കുലുങ്ങിത്തെറിച്ചു . അയാൾക്ക്‌ ദേഷ്യം വന്നു. കാളകളെ ആഞ്ഞടിച്ചു .


"ഹെയ് ,ഹെയ് "

ഈ വഴിക്ക് വരണ്ടായിരുന്നു . മറ്റെ  വഴി കുറെ കൂടി ഭേദമായിരുന്നു .അയാൾ  അങ്ങകലെ  ലക്ഷ്യം  മനസിൽ കണ്ടു .

പക്ഷേ  അയാൾക്ക്‌  ഇതിലെ പൊയ്കൊള്ളേണമെന്നു നിർബന്ധം  നിവൃത്തിയില്ല . വണ്ടി അയാളുടെതല്ലേ .

അയാൾ  കടിഞ്ഞാണിലേയ്ക്കു  നോക്കി . ഇതെൻറെ  കയ്യിൽ തന്നെയാണോ?
സത്യത്തിൽ അല്ല .

എന്നെങ്കിലും ഈ വണ്ടി സ്വന്തമാക്കേണം . ഇതിൽ നിന്നും മോചനം നേടണം .

വണ്ടി കുലുങ്ങിത്തെറിച്ചു .

ക്രോധത്തോടെ  കാളകളെ അടിച്ചു .

ഈ നിലയ്ക്കാണെങ്കിൽ അവിടെയെത്തുമ്പോൾ പുര മാത്രമേ കാണൂ .

പിന്നെന്തിനിതെല്ലാം 

മറ്റെ  വഴിക്കൂ  പോയെങ്കിൽ ഭേദമായിരുന്നു . അതിനു ഈ വണ്ടി സ്വന്തമാക്കേണം . സ്വന്തമാക്കും .

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചപ്പോൾ  അയാൾ  തിരിഞ്ഞുള്ളിലെയ്ക്ക്  നോക്കി , ഗോതമ്പ് ചാക്കുകളിലേയ്ക്ക് . വല്ലതും ചോർന്നു  തുടങ്ങിയോ ? 

എത്ര ചാക്കുകളാണ് . ഇതിൻറെ  എണ്ണം കുറഞ്ഞിരുന്നെങ്കിൽ തന്നെ നന്നായിരുന്നു . 

പിന്നിലെ ചാക്കിൽ  നിന്നുതിർന്നു  വീഴുന്ന ഗോതമ്പ് മണികളെ  നോക്കി അയാൾ ചിരിച്ചു .

' പിന്നെ ഇത്രയധികം ഭാരവും തന്നിങ്ങനത്തെ  വഴിയിലൂടെ പറഞ്ഞയച്ചാൽ ചോരാതിരിക്കുമോ?


 ഈ ചാക്കുകൾ മുഴുവൻ വഴിയിൽ പലയിടങ്ങളിലായി ഏൽപ്പിച്ചു  കൊടുക്കേണ്ടതാണ് .

അതെ , ഇതിൽ നിന്നും  ഞാനത് മുതലാക്കും . എന്നിട്ടീ വണ്ടി സ്വന്തമാക്കി സുഖിക്കും . 


"അയ്യോ "

പുറത്തു മറിഞ്ഞു വീണ ഗോതമ്പ്  ചാകിനിടയിൽ നിന്നും  കുടഞ്ഞു പുറത്തേയ്ക്ക് വന്നു .

കഷ്ടം !
പിന്നിൽ ചാക്കുകളൂർന്നു  വീഴുന്ന ശബ്ദം കേട്ട്  വണ്ടി നിർത്തി  പിന്നിലേയ്ക്ക് ചെന്നു .

നിലത്തു വീണ ചാക്കുകൾ താങ്ങി  അകത്തേയ്ക്ക് വച്ചു .

 ഈ ചാക്കുകൾ വീണിടത്ത് തന്നെ കിടന്നോട്ടേ എന്ന് കരുതിയാൽ മതിയായിരുന്നു. പക്ഷേ  അവ പല സ്ഥലങ്ങളിലും കൊടുക്കാനുള്ളതും അതിൽ നിന്നെനിക്ക് മുതലാക്കനുമുള്ളതുമാണ് .


അത് കൊണ്ടവ  എനിക്കാവശ്യമുള്ളവയാണ്. ആവശ്യമാണെങ്കിലും  ചാക്കുകളെ വെറുപ്പോടെ നോക്കി ..ഉറ്റു നോക്കി . അവയോടു സ്നേഹം തോന്നി . 

ഒരു വീടിനു മുൻപിൽ വണ്ടി നിർത്തി നാലഞ്ചു  ചാക്കുകൾ അവിടെ കൊണ്ടു  പോയി കൊടുത്തു  തിരിച്ചു  വന്നു.

വണ്ടിയിൽ കയറിയിരുന്നു . കൈയ്യിലെ കാശിലേയ്ക്ക് നോക്കി . കുറച്ചു കാശതിൽ  നിന്നും മാറ്റി വച്ചു . വീണ്ടും എണ്ണി  നോക്കി .  മാറ്റി വച്ചതിൽ ഒരു ഭാഗം ബെൽറ്റിനുള്ളിലും  ഒരു ഭാഗം പൊതിയിലും വച്ചു .

 ചിരിച്ചു .

അതെ,  ഇത് തുടരും . ഞാനിത്  സ്വന്തമാക്കും . ഇതിൽ നിന്നും മോചനം നേടും.

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചു .

അയാൾ ചിരിച്ചു .

വണ്ടിയുടെ ചക്രങ്ങൾ മുന്നോട്ടു ഉരുണ്ടു കൊണ്ടിരുന്നു.

----------------------------------------------------------------------------------



2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

കറുപ്പായി

"ഇനിയെങ്കിലും ഇതിനു ഒരു ശാശ്വത പരിഹാരം കാണേണം " റെസിഡൻസ്  അസോസിയേഷൻ  പ്രസിഡണ്ട്‌ ആവർത്തിച്ചു പറഞ്ഞു .

" മുപ്പതു  വർഷത്തിൽ കൂടുതലായി  ഈ പൊതു പൈപ്പ് ഇവിടെ സ്ഥാപിച്ചിട്ട്. . ഇത് കുടി വെള്ളത്തിനായുള്ള ടാപ്പ് ആണ് ഇവിടെ കുളിക്കുകയും നനയ്ക്കുകയും ചെയ്യുന്നതു  കുറ്റകരമാണ്  . നമ്മുടെ അസോസിയേഷൻ പരിധിയിൽ വരുന്ന ഏകദേശം വീടുകളിലും പൈപ്പ് ഉണ്ടല്ലോ .  . ഒരു കുടുംബക്കാർക്ക്‌ കുളിക്കാൻ വേണ്ടി മാത്രം  എന്തിനീ പൊതു ടാപ്പ് .  നിവേദനം തയ്യാറാക്കി ഒപ്പിട്ടു കൊടുത്താൽ മതി. അധികാരികൾ  ഇത് പൂട്ടി കോളും ."  പ്രസിഡണ്ട്‌ തന്നെ വഴിയും പറഞ്ഞു കൊടുത്തു

 "ഓ നിങ്ങള് കൊറേ പൂട്ടിക്കും " ലച്ചുമി  അസോസിയേഷൻകാരുമായി  എന്നും വഴക്കാണ്.

ലച്ചുമിയും  അവളുടെ തൊണ്ണൂറു  വയസുള്ള അമ്മയും. മകൾ കറുപ്പായിയും   മാത്ര മാണ്  ഇപ്പോൾ ഈ ടാപ്പ് ഉപയോഗിക്കുന്നത് .

ലച്ചുമിയെ  നാക്ക് കൊണ്ട് തോൽപ്പിക്കാൻ  ആർക്കുമാകില്ല . കീഴ് ജാതിക്കാരിയെ പീഡിപ്പിചെന്നു  വരാതിരിക്കാൻ  അസോസിയേഷൻ ആണുങ്ങൾ അവരുടെ വീട്ടിലെ പെണ്ണുങ്ങളെ ആണ് ലച്ചുമിക്കെതിരെ  ഇറക്കിയിരുന്നത് .

ലച്ചുമിയല്ലേ  ആള് .. വരുന്ന  പെണ്ണുങ്ങളുടെ  ജാതി നോക്കി  വേറെ ജാതിയിലെ  ജാരനെ ഉണ്ടാക്കി ഉറക്കെ വിളിച്ചു കൂവും.  വർഷങ്ങളായി  ഒട്ടും മൂർച്ച  കുറയാതെ  ലച്ചു്മി  കാത്തു സൂക്ഷിക്കുന്ന ഒരേയൊരു ആയുധം.  വഴക്കു  കൂടുമ്പോൾ മാത്രമേ ലച്ചുമിയ്ക്ക് ജാതി ചിന്ത വരുകയുള്ളു എന്നുള്ളത് എല്ലാവർക്കും  അറിയാവുന്നതാണ്.


       ഇന്ന് നഗരമായി കാണുന്ന ഈ മണ്ണില്ലാത്ത തറ  പണ്ട് ഗ്രാമം ആയിരുന്നു. ഒരു കുഗ്രാമം .  ഈ അസോസിയേഷൻ  പരിധിയ്ക്ക് വരുന്നതെല്ലാം അന്ന് വേടർ  കുടി ആയിരുന്നു.  കോർപറേഷൻറെ ഔദ്യോഗിക  അഴുക്കു  ചാലായ  ഈ  ചാനൽ  അന്ന് നീരൊഴുക്കുള്ള   താവക്കൽ  നദി ആയിരുന്നു . ശുദ്ധമായ പളുങ്കു  നദി. . അന്ന്  ലച്ചുമിയുടെ  അമ്മ ചെല്ലത്തായും  കണവനും  താവക്കൽ  ആറിനു  അക്കരെ  ഒത്തിരി ദൂരം നടന്ന്  മണലി വനത്തിൽ ചെന്ന്  ഈറ്റ  വെട്ടി  തിരിച്ചു  വരുമ്പോൾ   ഇവിടെ മതിയാകുവോളം നീന്തി കുളിക്കും. താവക്കൽ  ആറിലെ വെള്ളം തന്നെയാണ് ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നത് . ലച്ചുമിയും  ചെറിയ പ്രായത്തിൽ അവിടെ കുളിച്ചിട്ടുണ്ട് .


           പെണ്ണ് പ്രായം  അറിയിച്ചപ്പോൾ  ചതപ്പിലെ   വേട  ചെറുമൻറെ  കൂടെ കെട്ടിച്ചയച്ചു . പരിഷ്കാരിയായി  റോഡിൻറെ  പണിയ്ക്ക് പോയ്കൊണ്ടിരുന്ന  ചെറുമനോട് ആരോ സ്ത്രീധനമെന്ന മഹത് കർമ്മം  വിട്ടു പോയ കാര്യം  ഓർമ്മിപ്പിച്ചു . സ്ത്രീധനമെന്ന ധർമ്മം  അനുഷ്ടിക്കാതെ  തന്നെ ശാപത്തിലാക്കിയെന്നു  വേട  ചെറുമൻ  തിരിച്ചറിഞ്ഞു . ലച്ചുമി തവക്കലിൻറെ  തീരത്തുള്ള തൻറെ  കുടിയിലേക്ക് തിരിച്ചു പോന്നു .  വയറ്റിലൊരു ഭ്രൂണവും -' കറുപ്പായി '. ചെല്ലത്തായിയുടെ കണവൻ  രോഗിയായി മരിച്ചു .

കാലം ഗ്രാമത്തെ വികസന പാതയിലേയ്ക്കു നയിച്ച്‌ കൊണ്ടിരുന്നു . തലമുറകൾ പരിഷ്കാരികൾ ആയി . പരിഷ്കാരികളായ വേട  ചെറുക്കന്മാർ   സ്വയം ജന്മിമാർ ആയി സവർണ്ണ  പെണ്ണുങ്ങളെ കട്ടെടുത്തു കെട്ടിലമ്മമാരാക്കി .

കുടികൾ  കോണ്ക്രീറ്റ് കൊട്ടാരങ്ങൾ ആയി . മതിൽ  കെട്ടുകളെ ഭേദിച്ചിരുന്നത്  റെസിഡൻസ്  അസോസിയേഷൻ മാത്രം.. നദിയോരത്തിൽ  പത്തോളം ഫാക്ടറികൾ, കമ്പനികൾ  എല്ലാവർക്കും  തൊഴിലുകൾ.


   മാറ്റമില്ലാതിരുന്നതു  ചെല്ലത്തായിയ്ക്കും കുടുംബത്തിനും മാത്രം.  തൻറെ  വേട  കുടി പോലും മാറ്റാൻ  അവർക്ക്  കഴിഞ്ഞില്ല . ലച്ചുമി അസൂയ മൂത്ത്  അയൽക്കരോടൊക്കെ  വഴക്കിനു ചെന്നു .



എന്നാൽ 'കറുപ്പായി ' നിശബ്ദമായി വളർന്നു . അവൾ കുളിക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും  കൂട്ടിരുന്നു . പുസ്തകങ്ങള വായിച്ചു വായിച്ചു നേരം വെളുക്കുന്നത്‌ അറിയാറെയില്ല . അകലെ കൊളേജിലെയ്ക്കുള്ള യാത്രക്കിടയിൽ ഉറക്കം .അവൾ ബിരുദങ്ങൾ സമ്പാദിച്ചു കൊണ്ടേയിരുന്നു . സംവരണവും സ്റ്റൈഫെന്റും  അവൾക്കു സഹായമായി.

   കറുപ്പായി അറിവുള്ളവൾ  ആയി എങ്കിലും സാമ്പത്തികമായി മെച്ചത്തിലല്ല  ജോലി പിന്നെയും ഒത്തിരി അകലെയാണ്.


ഇന്നും പതിവ് പോലെ അസോസിയേഷനും അമ്മയും വഴക്ക് തന്നെ . കറുപ്പായി അമ്മയെ വിളിച്ചു .

"അമ്മെ നമ്മൾ ചെയ്യുന്നത് തെറ്റാണ് . ഇത് കുടി വെള്ളമാണ്, ഇവിടെ കുളിക്കുന്നതും നന്യ്ക്കുന്നതും കുറ്റകരമാണ്. അമ്മ എന്തിനു അവരോടു വഴക്കിടണം .  പറ്റുമെങ്കിൽ ക്ഷമ ചോദിക്കൂ  "
   
     വിദ്യാഭ്യാസമുള്ള മകൾ,  അവൾ ഇത് വരെയും ഒന്നിലും അഭിപ്രായം പറഞ്ഞിട്ടില്ല.   ഇതിൽ എന്തെങ്കിലും കാര്യം കാണും. ലച്ചുമി തല കുലുക്കി സമ്മതിച്ചു .


    കറുപ്പായി അന്ന് രാത്രി ഉറങ്ങിയില്ല . പത്തോളം എഴുത്തുകൾ എഴുതി . ഓരോ ഡിപ്പാർട്ട്മെന്റുകളുടെയും മേൽവിലാസം  പുറം കവറുകളിൽ എഴുതി.  പിന്നെയും കുറെ നാളുകൾ  തൻറെ  അമ്മയുടെ പ്രായശ്ചിത്തത്തിനു വേണ്ടി കയറിയിറങ്ങി.


      അത്യുന്നത നീതി പീ0ത്തിൻറെ   വിധിയാണ് ലംഘിച്ചു  കൂടാ .

 ഓരോ മതിൽ  കെട്ടിൻറെ  മുമ്പിലും ഭിക്ഷ ചോദിച്ചു നിൽക്കുന്ന  സർക്കാരിനെ നോക്കി കറുപ്പായി പുച്ച്ചത്തോടെ  ചിരിച്ചു . പൊന്മുടിയുടെ ഉറവ മുതൽ പാലോട് വരെയുള്ള   താവയ്ക്കൽ  ഉൾപ്പെടുന്ന വാമ നാപുരം നദി വൃത്തിയാക്കി എടുക്കാൻ എത്ര കോടി രൂപ വേണ്ടി വരും? എത്രയോ വർഷങ്ങളായുള്ള  മാലിന്യം നീക്കിയെടുക്കണം.


"രാജ്യത്തിലെ ഓരോ പൌരനേയും സംരക്ഷിക്കേണ്ടത് സർക്കാരിൻറെ  ഉത്തര വാദിത്തം  ആണ്."   വിധി യിൽ പറയുന്നു

 "നദിയും മലയും   കുളവും ഒക്കെ സംരക്ഷിക്കേണ്ടത്  അവിടത്തെ ഭരണ കൂടം ആണെന്ന് വീണ്ടും പഠിപ്പിക്കേണ്ടി വരുന്നത് ലജ്ജാകരം തന്നെ"   ജഡ്ജിയുടെ രൂക്ഷ വിമർശനം .


കറുപ്പായിയ്ക്ക്  കുളിക്കാനും നനക്കാനും വേണ്ടി മാത്രം  പത്തോളം ഫാക്ടറികൾ പൂട്ടി . പല കമ്പനികളും നാട് വിട്ടു.

 വളി  വിടുന്ന നാറ്റം പോലും ആരും അറിയാതിരിക്കാൻ നദിയിലേയ്ക്ക് ഒഴുക്കി വിട്ടിരുന്ന ജന്മിമാരുടെ ഗുദം വളി വിടാൻ പേടിച്ചു.

 മോഡേൻ  കക്കൂസുകളിലെ  വിസർജ്യം  നദിയിലേക്കൊഴിക്കിയാൽ അറസ്റ്റ് .

തൂറാൻ പറ്റാതെ  കെട്ടിലമ്മമാർ മരത്തിൻറെ  മറ തേടി ഓടുന്നത് കണ്ടു കറുപ്പായി ചിരിച്ചു .

 'നിൻറെ  നഗ്നത മറയ്ക്കാൻ മരമോ നിൻറെ മാലിന്യം തിന്നാൻ മരത്തിൻറെ  വേരുകളോ  ഇന്നില്ല '



                 ------------------------------------------------------------













അറിയുന്നീ  കാറ്റിൽ ഭൂതത്തിൻ
നന്മകൾ  കത്തിയെരിയുന്ന
ഗന്ധവും നീറ്റുന്നു മനമിതിൽ;
പുറകിലെ പച്ചകൾ കത്തിയെരിയുന്ന
കണ്‍പാർത്തു  ഉപ്പു തൂണായി
ഭവിച്ചു.  കണ്ണീരിൻ ഉപ്പു  കുടിച്ചു
മരിക്കാതെ  നീന്തുന്നീ ചാവു  കടലിൽ ,
പൊങ്ങി കിടക്കുന്നീ  ഉൾക്കരുത്തില്ലാ
ജീവിതം, എങ്ങുമേ  തങ്ങാത്ത  ജീവിതം .

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

മിഴിയോരം

 മിഴിയോരം
-----------------

'ഞാൻ എങ്ങോട്ടെന്നില്ലാതെ  പോകും  അതായിരിക്കേണം നീ എനിക്കായി  വച്ചിട്ടുള്ള  വഴി '
മറ്റൊന്നും അവൾക്കു  ദൈവത്തോട്  പറയാനില്ലായിരുന്നു .

 ഫീസ്  അടയക്കാനുള്ള   കാശ്  മാത്രമാണ്  കയ്യിൽ  ഉള്ളത് . ഇനി  പരീക്ഷ ഫീസ്‌  അടയ്ക്കേണ്ട  കാര്യമില്ല . ഒന്നും  പഠിക്കാൻ കഴിയാത്ത  ഈ നരകത്തിൽ ഇനി ഒരു നിമിഷം താമസിക്കാൻ വയ്യ
അതി രാവിലെ ഗ്രാമം വിട്ടു . നഗരത്തിൽ  ചുറ്റിത്തിരിഞ്ഞു .

"എവിടേയ്ക്കാ ?"  ആരോ  ചോദിച്ചു .

"ടെസ്റ്റിനു "

"എവിടെയാ ?

"കൊല്ലത്ത് "

 'ഓ ! പിഴച്ച പെണ്ണാണെന്ന്  ഇനിയിവർക്കു  സംശയമായിരിക്കും
അതെ  പിഴച്ച പെണ്ണാകാൻ  തന്നെയാണ്  പുറപ്പാടു . എനിക്ക്  പിഴച്ച പെണ്ണാകേണം .അമ്മ എന്തിനാണ്  എപ്പോഴും എൻറെ  നെഞ്ച്  കീറി  ഭേദ്യം  ചെയ്യുന്നത് ?'--മനസിൽ വാഗ്വാദങ്ങൾ  നടത്തി .


ഇനി ഒരു നിമിഷം പോലും ഈ  വീട്ടിൽ  പറ്റില്ല എന്ന് തോന്നിയപ്പോളാണ്  അവൾ ഇറങ്ങി തിരിച്ചത് .

ബസ്‌ സ്റ്റാൻഡി ലെ  വിശ്രമ മന്ദിരത്തിൽ കുറെ നേരമിരുന്നു .രണ്ടു രൂപ  കൊടുത്തു ഒരു ദിന പത്രം വാങ്ങി .

മക്കൾ അമേരിക്കയിൽ  ഉള്ള  അമ്മച്ചിയെ നോക്കാൻ ആളെ ആവശ്യമുണ്ട് .
ഇത്തരം  പത്ര  പരസ്യങ്ങൾക്ക്  പിന്നിൽ ചതിയാണ് ഒളിഞ്ഞിരിക്കുന്നത് .

'എനിക്ക് ചതിക്കപ്പെടെണം . ആണുങ്ങളോട് സംസാരിച്ചാൽ പോലും ചതിക്കപ്പെടും എന്ന് പറഞ്ഞു ഉപദ്രവിച്ച്  ഉപ്പു രസം കുടിപ്പിച്ച അമ്മയ്ക്ക് ചതി എന്താണെന്ന് എൻറെ  ജീവിതത്തിലൂടെ കാണിച്ചു കൊടുക്കും '

 അവൾ പത്രം വീണ്ടും മറിച്ചു  നോക്കി . ആദ്യം പിടിച്ചിട്ടിരുന്ന ബസിൽ കയറി .
നൂറ്റൻപതു  രൂപാ  കൊടുത്തു ടിക്കറ്റ്‌ എടുത്തു . വേഗത്തിൽ മറയുന്ന കോലങ്ങൾ അവളെ നോക്കി കൊഞ്ഞനം കുത്തി . സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരഞ്ഞു. വാഹനത്തിൻറെ  ചീറലിൽ  കരച്ചിലിൻറെ  ശബ്ദം കാറ്റ് കൊണ്ട് പോയി .

ആകാശം  കുളിക്കാൻ  മഞ്ഞൾ  തേയ്ക്കുന്ന  നേരമാണ്  ചതിയ്ക്ക് വേണ്ടി ദാഹിച്ചു മീനച്ചിലാറിൻറെ തീരത്ത്  അവൾ ചെന്നിറങ്ങുന്നത് .

'ഞാനൊരു വേശ്യ ആകാൻ പോകയാണ് . ലോകമേ  , നീയെന്നെ അങ്ങനെ വിളിച്ചോളൂ   സാരമില്ല . പ്രായത്തിലും താങ്ങാൻ കഴിയുന്നതിലപ്പുറം   ദുഖ : ഭാരങ്ങളിനിയില്ല . നിങ്ങൾ പറയുന്ന വാക്കുകൾ ഇനി ഘനമേറിയവയല്ല .. അവളുടെ കണ്ണീര മീനച്ചിലാർ എറ്റു  വാങ്ങി .


  ജോലിയുടെ സ്വഭാവത്തെ  കുറിച്ചൊന്നും അവൾ അവരോടു ചോദിച്ചില്ല . അവർ  പറയുന്നത് മിണ്ടാതെ കേട്ട് കൊണ്ടിരുന്നു.
അപ്പുറത്തെ റൂമിലേയ്ക്ക് പൊയ്കോളൂ . നാളെ  ജോലിയ്ക്ക് കയറി കൊള്ളാം ."

ജനിച്ചു വളർന്ന  വീട്ടിൽ നിന്നും ആദ്യമായി ഇരുന്നൂറു  കിലോ മീറ്റെറുകൾക്ക്   അകലെ. അവൾക്കു   അൽപം പോലും ഭയം  തോന്നിയില്ല.

 ' ഇന്നത്തെ ഈ രാത്രി തൻറെ  വീട്ടുകാരെ നോക്കി പരിഹസിക്കാനുള്ള രാത്രി ആണ് . ഈ രാത്രിയിലെങ്കിലും അവർ ഐക്യത്തോടെ ഉറങ്ങിയാൽ മതി ആയിരുന്നു ' -    എത്ര വലിച്ചെറിയണമെ ന്നു  വിചാരിച്ചിട്ടും  ആത്മാവ് വീട്ടുകാരെ  വിളിച്ചു കൊണ്ടിരുന്നു\.

റൂമിൻറെ  മുൻപിലെത്തി  അയാൾ ബെല്ലടിച്ചു .

"ചേടത്തി  ഒരാളും കൂടി ഉണ്ട് . ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട് .കഴിച്ചിട്ട് കിടന്നോള്  നാളെ ജോലിയ്ക്ക് കയറാം ."

 പ്രായമുള്ള ഒരു സ്ത്രീ  വാതില്ക്കൽ  നില്ക്കുന്നു .
അവളെ കണ്ടതും അവർ ഓടി ചെന്ന് കെട്ടി പിടിച്ചു രണ്ടു കവിളിലും ചുംബിച്ചു.

"ആരെങ്കിലും ഒരാള് കൂടി വന്നിരുന്നെങ്കിലെന്ന് ഞാൻ പ്രാർത്ഥിക്കായിരുന്നു"

അതൊന്നും അവൾക്കു വല്യ താൽപര്യമായി  തോന്നിയില്ല

'ഇതൊക്കെ എജെന്റുകളുടെ  സോപ്പിടൽ മാത്രമാണ് .ഇതിൻറെ  ആവശ്യമൊന്നും എനിക്കില്ല .' അങ്ങനെ പറയേണം എന്നുണ്ടായിരുന്നു  അവൾക്കു .

ക്ഷീണം ഉണ്ടെങ്കിലും ഉറങ്ങാൻ കഴഞ്ഞില്ല
"മോളെന്താ  ഒന്നും മിണ്ടാത്തെ ?"
"യാത്രാ  ക്ഷീണം ചേടത്തി "
"ഓ ! ശെരിയാണ്  മോൾ ഉറങ്ങിക്കോളു രാവിലെ വിളിക്കാം "

നട്ടെല്ലിനു വല്ലാത്ത വേദന  .ഒത്തിരി ദൂരം യാത്ര ചെയ്തെന്നു കിടന്നപ്പോൾ ആണ് അറിഞ്ഞത്  .

"മോളെ നിനക്കെന്തോ പ്രശ്നം ഉണ്ടല്ലോ . എൻറെ  മനസു അങ്ങനെ പറയുന്നു ."
അവൾ പകുതി ഉറങ്ങിയതെയുള്ളൂ .

"ഒന്നുമില്ല ചേടത്തി. ക്ഷീണം ഞാൻ ഉറങ്ങട്ടെ "

"ഇല്ല മോളേ . നിനക്കെന്തോ പ്രശ്നം ഉണ്ട്  .  എന്നെ മോളുടെ അമ്മയാണെന്ന് വിചാരിച്ചാൽ മതി  "

'ഈ തള്ളയ്ക്കെന്താ  കുഴപ്പം'  അവൾ  മനസിൽ പിറുപിറുത്തു  ഒന്നും ,മിണ്ടാതെ ഉറങ്ങി .

"മോളെ എഴുന്നേ ൽക്കു "  --ഇവര് വല്യ ശല്യം തന്നെ. കണ്ണ് തുറന്നു.  സൂര്യൻ പകലിലേയ്ക്ക് ഇതളുകൾ വിടർത്തി കൊണ്ടിരുന്നു .
മേശപ്പുറത്ത്  ചായ ഇരിക്കുന്നു .

"മോളെ  ഉറക്കത്തിലെ നിൻറെ  തേങ്ങലുകൾ കാരണം ഞാൻ ഇന്നലെ  ഉറങ്ങിയില്ല "
'ഇവരെന്തിനു എനിക്ക് കാവലിരിക്കണം '- അവരുടെ നിറഞ്ഞ കണ്ണുകളിലേയ്ക്ക് അവൾ പകച്ചു നോക്കി .

86 വയസുള്ള അമ്മച്ചി കുളിമുറിയിൽ തെന്നി വീണതാണ്  കയ്യിൽ  ചെറിയ പൊട്ടൽ. എങ്കിലും മിടുക്കിയായ മുത്തശി . വായനയിൽ വല്ലാത്ത ഹരം. അവൾക്ക്  അവിടെ അധികം ജോലിയൊന്നും ഇല്ലായിരുന്നു . പുസ്തകങ്ങൾ വായിച്ചു കൊടുക്കൽ തന്നെ ആയിരുന്നു പ്രധാന ജോലി.


സമയം കിട്ടുമ്പോഴൊക്കെ അടുക്കളയിലേയ്ക് ഓടും ചേടത്തിയെ സഹായിക്കാൻ . ചേടത്തിയോടു  വാതോരാതെ സംസാരിക്കാൻ അവൾ ശീലിച്ചു. സ്നേഹം നിറഞ്ഞു കവിയുന്ന ആ കണ്ണുകളിൽ അവൾ ഇടയ്ക്കിടയ്ക്ക് ചുംബിക്കും.

"കെട്ട്യോൻ കളഞ്ഞിട്ടു പോയി  മൂന്നു പെണ്ണും ഒരാണും മക്കൾ. ഒരുത്തിയെ കെട്ടിച്ചു . രണ്ടാത്തോളെ കെട്ടിക്കാൻ ഒരു വർഷം  എങ്കിലും അടുക്കള പണി ചെയ്തു കൂട്ടി വയ്ക്കണം .  മൂന്നമാത്തവൾ  പോളിയോ പിടിപെട്ട്  ഒരു ക്രിസ്ത്യൻ കോണ്‍വെജക്,ന്റിൽ . നാലമത്തെതു  ആണ്‍ തരി "  എല്ലാ ദിവസവും കാണും  ചേടത്തിയുടെ നാട്ടിലെ  പുതിയ പുതിയ കഥകൾ .  അങ്ങനെ ചേടത്തി അവൾക്കു അമ്മയായി . ആ മാതൃത്വത്തെ കെട്ടി പുണർന്നാണ്  അവൾ ഉറങ്ങിയത്

"മറ്റെ  കക്ഷി എവിടെ ?" കോടതിയുടെ പടി കയറുന്നതിനിടയിൽ അവിടെ നിന്ന പോലീസുകാരി
"ശോ ! അങ്ങനെ ചോദിക്കാതെ ഇത് ആ ടൈപ്പ് കേസ് അല്ല " അവളുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാരി .

"വീട് വിട്ടു പോകാൻ കാരണം എന്താണ് ?"

"അമ്മ ദേഷ്യപ്പെട്ടപ്പോൾ വിഷമം തോന്നി  പോയതാണ് ."

"അമ്മയ്ക്കെതിരെ പരാതി ഉണ്ടോ ?"
"ഇല്ല "

 കോടതിയ്ക്ക് മുൻപിൽ നിർവികാരയായി  മറുപടി പറഞ്ഞു കൊണ്ടിരുന്നു .

"ഒറ്റയ്ക്ക്‌ താമസിക്കാൻ ആണോ താല്പര്യം അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കാൻ ആണോ താല്പര്യം.? "

"അച്ഛനോടും അമ്മയോടും ഒപ്പം "

"ചേടത്തി  എനിക്ക് നിങ്ങളെ കാണേണം . നിങ്ങളുടെ കണ്ണുകളിൽ  എനിക്ക് ചുംബിക്കേണം . നിങ്ങളുടെ മകളായി ജീവിച്ചു  മരിക്കേണം "  -അവൾ പൊട്ടി കരയുന്നത് ഫോണിൻറെ  അങ്ങേ തല്യ്ക്കൽ നിന്നും ചേടത്തി അറിഞ്ഞു

"കഷ്ടപ്പാടുകളിൽ ധൈര്യമയിട്ടിരിക്ക്     മോള് പഠിച്ചു  വല്യ ആളാകുമ്പോൾ  ഈ ചേടത്തിയെ കാണാൻ വരേണം."


കാലം അവളെ മിനുക്കിയെടുത്തു . ഭൂത കാലത്തെ അവൾ  കടലാസുകളിൽ വരച്ചു തീ നാളങ്ങൾക്ക് ഭക്ഷണമാക്കി . കറുത്ത പൊടികൾ കാറ്റിൽ  പറന്നു അന്തരീക്ഷത്തിൽ ലയിച്ചു.

അവളുടെ ചൂണ്ടു വിരലുകൾ  ഉത്തരവുകളിട്ടു . വികാരങ്ങൾ മന്ദീഭവിച്ചു. ദുഖങ്ങളും സന്തോഷങ്ങളും വേർതിരിച്ചു  തൂക്കം നോക്കാൻ നേരമില്ലാതെ ആയി.. ജോലി, കൂട്ടായ്മകൾ, യോഗങ്ങൾ, പ്രസംഗങ്ങൾ, ക്ലാസുകൾ    ഒരു ദിവസം ഇരുപത്തി നാല് മണിക്കൂർ അവൾക്കു മതിയാകില്ല .

'എന്തിനിപ്പോൾ അയാളെ ശ്രദ്ധിച്ചു.  അയാളെ വീണ്ടും നോക്കി .?'

ആൾ കൂട്ടത്തിനിടയിൽ യദൃശ്ചികമായിട്ടാണ്  അയാളുടെ കണ്ണുകളിലേയ്ക്ക്  അവളുടെ നോട്ടം ആഴ്ന്നിരറങ്ങിയത് .

"ഒരു ഫോട്ടോ എടുത്തോട്ടേ ?"  അവൾ  ചോദിച്ചു .
"ആയിക്കോട്ടേ ." അയാൾ അടുപ്പമുള്ളവരെ പോലെ പെരുമാറി .
അയാളുടെ കണ്ണുകൾ  സൂം ചെയ്തു ഒരു ഫോട്ടോയും എടുത്തു .

"ഫോട്ടോ കൊറിയർ ചെയ്തോളു മേൽവിലാസവും  ഫോണ്‍  നമ്പരും തരാം "

"ഊം " അവൾ മൂളി

സ്ഥല പേര് വായിച്ചതും അവൾക്കു വലിയ ആഹ്ലാദം തോന്നി .

"വീട്ടിലെത്തിയോ ?"

"അയ്യോ അതിനു സമയം ആയില്ലല്ലോ പകുതി ദൂരം എത്തിയതേ  ഉള്ളൂ  "
 തന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നു പോലും കരുതാതെ ക്ഷമയില്ലാതെ വിളിച്ചതിൽ  അവൾക്കു  നാണക്കേട്‌ തോന്നി .

അയാളുടെ ആഴമുള്ള  കണ്ണുകൾ  വീണ്ടും കാണാൻ കൊതിച്ചു  കൊണ്ട് അവൾ  തിരിഞ്ഞും  മറിഞ്ഞും കിടന്നു അസ്വസ്ഥമായി. വളരെ വൈകിയാണ് ഉണർന്നത്.  തൻറെ ദിനചര്യയിൽ പോലും ഒറ്റ ദിവസം കൊണ്ട് മാറ്റം  സംഭവിച്ചു .

വീട്ടിൽ  ഭാര്യ ,രണ്ടു പെണ്മക്കൾ . പ്രണയ വിവാഹം ആയിരുന്നു അയാളുടേത്  അയാളെ കുറിച്ച് അറിയുന്തോറും  അടുപ്പം കൂടി കൊണ്ടിരുന്നു.

"നീ ഒരു പാട്ട്  പാടുമോ ?" ഒരിക്കൽ അർദ്ധ  രാത്രിയോടടുത്തു   അയാൾ  അവളെ വിളിച്ചു .

പാടി കഴിഞ്ഞപ്പോൾ  താനൊരു പാട്ടുകാരി ആണെന്ന് ആദ്യമായിട്ടവൾക്ക്  തോന്നി.

"നിനക്കറിയുമോ\ ഞാനൊരു പാറയുടെ  മുകളിൽ  ആണിപ്പോൾ. എനിക്ക് മരിക്കേണം. സമധാനമില്ല "

സ്നേഹമില്ലാത്ത  കുടുംബ ജിവിതമാണ്  അയാളുടെതെന്നു അറിഞ്ഞപ്പോൾ അവൾക്കു സഹതാപം തോന്നി .

സാധാരണ സമാധാനത്തോടെ ജീവിക്കത്തവരോട് അവൾക്കു വെറുപ്പാണ് തോന്നാറുള്ളത്

 "നിങ്ങൾ എൻറെ ഭർത്താവിൻറെ  കാമുകി ആണ് " അയാളുടെ ഭാര്യ
പിന്നെടെപ്പോഴോ വിളിച്ചു പറഞ്ഞു

അവളുടെ സൌഹൃതത്തെ വെളിപ്പെടുത്താൻ തെളിവുകളില്ലാതെ പോയി.

അയാൾക്കും  ഭാര്യയ്ക്കും കൌണ്‍സിലിംഗ് നടത്തി . പൊരുത്തപ്പെട്ടു പോകുന്ന ലക്ഷണമില്ല.  ഇയാളുടെ പുറം പൂച്ച് ലോകത്തിൻറെ  മുൻപിൽ  വലിച്ചു കീറി കാണിക്കേണം ഭാര്യയ്ക്ക് നിർബന്ധമായി .

അങ്ങനെയാണ് ആ ചാനൽ വിളിച്ചിട്ട്  തെറ്റുകാരിയായ  അവൾക്കും   ക്യാമറയ്ക്ക്  മുൻപിലേയ്ക്കു പോകേണ്ടി വന്നത് .

തൻറെ മകൻറെ  ജീവിതത്തെ തകർത്ത  തേവിടിശിയ്ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ആണ് ആ അമ്മയും അവിടെ എത്തിയത് .

" പ്രകൃതീ ഞാൻ തെറ്റുകാരിയാണ് , ഈ കണ്ണുകൾ  ആണ് അയാളിൽ കണ്ടത്. പ്രകൃതിയെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് എൻറെ  തെറ്റു"
 അവൾ പ്രകൃതിയിലേയ്ക്കു  നോക്കി പറഞ്ഞു .

"എൻറെ അമ്മയാണ് ഇത്.  ജീവിത കാലം മുഴുവനും ഇവരോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിച്ചവൾ ആണ് ഞാൻ . ഈ കണ്ണുകളിലേയ്ക്ക് ഒത്തിരി നേരം നോക്കി ഇരുന്നിട്ടുണ്ട് "

ചേടത്തിയും അവളും അശ്രു കണങ്ങളോടെ ആലിംഗബദ്ധരായി
--------------------------------------------------------------------------------------------


2013, ഓഗസ്റ്റ് 11, ഞായറാഴ്‌ച

തഴപ്പായയിൽ  ഇറ്റിറ്റു വീഴുമെൻ കണ്ണീർ  കണങ്ങൾ
രാവിൻറെ പകുതി കഴിഞ്ഞുമുറക്കം  വരാതെ

പ്രിയനേ , അങ്ങ് ദൂരെയാ  മണ്‍ക്കുടിലിൽ
ചോർന്നൊലിക്കുന്ന  നിൻറെ  സ്വപ്നങ്ങളിൽ
നീ ഉറങ്ങാതെ കരയുന്നതോർത്തു .

ഉദയത്തിൻ  മുൻപത്തെ   തണുപ്പത്ത്  യാത്ര ചെയ്യാമോ ?
മഴ തുള്ളികൾ തീർത്ത  മൂടൽ മഞ്ഞുകൾക്കുള്ളിലൂടെ

സന്ദേശമെത്തിക്കാൻ  രാത്രി മേഘങ്ങളില്ല ,
താരങ്ങളില്ല , മിന്നാ മിനുങ്ങുമില്ല

ആശയാലെൻ  മനം  തിങ്ങുന്നു
മിഴികൾ  നിറയുന്നു   പറയുവാനാകാതെ

മഴ കാറ്റതൊ കൊള്ളുന്നു' ക്രോധവും ധാർഷ്ട്യവും
പ്രണയമോ  മാന്തി പറിക്കുന്നു  വേരുകൾ -
പൊലുമില്ലതെയാക്കീ കൊടുങ്കാറ്റുകൾ .

ആകുമോ എനിക്കിന്നീ രാവിൻ  അന്ധകാരത്തിൽ
ഏകയായി  ദൂരമേ താണ്ടുവാൻ

പേടിപ്പിക്കയില്ലയോ  മരച്ചില്ലകൾ പോലും
തൻ നിഴലിനാൽ .



2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

നട്ടുച്ച വെയിൽ



നട്ടുച്ച വെയിൽ
**************


"എടി  നട്ടുച്ചയ്ക്ക്  കോട്ടിയത്തറ  വിള വഴി പോകരുതേ . അൽപം  ചുറ്റിയലും  സാരമില്ല  മെയിൻ റോഡു വഴി പോയാൽ  മതി"

"ഓ  അമ്മയ്ക്കൊക്കെ  ഇപ്പോഴും അന്ധ വിശ്വാസമാണ്  .  അവ്ടെയെങ്ങും  പേ ഊളനൊന്നും ഇല്ല ."

പിന്നെ തിരിഞ്ഞു  ലോലിതയോടായി  പറഞ്ഞു  " നീ വാ നമുക്ക് പോകാം "

ശ്രീ ദേവിയും ലോലിതയും തിടുക്കപ്പെട്ടിറങ്ങി

"പിള്ളേരെ നിങ്ങളീ നട്ടുച്ചയ്ക്ക് ഈ വഴി പോകല്ലേ " പാറതോട്ടിൻറെ കരയിൽ നിന്ന ത്രേസിയാമ്മ  ചേടത്തിയുടെ ഉപദേശം.

ഇവടെ എല്ലാവർക്കും  അന്ധ വിശ്വാസം ആണ് .  ഉച്ചയ്ക്ക് പാറ തോട്ടിൽ കുളിക്കാൻ പാടില്ല,  ഉച്ചയ്ക്ക് കുളിയ്ക്കാൻ വരുന്ന പെണ്ണുങ്ങളെ പാമ്പ് ചൂളമടിച്ചു  വിളിക്കുമത്രേ . ത്രി സന്ധ്യയ്ക്കും  ഈ ഭാഗത്ത്‌ പെണ്ണുങ്ങൾക്ക്‌ വിലക്കാണ് .

"പഠിപ്പും വിവരവും ഒക്കെ ഉള്ള നമ്മൾ എന്തിനാ ഇതൊക്കെ വിശ്വ സിക്കുന്നെ  അല്ലെ ലോലിത "

"ഉം "  ലോലിത  മൂളി സമ്മതിച്ചു .

ശ്രീദേവിയുടെ  വീട്ടിൽ രാവിലെ വന്നതാണ് ലോലിത  . .   ഡിഗ്രി   അവസാന വർഷം  പഠിക്കുന്നു.   ഇന്നത്തെ അവധി രണ്ടു പേരുടെയും  വീട്ടിലായിട്ടു തീർക്കാൻ  നേരത്തെ പ്ലാൻ ചെയ്തിരുന്നു .

 കമ്പി വേലി ചാടി കടന്നു .റബ്ബർ തോട്ടം വഴി  നടന്നു. നാട്ടുച്ചയാണെങ്കിലും,    വെയിലിൻറെ  ചൂടില്ലാത്ത  വെളിച്ചം മാത്രം മരങ്ങൾക്കിടയിലൂടെ  കിട്ടി .

"ഊഫ് "   ലോലിത  ചാടി  കാലുകുടഞ്ഞു

"എന്താ ?"  ശ്രീ ദേവി ഭയത്തോടെ ചോദിച്ചു

പാമ്പ്  അവരുടെ മുൻപിൽകൂടി ഇഴഞ്ഞു  കാട്ടിനുള്ളിലേയ്ക്ക് പോയി .

"ഓ ! പേടിക്കേണ്ട അത് പോയി ." ശ്രീദേവി ലോലിതയുടെ കയ്യിൽ  പിടിച്ചു .


നടത്തത്തിൻറെ  വേഗം കൂട്ടി . ഇതേ വേഗതയിൽ നടന്നാൽ  പതിനഞ്ചു മിനുറ്റിനകം  അപ്പുറത്തെ മെയിൻ റോഡിൽ എത്താം . റോഡു കഴിഞ്ഞു വീണ്ടും പത്തു മിനുട്ടെങ്കിലും നടക്കേണം ലോലിതയുടെ വീട്ടിലെത്താൻ .

" ചീക്കുട്ടീ .."
"ഊം? " ശ്രീ ദേവി അത്ഭുതത്തോടെ ലോലിതയെ  നോക്കി .


തൻറെ  ബല്യ കാലകൂട്ടുകാരി   രുദ്രയെ ഓർമ്മ  വന്നു .അവളല്ലാതെ  വേറാരും ഇങ്ങനെ വിളിച്ചിട്ടില്ല .

'ചീക്കുട്ടീ... "

ലോലിത വീണ്ടും വിളിച്ചു .

"എന്താടി നീ കൊച്ചു കുട്ടികളെ പോലെ ?"  ഭയത്തോടെ ശ്രീദേവി  ചോദിച്ചു .

"നിനക്കെന്നെ മനസിലായില്ലേ ? നാലാം ക്ലാസ്സ്‌ വരെ നിൻറെ കൂട്ടുകാരി ആയിരുന്ന രുദ്ര . നീ എന്നെങ്കിലും ഈ വഴി വരുന്നത് കാത്തിരിയ്ക്കയായിരുന്നു ഞാൻ "

"എന്തിനാ?" അൽപം ധൈര്യത്തോടെ  ശ്രീദേവി ചോദിച്ചു .


.  സ്കൂൾ കുട്ടികളുടെ ക്യുവിൽ നിന്നുമാണ് താൻ അവസാനമായി രുദ്രയുടെ ശരീരം കണ്ടത് . വയൽ  കരയിലൂടെ നീണ്ട മൌന ജാഥ .

ഈ റബ്ബർ  തോട്ടത്തിലാണ് രുദ്ര മരിച്ചു കിടന്നത് . രാവിലെ റബ്ബർ  ടാപ്പിങ്ങിനു  വന്നചെറുക്കൻ ആണ് വലിയ തൂക്കു പാത്രത്തിലെ പാൽ  മുഴുവൻ അലിഞ്ഞു ചേർന്ന  മണ്ണിൽ ഉറങ്ങുന്ന രുദ്രയെ  കണ്ടത് .

റോഡിലെ ചായ കടയിൽ  പാൽ കൊണ്ട് കൊടുക്കുന്നത്  നാലാം ക്ലാസുകാരിയായ  അവളാണ് .ഒരു കിലുക്കാം പെട്ടിയായ അവൾ അരുണോദയത്തിങ്കൽ തന്നെ ഉണരും  .അവളുടെ ദിന ചര്യ അവിടെ എല്ലാവർക്കും അറിയാം .

പെട്ടെന്ന് റോഡിലെതത്തുവാൻ  തിരഞ്ഞെടുക്കുന്ന കോട്ടിയത്തറ   വിള  പണ്ട് മാടൻറെയും   മറുതയുടെയും  യക്ഷിയുടെയും  പോക്ക് വരവ്  വഴി ആയിരുന്നത്രെ .


പണ്ടൊരു പള്ളീലച്ചൻ   പാതി രാത്രി  അതു  വഴി പോയപ്പോൾ എതിർപെട്ടത്രെ . ആകാശത്തോളം പൊങ്ങി നില്ക്കുന്ന മാടനെ അച്ചൻ പൊന്മുടിയിലെയ്ക്ക് നാട് കടത്തി.


 തെക്കതിലെ  കുടിയിരുപ്പു ദൈവം  പിണങ്ങി .കര്യമന്വേഷിച്ചപ്പോഴാണ് പള്ളീലച്ചൻ ഓടിച്ച മാടനെയും കൂട്ടുകാരെയും തിരച്ചു കൊണ്ടുവരേണം എന്ന് .

ഏഴു ദിവസം കർമം നടത്തി . കല്ലുപാറയിൽ നിന്നും കാണിക്കാരെ  കൊണ്ടുവന്നു ചാറ്റ് നടത്തി . മാടനുംകൂട്ടരും  തെക്കതിലെയ്ക്ക് മടങ്ങി വരുന്ന സമയത്ത് പാലും കൊണ്ട് പോയ രുദ്ര എതിർപെട്ടു .മാടൻറെ  അടിയേറ്റാണ്  രുദ്ര മരിച്ചത്

"അങ്ങനെയല്ല ഞാൻ മരിച്ചത് "  അൽപം ദേഷ്യത്തോടെ ലോലിത പറഞ്ഞു .


"പിന്നെ?"

"ഞാൻ അന്ന് പാലും കൊണ്ട് ഈ വഴി വന്നപ്പോൾ  വെളിക്കിറങ്ങാൻ വന്ന രാമകൃഷ്ണൻ ......"


 "ആ കിളവനോ ?"

'ഊം "

"അതിനു ചോര പാടുകൾ ഒന്നും നിൻറെ ദേഹത്തില്ലായിരുന്നു എന്നാണല്ലോ കേട്ടത് "

"ഞാൻ ശ്വാസം മുട്ടിയാണ് മരിച്ചത് "

രാമ കൃഷ്ണൻ ! അയാൾ വൃത്തി കെ ട്ടവൻ തന്നെയായിരുന്നു . രണ്ടാഴ്ചയോളം കാണാതിരുന്ന അയാളെ കളീക്കൽ വനത്തിൽ  തൂങ്ങി യ  നിലയിൽ   കണ്ടു.  രണ്ടു കാലുകളും മൃഗങ്ങൾ  കടിച്ചു വലിച്ചു കണ്ണുകളിൽ പുഴു  നിറഞ്ഞിരുന്ന അയാളെ താഴെ ഇറക്കിയത് ഒരു മുഴു കുടിയൻ  ആണ്  .

ഒരു പെണ്ണിനെ പിഴപ്പിച്ചാണ് കുടുമ്പിനി ആക്കിയത് . അവളെയും രണ്ടു കുട്ടികളെയുംപിന്നീട് ഉപേക്ഷിച്ചു . വേറൊരുത്തിയെ കത്തി കാട്ടി ഭയപ്പെടുത്തി ഭാര്യയാക്കി  അവളിൽ മക്കളില്ല .ആരും കെട്ടാതെ പ്രായം കഴിഞ്ഞു നിൽക്കുന്ന  ഒരുത്തിയെ കെട്ടാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ അമ്മ വീണ്ടും വഴക്കിനു  വരുന്നത് . അമ്മയുടെ നെഞ്ചത്ത് ചവിട്ടി മുറ്റത്‌  തള്ളിയിട്ട കാലാണത്രേ  വനത്തിൽ വച്ച് മൃഗങ്ങൾ  കടിച്ചു വലിച്ചത് .

" അയാളെ കെട്ടി തൂക്കിയത്‌ ഞാനാണ് "  അതിശയത്തോടെ ലോലിതയുടെ മുഖത്തെയ്ക്ക് നോക്കി

"നീയോ!"

"ഉം , ഞാൻ തന്നെ "

"ഒറ്റയ്ക്കോ ? അയാളെ   കെട്ടി തൂക്കാനുള്ള ശക്തി  നിനക്കുണ്ടോ ?"

ഞാൻ കുറഞ്ഞത്‌ 80 വർഷമെങ്കിലും ജീവിക്കുമായിരുന്നു . അത്രയും വയസു വരെ ഒരു പെണ്ണിന് ജീവിക്കാൻ എത്രയധികം ശക്തി വേണം  അത്രയും ശക്തി കുഞ്ഞു പ്രായത്തിലെ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ  എൻറെഉള്ളിലെ  ശക്തി വളർന്നത് എൻറെ മരണ ശേഷമാണ് "

  ശ്രീദേവിയ്ക്ക് മിണ്ടാൻ കഴിഞ്ഞില്ല .

"നീയിപ്പോൾ കുട്ടികൾക്ക്  വേണ്ടി സംഘടന ഉണ്ടാക്കി പ്രവർത്തിക്കുന്നു  അല്ലേ ?"

"ഉം . കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ, അവരുടെ അരക്ഷിതാവസ്ഥകൾ ഇതൊക്കെ തടയേണ്ടത്  സമൂഹത്തിൻറെ  ഉത്തരവാദിത്തം ആണല്ലോ? എന്നാൽ കഴിയുന്നത്‌ ചെയ്യുന്നു "


"അപ്പോൾ ഈ കാലഘട്ടത്തിൽ ജീവിച്ചാൽ കുട്ടികൾ സുരക്ഷിതരാണ്‌ അല്ലെ ?"


"അതെ രുദ്ര "  ലോലിതയെ രുദ്രയായി അംഗീകരിച്ചു

" ഞാൻ ഒരിക്കൽ കൂടി ജനിക്കട്ടേ ?.എല്ലാവരും കുട്ടികളെ കുറിച്ച് ബോധവാന്മാർ ആണല്ലോ ?"

"ഊം "


"ഓ! എത്രനേരായിട്ടു  കാത്തിരിക്കുന്നു . ഇപ്പോഴത്തെ കാലത്ത് പുറത്തു പോയ പെണ്‍കുട്ടികൾക്ക്  വേണ്ടിയുള്ള കാത്തിരിപ്പ്‌ കഷ്ടം തന്നെ "-- ലോലിതയുടെ അമ്മ വീടിൻറെ  മുറ്റത്തു നിൽക്കുന്നു .

രണ്ടു പേരും ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി

"ഹോ ! എത്ര പെട്ടന്നാണ് നമ്മളിങ്ങു  എത്തിയത്  ഇത്രയും ദൂരം നടന്നു വന്നത് അറിഞ്ഞതെയില്ല ."--വിയർപ്പാറ്റുന്നതിനിടയിൽ ലോലിത പറഞ്ഞു .


"രുദ്രാ ... നീ മനുഷ്യ കുഞ്ഞായി വീണ്ടും ജനിക്കുന്നെങ്കിൽ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ തന്നെ വളർന്നു വലുതാകേണം . എൻറെ കാലം കഴിഞ്ഞാൽ ഇവിടുത്തെ കുട്ടികൾ എത്രത്തോളം  സുരക്ഷിതരെന്ന് എനിക്ക് പറയാൻ കഴിയില്ല .

" ശ്രീദേവി നിനക്കെന്തു പറ്റീ ? രുദ്രയോ ഏതു  രുദ്ര ?"

ലോലിത ശ്രീദേവിയുടെ  തോളിൽ തട്ടി .

" ആ വഴി വരരുതെന്ന്ശ്രീദേവിയുടെ അമ്മയും വേറെ കുറച്ചു പേരും പറഞ്ഞതാണ് .ഈ പെണ്ണിനെന്തെങ്കിലും  കുഴപ്പം പറ്റി യോ ആവോ ? അമ്മേ  ശ്രീദേവിയെ ഒന്ന് ശ്രദ്ധിച്ചേ .."

----------------------------------------------------------------------------------------------------------

























2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

  ദൂരെയായി കേൾക്കാം  നിൻറെ കളകളാരവം
സ്വച്ഛമായി  ഒഴുകും  പച്ചപരവതാനിയിൽ
 മിഴിയ്ക്കു കുളിരായി  നിൻറെ  ശുഭ്രാംബരം
ദൂരെ കാണായി  ഇങ്ങു  ഇലപള്ളി ആറ പോലെ 

2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

'ജിഫർ '

'ജിഫർ '
----------


അവനെ  ആദ്യമായി  കണ്ടത്  എന്നാണെന്ന്   അവൾക്കു ഓർമയില്ല . അവൻറെ  കലുറകളുടെ യും  അവളുടെ    പാവാടയുടെയും  നിറം    ഒരേ  നീല നിറം ആയപ്പോഴാണ്  ആദ്യമായി ശ്രദ്ധിച്ചത് .

  കൊളേജിലേയ്ക്കുള്ള  യാത്രയ്ക്കിടയിൽ   ബസ്‌  ആലമുക്കിൽ  നിർത്തിയപ്പോൾ  എതിരെയുള്ള  പീടികയിലെ   പയ്യനെ വെറുതെ നോക്കി  . സ്കൂൾ  യുണിഫോം  അവനും  കളഞ്ഞിട്ടില്ല . അവൾ  തൻറെ   നീല പാവടയിലെയ്ക്ക്  സങ്കടത്തോടെ നോക്കി . സ്കൂൾ  യുണിഫോം ആയ   വെള്ള ബ്ലൗസ് ധരിക്കുന്നതിൽ   വെറുപ്പില്ലെങ്കിലും  ഈ  നീല  നിറത്തിലുള്ള  പാവാട ഇടാൻ വിഷമം ആണ് .  ഈ പ്രായത്തിലുള്ള ആണ്‍കുട്ടികൾ  ഇത്തരത്തിലുള്ള നീല കാലുറകൾ  ധരിക്കാൻ  ഇഷ്ടപ്പെടാറില്ല . സ്കൂൾ  കുട്ടികളെ അല്ലാതെ  മറ്റാരെയും ഇങ്ങനെ ഒരു നീല കാലുറകളിൽ  കണ്ടിട്ടില്ല .പക്ഷെ അവനും ഇട്ടിരിക്കുന്നത് നീല കാലുറകൾ .


കോളേജ്  കഴിഞ്ഞു   വരുമ്പോൾ  ബസ്‌ ആലമുക്കിൽ  എത്തിയപ്പോൾ  ആ പീടികയിലേയ്ക്കു  അവൾ  അറിയാതെ നോക്കി പോയി. അവനെ കണ്ടില്ല . പിന്നീടു  എപ്പോഴും  ശ്രദ്ധിക്കാൻ തുടങ്ങി . അവൻ   നീല കാലുറകൾ ഇടുന്ന ദിവസം അവൾക്കു ഭാഗ്യ  ദിവസങ്ങളായി  തോന്നി . രാവിലെ മാത്രമേ കാണാറുള്ളു  . വൈകിട്ടിവൻ  എവിടെ പോകുന്നു ?


  കോളേജ് വിട്ടു  ഉച്ചയ്ക്ക്  വരേണ്ടി  വന്നു .  ആ സമയം  ബസില്ല . സമാന്തര  സർവിസിനെ  ആശ്രയിച്ചു . ആ ജീപ്പിൽ അവൻ ആയിരുന്നു ക്ലീനെർ.  അന്നും ആ നീല കാലുറകൾ.    നീല  പാവാടയിൽ അവൾ സന്തോഷത്തോടെ നോക്കി .  ഒരു പുതിയ പാവാട കിട്ടിയിരുന്നെങ്കിൽ  ഈ  നീല പാവാട കളയുവാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട്  എന്ന്  .. ഇന്ന് അങ്ങനെ   അല്ല.  ഈ നീല പാവാട ഒരിക്കലും കീറി പോകരുതേ എന്ന് പ്രാർഥിച്ചു .


സ്ത്രീകളോട് അവൻ എങ്ങനെയാ പെരുമാറുന്നത് ?  അവനെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു . ബഹളമില്ലാത്ത സഹസികനെ പോലെ തോന്നി . അവന്റെ കറുപ്പ് നിറം അവളെ ആകർഷിച്ചു  കൊണ്ടിരുന്നു .അവനാകട്ടെ  ഒരിക്കൽ പോലും അവളെ  നോക്കിയില്ല .


അന്ന് മുഴുവനും അവനെ കുറിച്ച് ഓർത്തു .  രാവിലെ അവൻറെ  പീടികയിലേയ്ക്കു  നോക്കും  അവൻ അവിടെ കാണും   തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നു  പുറത്തേയ്ക്ക് നോക്കിയിരിക്കും . പാഞ്ഞു പോകുന്ന ഏതെങ്കിലും സമാന്തര സെർവിസിൽ  അവൻ കാണുമായിരിക്കും .



സ്റ്റഡി ലീവ്  ആയി.


ഹാൾ ടിക്കറ്റ്‌  വാങ്ങാൻ വേണ്ടി  അന്ന് പോയി.

പാലൈ കോണം  വളവിൽ പോലീസ്  കല്ലുകൾ വച്ച്  അതിർത്തി  തിരിച്ചിരിക്കുന്നു . കട്ടപിടിച്ച രക്തം അവർക്ക്  മണൽ കൊണ്ട് മറയ്ക്കാൻ  കഴിഞ്ഞില്ല .


"ഇവിടെ  ആണ് ഇന്നലെ  അപകടം  നടന്നത് "

 ബസിലിരുന്നു  ആരോ പറഞ്ഞു .



ബസ്‌  ആലമുക്ക്  എത്തി പീടിക  അടച്ചിട്ടിരിക്കുന്നു . പീടികയോട്‌ ചേർന്നുള്ള  അവൻറെ വീട്ടിൽ ഷാമിയാന  പന്തൽ .


'നിനക്ക് അവനെ കാണേണം എന്നില്ലേ?....' വീടിനു മുൻപിലെ  കറുത്ത തുണി കഷണം അവളോട്‌ ഉറക്കെ  വിളിച്ചു  ചോദിച്ചു.

ഹാൾ ടിക്കറ്റ്‌ വാങ്ങിയത് യാന്ത്രികമായിട്ടായിരുന്നു . തിരച്ചു വന്നപ്പോൾ അവൻറെ കല്യാണ  പന്തൽ ആർ ത്തി യോടെ നോക്കി . വീട്ടിൽ ചെന്ന് കയറിയതും തലേ ദിവസത്തെ  പത്രം അരിച്ചു പെറുക്കി .


ചരമ  പേജുകൾക്ക്  രണ്ടു പേജ് മുൻപ്  ദീർഘ  ചതുരത്തിൽ ഒതുക്കിയ അവൻറെ  ആയുസിൻറെ അക്ഷര കട്ടകൾക്കിടയിൽ  ഒരു ഫോട്ടോ പോലും ഇല്ല.


'ജിഫർ '  അതാണവൻറെ  പേര്
അവളെക്കാൾ  രണ്ടു  വയസു  മുതിർന്നത്
ഖാദറിൻറെ  മകൻ


 അന്നവൾക്ക്  ഉറങ്ങാൻ കഴിഞ്ഞില്ല .
നീല കാലുറകൾ , അവൻറെ  കറുത്ത മേനി ;  അവൾക്ക്  ഭയം അല്പം പോലും തോന്നിയില്ല  . അവനോടുള്ള സ്നേഹം കൂടി കൊണ്ടിരുന്നു . ഉറക്കമില്ലാത്ത രാത്രികളിൽ  അവൻ അവൾക്കു കൂട്ടായി വന്നു .പകൽ  പോലും അവൻറെ സാമിപ്യം  അവൾ  അനുഭവിച്ചറിഞ്ഞു .


ഒരു കാര്യം  അവൾക്കു  തീർച്ചയായി  അവൾ അല്ലാതെ മറ്റാരും  അവനെ പ്രണയിച്ചിട്ടില്ല .അവനെ ഇത്രയധികം ശ്രദ്ധിച്ച   പെണ്‍കുട്ടിയെ അവൻ തേടി വന്നു. അവൻ അവളെ സ്നേഹിക്കാൻ തുടങ്ങി .

അവളാകട്ടെ സുബോധം വന്ന ഏതോ നിമിഷത്തിൽ  അവനെ അക്ഷരങ്ങളാൽ വശീകരിച്ചു  കടലാസ്സിൽ ആവാഹിച്ചു  തൂലിക കൊണ്ട്  റ്റ്യൂറ്റൊറിയൽ കോളേജിലെ  കയ്യെഴുത്ത് പ്രതിയിൽ  തളച്ചു .

ആ   നീല കാലുറകൾ അവൾക്ക് ഒത്തിരി അഭിനന്ദനങ്ങൾ  നേടി കൊടുത്തു .

കാല ചക്രങ്ങൾ എത്ര വേഗത്തിലാണ്  ഓടിയത്.

അവൻ  ഇപ്പോൾ  ആരും  തുറക്കാത്ത ആ കയ്യെഴുത്ത് പ്രതിയിൽ ...  പൊടി പിടിച്ച പേജുകൾക്കിടയിൽ  കിടന്നു കരയുന്നുണ്ടാകും .. എന്നെ കെട്ടഴിച്ചു വിടൂ .. അലറി  കരയുന്നുണ്ടായിര്ക്കും

എന്തിനിപ്പോൾ  അവനെ ഓർക്കേണം ?

എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല--   അവൻറെ  ആ നീല കാലുറകൾ മറക്കാൻ  കഴിയുന്നില്ല .

എല്ലാവരും ഉറങ്ങുന്ന ഏതോ ഒരു നിശബ്ദ രാത്രിയിൽ അവൾ അവനെ  അടഞ്ഞു കിടക്കുന്ന  ആ  കയ്യെഴുത്ത് പ്രതിയിൽ നിന്നും  മോചിപ്പിച്ചു .




---------------------------------------------------------------------------------------------





















2013, ജൂലൈ 31, ബുധനാഴ്‌ച

യിതു എന്തരാന്തോ?




യിതു എന്തരാന്തോ?



കഴിഞ്ഞ ആഴ്ച  ഒരു മരണ  ശുശ്രൂഷയ്ക്കിടയിൽ  പശ്ചാത്തലമായി  കേട്ടു  കൊണ്ടിരുന്ന  റിംഗ്  ടോണുകൾ   --------- "അപ്പങ്ങളെമ്പാടും  ഒറ്റയ്ക്കു  ചുട്ടമ്മായി .............................."
  "ഗഗ്നം  സ്റ്റൈൽ ........."



വിശ്വാസികൾക്ക്  പറ്റിയതാണോ   ഇത്തരം  റിംഗ് ടോണുകൾ  ഉപദേശി  ഞായറാഴ്ച   ഒരുഗ്രൻ ഉപദേശ  പ്രസംഗം  തന്നെ  നടത്തി .



ഉപദേശം  കേട്ട്  മാനസാന്തര  പെട്ട  ജാണ്‍സനും    തൻറെ  ഫോണിലെ റിംഗ് ടോണ്‍  ആത്മീയം ആക്കി ..



മുഖ്യ  കാർമ്മികൻ  പ്രാർഥനയോടെ  പെണ്ണിൻറെ  കൈ  പിടിച്ചു  ചെറുക്കൻറെ   കൈയ്യിൽ  കൊടുത്തു 



 "ദുഖത്തിൻറെ   പാന പാത്രം    
കർത്താവെൻറെ  കയ്യിൽ  തന്നു ....
  ............ സന്തോഷത്തോടെ  അത്  വാങ്ങി--
ഹല്ലേലുയ  പാടിടും  ഞാൻ......  "


 ഗായക  സംഗം  മംഗള  ഗാനം പാടാൻ തൊണ്ട ശെരിയക്കുന്നതിനിടയിൽ  ജാണ്‍സൻറെ   മൊബൈൽ ഫോണ്‍   ഇടയ്ക്ക് കയറി  പാടി 

ഉപദേശി  ദേഷ്യത്തോടെ   ജാണ്‍സനെ  നോക്കി 


നാശം ! ഒരു  ശുഭ  മുഹൂർത്തത്തിൽ  കേൾക്കാൻ പറ്റിയ  റിംഗ് ടോണ്‍ .


ജാണ്‍സണ്‍  പിന്നെയും  റിംഗ് ടോണ്‍ മാറ്റി 


ആ ബൈക്കിൽ വരുന്നത് ഉപദേശി  അല്ലെ . ജാണ്‍സണ്‍  ഒന്ന്  നോക്കിയതെയുള്ളൂ ..  ജോണ്സന്‍ നോക്കുമ്പോള്‍ ഉപദേശി ദേ കിടക്കുന്നു വെള്ളക്കെട്ടില്‍ ... ഉപദേശി എങ്ങനെയാ റോഡിനരികിലെ വെള്ള കെട്ടിൽ വീണത്‌? ജാണ്‍സണ്‍   ഉപദേശിയെ രക്ഷിക്കാൻ ഓടി അടുത്ത് ചെന്നു  .. ദേഹമാസകലം  ചെളിയുമായി  ഉപദേശി  പതുക്കെ  എഴുന്നേറ്റു 

"
സ്തുതി സ്തുതി എൻ  മനമേ ...
സ്തുതികളിൽ  ഉന്നതനെ ...
നാഥൻ  നാൾ  തോറും  ചെയ്ത 
നന്മകൾ  ഓർത്തു  പാടുക നീ എന്നും മനമേ..."... 


 ഉപദേശി  ചെളിയിൽ  വീണതിനു   ജാണ്‍സൻറെ  മൊബൈൽ  ഫോണ്‍  എന്തിനാണാവോ  ദൈവത്തെ  സ്തുതിച്ചത് .
--------------------------------------------------------------------------------------------------------------------------------------------

2013, ജൂലൈ 30, ചൊവ്വാഴ്ച

നിൻറെ ചിത്രം

ഉദ്യാന  പൂങ്കാറ്റെറ്റു  ഞാൻ
 വരച്ച വർണ്ണ  ചിത്രങ്ങൾ
ദൂരെ നിന്നും  വരുന്ന പേമാരി
കണ്ടു ഭയപ്പെട്ടു   അറിയാതെ
കളഞ്ഞ  നിൻറെ ച്ഛയ  ചിത്രങ്ങൾ
ഇന്നത്തെ  മഴയിൽ  നനഞ്ഞു  മാഞ്ഞു
പോകുന്നതീ ചില്ലു  ജാലകത്തിലൂടെ
കാണായ്



2013, ജൂലൈ 26, വെള്ളിയാഴ്‌ച

മുഖം മറയ്ക്കുന്ന തൂവാല

മുഖം മറയ്ക്കുന്ന തൂവാല
----------------------------------------

            പള്ളികുടം  കഴിഞ്ഞു  വരുന്ന  വഴിയിൽ അവൾ ശ്രദ്ധിച്ചു   അയാൾ അവിടെ നിൽക്കുന്നു.  എന്തായിരിക്കും  സംസാരിക്കുന്നത് . ബോധപൂർവ്വം അയാൾ നിൽക്കുന്ന  വശം  ചേർന്ന് നടന്നു. അടുത്തെത്തിയപ്പോൾ  നടക്കുന്നതിൻറെ വേഗത  കുറച്ചു .


 ഓ !വിവാഹ പ്രായം  ഉയർത്തിയാലും താഴ്ത്തിയാലും  ഇയാൾക്കെന്താ?
ഇയാളെ  ബാധിക്കുന്നില്ലല്ലോ ?   വിവാഹ  പ്രായത്തിനു വാക്കുക്കളാൽ സമരം  ചെയ്യുന്ന  അയാളോട്  പുച്ഛം  തോന്നി . ഇയാൾ സമരം  ചെയ്യേണ്ടത് ശുദ്ധ ജാതകത്തിനും ചൊവ്വാ ദോഷത്തിനും എതിരെയല്ലേ?     ഇത്രയും  വീറും വാശിയും  അമ്മ ജീവനോടെ  ഉണ്ടായിരുന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ  ജാതകതിനെതിരെ  നിരാഹാരം  അനുഷ്ടിച്ചിരുന്നെങ്കിൽ  ഇന്ന്  ഈ  ഏകാന്ത  ജീവിതത്തിലേയ്ക്ക് വീഴുമായിരുന്നോ?

അവൾ  ആ വഴി  കടന്നു  പോയത് അയാൾ ശ്രദ്ധിച്ചതേയില്ല .


'രാമുവിന്  പറ്റിയ  പെണ്‍കുട്ടികളെ ഞാനും  ഒത്തിരി  അന്വേഷിച്ചതാണ്    ജാതകം  ചേരണ്ടായോ?  അവൻ നല്ലവൻ ആണ്,  ഇനിയിപ്പോൾ   അവൻറെ പ്രായത്തിനു   പെണ്‍കുട്ടിയെ കിട്ടുമോ  ആവോ ? അവൻറെ വേണ്ടപ്പെട്ടവരാരും അവനെ   ശ്രദ്ധിക്കുന്നില്ല'  .ഒരിക്കൽ  അമ്മ പറയുന്നത്  കേട്ടു.


                അവൾ  സുന്ദരിയാണ് . അവളുടെ  കണ്ണുകൾക്ക്‌  ഒരു പ്രത്യേക  വശ്യതയുണ്ട് .   എല്ലാവരും കൂട്ടു കൂടാൻ  ശ്രമിക്കും .   വസ്ത്രത്തെ  കുറിച്ച് അവളുടെ  അച്ഛൻറെ കാറിനെ കുറിച്ച് ഒക്കെ എല്ലാവരും പുകഴ്ത്തി പറയും. അതുകേൾക്കുമ്പോൾ  അവൾക്കു  അസ്വസ്ഥതയാണ് . നിൻറെവീട്ടിൽകൊണ്ട്  പോകുമോ ? ചിലരെങ്കിലും  ചോദിച്ചു .  ചിലപ്പോഴൊക്കെ  ഉച്ചയൂണ്  കഴിഞ്ഞു  ക്ലാസിൽ  കയറുമ്പോൾ  ബുക്കിൽ  ആരുടെയെങ്കിലും  പ്രണയാഭ്യർത്ഥ ന  കാണും . ഒരു  കത്തിൽ  കന്യകത്വത്തിൻറെ  മഹത്വം  ആവോളം  വർണിച്ചിരിക്കുന്നു. ഛെ !വൃത്തികെട്ടവൻ... പിന്നീടിവൻ ഒരു  കാമ ഭ്രാന്തൻ ആയി മാറുമായിരിക്കും.  ഇവനെയൊക്കെ  ആര് പ്രണയിക്കും ?



              വീടിൻറെ അടുക്കള  ഭാഗത്ത്‌ നിന്നും  നോക്കിയാൽ കുട്ടികൾ  'അങ്കിൾ 'എന്ന് വിളിക്കുന്ന രാമു ചേട്ടൻറെ വീട് കാണാം . ആരുമില്ലാത്ത  വീട്ടിൽ  രാത്രിയിൽ ഒറ്റയ്ക്ക്  എങ്ങനെയാ  ഉറങ്ങുന്നത്   പാവം. രാമു ചേട്ടനു പേടി കാണും  ആരോടു പറയാൻ . ചില  രാത്രികളിൽ  അവൾ  ഭയത്തോടെ  ആ വീട്ടിലേയ്ക്ക്  നോക്കും.

       
            ഒരിക്കൽ  കണ്ടപ്പോൾ  ഇസ്തിരി  ഇടാതെ  ചുക്കി  ചുളിഞ്ഞ  ഷർട്ടുകൾ  അവളുടെ  ശ്രദ്ധയിൽ പെട്ടു.  വീട്ടിൽ  അമ്മയാണ്  അച്ഛൻറെ തുണി അലക്കി  ഇസ്തിരിയിടുന്നത്. അവൾ  ഓർത്തു. രാമു  ചേട്ടനു ഭാര്യ ഉണ്ടായിരുന്നെങ്കിൽ  ഈ ഷർട്ടുകൾ  മിനുസമുള്ളതു  ആകുമായിരുന്നു .


             അയാളുടെ  വീട്ടിലെ  അടുക്കളയിൽ  പുക  ഉയരാറില്ല . വൃത്തിയില്ലാത്ത  ഭക്ഷണങ്ങൾ  കഴിച്ചു  സൂക്കേട്‌  പിടിച്ചു  കിടന്നാൽ    അയാളെ ആര് നോക്കും ?


'ഞാൻ നോക്കും '

'ന്ത് ' അവൾ ചോദിച്ചു

 'അതെ  ഞാൻ തന്നെ '  അവൾ  ഒന്ന് കൂടി  ഉറപ്പിച്ചു  പറഞ്ഞു

 'അതേ ഞാൻ  തന്നെ  നോക്കും , ഞാൻ അയാളെ വിവാഹം ചെയ്യും '

'അതിനു ആരെങ്കിലും  സമ്മതിക്കുമോ ?'

"ആരുടേയും  സമ്മതം  എനിക്ക് ആവശ്യമില്ല " -- ഇത്  പറഞ്ഞപ്പോൾ ശബ്ദം  മനസ്സിൽ  നിന്നും  വായിലൂടെ  പുറത്തേയ്ക്ക്  ചാടി. ആരെങ്കിലും  കേട്ടോ .
ഭാഗ്യം ആരുമില്ല .




 അയാളും  അവളും പോകുമ്പോൾ  പിറു പിറുക്കുന്ന പടു കിളവികളെ ഓർത്തവൾ   പരിഹാസത്തോടെ  ചരിച്ചു .  അയാളുടെ  കഷണ്ടി  കയറുന്ന തലയിലെ   ചുരുണ്ട  തലമുടിയിൽ അവളുടെ   സ്വപ്‌നങ്ങൾ  നെയ്യാൻ തുടങ്ങി .
അയാളുടെ ചെറിയ ചലനങ്ങൾ  പോലും  ദൂരത്തിരുന്നു  അറിയാൻ കഴിഞ്ഞു .


               ഇനിയിതു തുടരുവാൻ  വയ്യ  അയാളോട് ഒരുമിച്ചു  ജീവിക്കണം .ഭക്ഷണം ഉണ്ടാക്കി  കൊടുക്കണം  . താൻ  അലക്കി മിനുസപ്പെടുത്തിയ  വസ്ത്രങ്ങൾ അയാൾ ധരിക്കേണം . അവൾ  തീരുമാനിച്ചു .

            സന്ധ്യാ നേരത്ത്  അയാളുടെ വീടിൻറെ മുറ്റത്തെത്തി. അവളെ കണ്ടതും അയാൾവാതിൽ പടിയോളം  വന്നു.

"ഊം? "

 അവൾ ഒന്നും  മിണ്ടിയില്ല .

  അകത്തേയ്ക്ക്  പാളി  നോക്കി . അങ്ങിങ്ങ്  ചിതറി  കിടക്കുന്ന  കടലാസ് കുന്നുകൾ . കസേരയും  മേശയും  പേനയും   എല്ലാം അലക്ഷ്യമായി  കിടക്കുന്നു . എല്ലാം   അടുക്കി  വയ്ക്കണം   കുറച്ചു  ധൈര്യത്തോടെ  അവകാശത്തോടെ  അകത്തേയ്ക്ക്  കയറി.


അമ്മ  മരിച്ചതിൽ പിന്നെ  പെണ്ണുങ്ങൾ ആരും  ഇവിടെ  കയറിയിട്ടില്ല . ഭയം കൊണ്ട്  അയാൾ വിറച്ചു.

ഇടയ്ക്കെപ്പോഴോ  കിട്ടിയ  ധൈര്യത്തിൽ  അയാള്  ചോദിച്ചു

"എന്താ  ഉദ്ദേശ്യം?"

"വിവാഹം"

"വിവാഹമോ?"

"അതെ  ഞാൻ  നിങ്ങളെ  വിവാഹം  ചെയ്യാൻ  തീരുമാനിച്ചു .   ആ കാണുന്ന  വഴ നാരുകൾ മതിയാകും  എനിക്ക് "


പിറ്റെന്നത്തെ ദിന പത്രങ്ങളിൽ  മുഖം തൂവാല  കൊണ്ട്    മറച്ച  തൻറെ വർണചിത്രങ്ങൾ അച്ചടിച്ചു വരുന്നതു  അയാളുടെ  ബോധ  മണ്ഡലത്തിൽ  ആഞ്ഞു  പതിച്ചു.


'പീഡനം '


"ഇറങ്ങി പൊയ്ക്കോ  ഇവിടുന്നു " അയാൾ ആക്രോശിച്ചു .

അവൾ  തീരെ ഭയപ്പെടുന്നില്ല  എന്ന് തോന്നി . കയ്യിൽ ബലമായി  പിടിച്ചു  വലിച്ചു .

'ബലമുള്ള  കൈകൾ !  ഇവിടെ ഞാൻ  ഭദ്രമായിരിക്കും  ' അവൾ പുഞ്ചിരിച്ചു .

തെറ്റിൽ  നിന്നും  പിന്തിരിപ്പിക്കാൻ  വലിയ  കരുത്തു തന്നെ അയാൾക്ക്‌   പ്രയോഗിക്കേണ്ടി  വന്നു.


'ദൈവമേ ആരും  കാണരുതേ '  അയാൾ മനസ്സിൽ  പിറുപിറുത്തു കൊണ്ടേയിരുന്നു .

വഴിയിൽ ആരും  കാണരുതേ . ഒരു  തൂവാല  കിട്ടിയിരുന്നെങ്കിൽ  മുഖം മറയ്കാമായിരുന്നു.

"രാമു  നിന്നെ കണ്ടിട്ടൊത്തിരി നാളായല്ലോ ?"  സുഹൃത്ത്‌  കുടുംബത്തോടൊപ്പം  എങ്ങോട്ടോ  പോകുകയാണ് .
മറുപടി  എന്ത് പറഞ്ഞെന്നു  അയാൾ ഓർക്കുന്നില്ല. .കൂട്ടുകാരന്  സംശയം  തോന്നാതിരിക്കാൻ   കൈ  അല്പം അയച്ചു പിടിച്ചു . വർത്തമാനം പറയുമ്പോൾ  ഉയർന്നു താഴുന്ന   വെള്ളി  വീണ  മീശയെ അവൾ  അത്ഭുതത്തോടെ    നോക്കി .


കൂട്ടുകാരൻ പോയി കഴിഞ്ഞു. പീഡനത്തിൽ  നിന്നും  കഷ്ടിച്ച്  രക്ഷപ്പെട്ടു .  വേറാരെങ്കിലും  ആയിരുന്നെങ്കിലോ ? അവർക്ക് സംശയം തോന്നിയാലോ ?  അവളുടെ  കൈ  മുറുക്കി  പിടിച്ചു  നടത്തത്തിൻറെ  വേഗം  കൂട്ടി .

വീടിൻറെ മുറ്റത്തെത്തി

"ആഹാ!  ഇതാരാ  പതിവില്ലാതെ ?' ചിരിച്ചു  കൊണ്ട്  വാതിൽക്കൽ  നിൽക്കുന്ന അച്ഛൻ .
അയാൾ ചിരിച്ചില്ല


വല്ലാത്ത  ക്രോധത്തോടെ  അവളുടെ  കയ്യിൽ പിടിച്ചു  കുലുക്കി  .ശബ്ദം താഴ്ത്തി  പറഞ്ഞു .


"ഇവൾ, നിങ്ങളുടെ  മകൾ, മീനാക്ഷി  ; എൻറെ മുഖം മറയ്ക്കാനൊരു തൂവാലയുമായി   വന്നു ."


'ദുഷ്ടൻ നിനക്കീ  ജന്മത്തിൽ പെണ്ണ് കിട്ടില്ല '

മനസിൽ  പിറു പിറുത്തും കൊണ്ട്  അവൾ  അകത്തേയ്ക്ക്  പോയി .


-----------------------------------------------------------------------------------------------------




       







2013, ജൂലൈ 25, വ്യാഴാഴ്‌ച

കറുത്ത പൊന്ന്

കറുത്ത  പൊന്ന്
-----------------------

പച്ച നിറം ഞെട്ടിറുത്തു

ചവിട്ടി  മാറ്റി  തെറുത്തെടുത്തു

ചെമന്ന  ആ  മുത്തെടുത്തു മുത്തമിട്ടു

മുറത്തിൽ പാറ്റി

കറുത്തു ചുക്കി  ചുളിഞ്ഞ   മേനി
നോക്കി നിൽക്കാതെ

തരം തിരിച്ചു  കൂന  കൂട്ടി

പറ  നിറയ്ക്കുവിൻ

ഈ പൊന്നിൻ  നിറം  കറുപ്പ് നിറം
നട്ടെടുത്തെന്നാൽ

ഭൂമി  മലയാളമിന്നു സുന്ദര  രാജ്യം
---------------------------------------------------

2013, ജൂലൈ 23, ചൊവ്വാഴ്ച

ഒരു തെന്നൽ എൻറെ കണ്ണിൽ
ഒരു പിടി  നീർ  കണങ്ങൾ  വാരിയിട്ടു
ആഹ്ലദമൊ   സങ്കടമോ
അതെനിക്കറീ ല 

2013, ജൂലൈ 22, തിങ്കളാഴ്‌ച

ഏക താരം

ഏക താരം

ഏകനായി പോകും  ഈ മനസിലെ താരം
ക്ഷണികമീ ഭൂവിൽ ചില നേരമെങ്കിലും

കരുണയിൽ കാതൽ കാണ്മതില്ലിവിടെ
വേർതിരിവിൻ  വന്മതിൽ  തീർത്തു നീയും

പ്രേമമോ  പിന്നെ  പലവഴി പിരിയും
മോഹ ഭംഗങ്ങൾ കാരണമായാൽ

മനസിലെ  ആശ  ചാരമായി  മാറി
ഇണക്കിളി  ദൂരെ  പറന്നു പോയി

ഞാൻ നിനക്കായി കാത്തിരിക്കുമെന്ന്
ചൊല്ലി ക്ഷയിച്ചു കാത്തിരുന്നേകനായി

എങ്കിലുമെൻ മനം നിറയ്കുന്നീ സന്ധ്യയിൽ
നിൻറെ സിന്ധൂര വർണ്ണങ്ങൾ  ഓർത്ത്

നിശീഥിനി പാടുന്നു നിൻറെ സങ്കീർത്തനം
എനിക്കായിട്ടെന്നും
 മധുരമീ  നിദ്ര ശുഭ പ്രഭാതം നൽകും

പ്രഭാത സൂര്യൻ എന്നെ ഉണർത്താതെപോകും
പിന്നെയും എപ്പോഴോ നിൻ മൊഴി കേൾക്കും

പ്രിയ സഖി  നീയെന്തേ സ്വാർത്ഥയാകുന്നു
പൂഴ്ത്തി വച്ചില്ല ഞാൻ നിൻറെസ്വാതന്ത്ര്യം

നിൻറെ സ്വാതന്ത്ര്യം  മടുത്തു എന്നാകിൽ
വരൂ  ഞാനിവിടെ  കാത്തിരിക്കുന്നു

എന്തിനെന്നു  അറിയില്ല  ഏതിനെന്നു അറിയില്ല
എന്നും നിനക്കായി  ക്ഷയിച്ചു  ഈ ജീവിതം .

2013, ജൂലൈ 19, വെള്ളിയാഴ്‌ച

ബീജം കലരാത്ത ഗർഭ  പാത്രം
                    കരയുന്നു
മകനേ  നീ വീണ്ടുമൊരു   ഭ്രൂണമായി
വരുമെങ്കിൽ  ഞാൻ ഭ്രഷ്ടയാകം
നിനക്കീഭൂമിയിൻ  നന്മ കാട്ടി തരാം .

2013, ജൂലൈ 18, വ്യാഴാഴ്‌ച

ശബ്ദ രൂപം

രൂപമില്ലാത്തവയ്ക്കു  രൂപം കൊടുക്കുവാൻ
ആകുമീ ശബ്ദ രൂപങ്ങൾക്ക്‌

ഇല്ലാത്ത പാത്രങ്ങൾ  കോറീയിടുന്നു
പണ്ടത്തെ കഥകൾ  കേട്ടുകൊണ്ട്

ആരെയും  പേടിച്ചിട്ടില്ലായെങ്കിലും
കേട്ടു കേട്ടു ദൈവത്തെ  ഭയപ്പെടുന്നവർ
                            മനുഷ്യർ


ചരിത്രങ്ങൾ മാറ്റി എഴുതിയവർ
ശബ്ദ രൂപത്തിലിന്നും  ജീവിക്കുന്നു .

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക

ശബ്ദരൂപങ്ങൾ നൽകുന്നു
മാറ്റങ്ങൾ , യുദ്ധങ്ങൾ  പുരോഗമനങ്ങൾ .


വെളുപ്പിന്  വിശപ്പിൻ  അലറൽ
                           കേട്ടാലറിയാം
അകലെ  മൃഗശാലയിൽ  സിംഹമാണെന്ന് .


കേട്ടാലറിയാം ദൂരെ പായും വണ്ടിയേതെന്നു;
കണ്ണെത്താ  ദൂരത്തെ  വിമാനം അറിയാം
 അത് സഞ്ചരിക്കും ശബ്ദത്തിലൂടെ .


നാദം കേട്ടെതിർ പാട്ട് പാടും
കുയിലെന്നറിയാൻ  രൂപമേ  വേണ്ടാ



സ്വപങ്ങൾക്ക്  വിലക്ക് കൽപ്പിക്കുന്നു
  കണ്ടിട്ടേയില്ലാ താ  ചീവിടിൻ ശബ്ദം


മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം ഇന്നത്തെ   ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


അമ്മയെനിക്കെന്നുമൊരു ശബ്ദ രൂപം.
'മകളേ  ' എന്ന്  എത്ര ദൂരെ  നിന്ന്  വിളിച്ചാലും
തിരിച്ചറിയുന്നേൻ മാതാവിൻ  ശബ്ദ രൂപം.



അച്ഛൻ പിരിഞ്ഞു  ഏറെ ആയെങ്കിലും,
രാത്രിയിൽ  കാർക്കിച്ചു  വരവ്
അറിയിക്കുന്നതിപ്പോഴും  കേൾക്കുന്നു



ചേച്ചിയും  ചേട്ടനും  എത്ര അകന്നാലും
'കലപില ' എന്നത്  മറക്കുവാനാകില്ല
ഉമ്മറത്തിൽ കേൾക്കുമേ  ഇപ്പോഴും
 ദൂരെയാ തൊടിയിലെ 'കലപിലകൾ  '



ഉച്ചത്തിൽ  സംസാരിക്കും  ചെറിയമ്മ ,
ചിറ്റപ്പൻ  ആൾ രൂപങ്ങൾ  അല്ല
വെറും  ശബ്ദ രൂപം.


ഇന്നേയ്ക്ക് നമ്മൾ  ഉണ്ടാക്കുന്ന  ശബ്ദങ്ങൾ
നാളെ തലമുറയ്ക്ക്  നമ്മുടെ രൂപമാണ് .


 മധുരമോ , പരുക്കനൊ ,  നീളമോ,  കുറുകലോ
നാം നാളത്തെ  ശബ്ദ രൂപങ്ങളാണ്

വിസ്മൃതിയിലാണ്ട്  പോകാതെയിരിക്കുവാൻ
ശബ്ദ മുണ്ടാക്കുക  ശബ്ദ മുണ്ടാക്കുക


നാളത്തെ നമ്മുടെ നല്ല രൂപം  മെനയുക













2013, ജൂലൈ 14, ഞായറാഴ്‌ച

കഥാർസിസ്




വേണമെൻ   കഥകളിൽ
                        വികാര  വിമലീകരണം

ആദ്യത്തെ  പാദത്തിൽ  കോപം അടങ്ങി
രണ്ടാമത്തെതിലോ  അസൂയയും

ഈർഷ്യയും  പിണക്കവും
               ഒന്നൊന്നായ്  അലിഞ്ഞു


വെട്ടി നിരത്തി ജാതി ചിന്തയൊക്കെയും


മതേതരത്വത്തിൻ  കൊടികൾ  പറത്തി

രാഷ്ട്രീയ  തത്വങ്ങൾ  നിരത്തി
രാഷ്ട്രീയ  കൂട്ടത്തെ  പോരിനു  വിളിച്ചു


കോഴയിൽ  വാങ്ങിയ  ഉദ്യോഗത്തെ
                               പുച്ചിച്ചു

ദാരിദ്ര്യം , കർക്കിടക  കെടുതികൾ  പാടി
 കരയിപ്പിച്ചും , നിലവിളിപ്പിച്ചും


കള്ളനും  പിടിച്ചു  പറിക്കാരനും
                      വേശ്യയും
സാമൂഹ്യ വിരുദ്ധരെന്നു  വരുത്തിയും
ജടാഭിലാഷക രെയും  വിമലീകരിച്ചു .


സംതൃ പ്തയായ കഥാകാരിയായി
'ബൂലോക'ത്തിൽ  ഇട്ടു  വായനയ്ക്കായി

നിമിഷങ്ങൾ  നിമിഷങ്ങൾ   കഴിയുന്തോറും
വികാര തള്ളലിൽ  ഭൂലോകം  പൊട്ടി

ആദ്യത്തെ  മറുപടി  കോപത്തോടെ
പിന്നെയും  ഇത്തിരി  ഈർഷ്യയോടെ

പിന്നെയും പിന്നെയും  വായിച്ചപ്പോൾ
എൻറെ  ജഡാഭിലാഷങ്ങൾ  പോലും
                                    മരിക്കുമാറു
വായനക്കാരൻറെ  നല്ല ഒരു -----------------------




2013, ജൂലൈ 12, വെള്ളിയാഴ്‌ച

പ്രകൃതിയോട്‌


എന്തിനു  തെറ്റിക്കുന്നു
                നിൻ  നിയമങ്ങളെ
നിന്നാൽ  കഴിയാത്ത
               നീർ  കുടിക്കുന്നതെന്തിനു ?
മ്ലെച്ചതതകളോട്  പ്രതികാരമോ
 വറ്റി  വരണ്ട  കുളങ്ങളിൽ
                പരൽ മീനുകൾ
ചത്തു ഒടുങ്ങുന്നതു  കണ്ടാഹ്ലാദമോ ?




പിന്നെയും  നിൻറെ ക്രോധം  കെടാതെ
കടൽ പൊട്ടിചൊഴിക്കുന്നു
                          ധരിണിമേൽ
ബൽഹീനർ  മനുഷ്യർ
                തങ്ങുമീ  മണ്‍ കൂടാരത്തിൽ
വെറും കീടങ്ങൾ  പുഴുക്കൾ
                         അഹങ്കാരികൾ
നിൻറെ  കോപത്തിൽ  ഒലിച്ചു പോം
                     വെറും  പാഴ് മരങ്ങൾ



ആകില്ല  നശിപ്പിക്കാനീ  ഭൂമിയെ
                                  നീരിനാൽ
നീയെത്ര കോപിച്ചാലും

' അഗ്നിക്കായ്  സൂക്ഷിച്ചിരിക്കുന്നീ
                                    ഉർവ്വിയെ '

അറിയുന്നില്ലേ നീയുമാ   ആപ്ത  വാക്യം



അഗ്നിയെ ശേഖരിക്കൂ  നീ നിൻറെ
                            ചൂളയിൽ

കത്തിയെരിക്കുവാനീ  ഭൂമിയിൻ
ജീവനും ജീവ ജാലങ്ങളും


 മൊത്തമായി  തീർക്കുവനാകുമീ-
                         മ്ലേച്ഛത
അഗ്നിയാൽ  നക്കി  തുടച്ചെന്നാകിൽ

2013, ജൂലൈ 11, വ്യാഴാഴ്‌ച

ഇടിയും മിന്നലും --------------------------



ഇടിയും  മിന്നലും
--------------------------


നിദ്ര തൻ  നാലുകെട്ടിൽ
 അർദ്ധ  നിശീഥിനിയിൽ
നിൻ  സ്വരം  കേട്ടു ഞെട്ടിയുണർന്നു .


നിദ്ര  കേട്ടു ഞാനെഴുതിയ
             അക്ഷര തുണ്ടുകൾ
വെന്തു വെണ്ണീ റാ യി
                     നിന്റെ  ആലിംഗനത്തിൽ


എന്തിനു  നീയെന്നെ  നിശ്ചലയക്കുന്നു
                        നിൻറെ കരുത്താൽ

തുറന്നിട്ട  വാതായനങ്ങളില്ലെങ്കിലും ,

 നെഞ്ചകം  പിളരർന്നു  ഞാൻ പെറ്റ
 അക്ഷര  കുഞ്ഞുങ്ങളെ വിഴുങ്ങി  നീ
                            കോപം  ശമിക്കാതെ

ഞാനിതാ  കേൾക്കുന്നു  എൻറെ  കുഞ്ഞുങ്ങളിൻ
                               വിലാപം


കെട്ടിയടച്ച  നാലുകെട്ടിൽ
അന്ധകാരത്തിൽ  ഞാനെന്തു  ചെയ്യാൻ?

2013, ജൂലൈ 7, ഞായറാഴ്‌ച

അരങ്ങിൽ നിന്ന് അടുക്കളയിലേയ്ക്ക്






എല്ലാരുമിങ്ങനെ  അരങ്ങു  വാണാൾ
ആരാണ്  ചമയ്പ്പതു  നല്ലയാഹാരം ?



പുകയറയിൽ നീറുന്ന  കണ്ണുമായി
പൂർവ്വന്മാർ  ചമച്ച കാവ്യ  ഭക്ഷണത്തിൻ
രുചി  മറന്നു പോയോ ?



ഏതാണ്  ശരിയെന്നും  ഏതാണ്  തെറ്റെന്നും
അറിയാത്ത കാലത്തിൽ

പകച്ചു പോയ ജന്മങ്ങൾ
നീറി പുകഞ്ഞെഴുതി  കാലത്തിൻ
             അഗ്നിയിൽ
നാടൻ  പാട്ടുകൾ  പോലുമന്നത്തെ
രുചിയുള്ള  ആഹാരം .



പുകയില്ലാ  കുശിനികൾ , അടുക്കി  വച്ച
                                വ്യഞ്ജനങ്ങൾ
പകൽ  പോലെ വെളിച്ചം  തരും
                           കണ്ണാടി  ചുമരുകൾ.



എന്നിട്ടും നീയിന്നും  നിലാവിനെ പ്രണയിച്ചു
മഴയേ  പ്രണയിച്ചു  പൂമുഖത്തു  തന്നെ
                                   ഉലാത്തുമെങ്കിൽ ,


യാത്ര  പോയ  നിൻറെ  മക്കൾ
ജീവിത  പന്ഥാവിൽ  തോറ്റു  നിന്നരികിൽ
                                  വന്നാൽ

ജടാരഗ്നിയെ ശമിപ്പിചു ഊർജം
                      കൊടുക്കുവനാരുണ്ട് ?


അരങ്ങിൽ  നിന്ന് അടുക്കളയിലേയ്ക്ക്
                ഒരു പോക്ക് നല്ലതല്ലേ?

-------------------------------------------------------------