ജനപ്രിയ പോസ്റ്റുകള്‍‌

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

മിഴിയോരം

 മിഴിയോരം
-----------------

'ഞാൻ എങ്ങോട്ടെന്നില്ലാതെ  പോകും  അതായിരിക്കേണം നീ എനിക്കായി  വച്ചിട്ടുള്ള  വഴി '
മറ്റൊന്നും അവൾക്കു  ദൈവത്തോട്  പറയാനില്ലായിരുന്നു .

 ഫീസ്  അടയക്കാനുള്ള   കാശ്  മാത്രമാണ്  കയ്യിൽ  ഉള്ളത് . ഇനി  പരീക്ഷ ഫീസ്‌  അടയ്ക്കേണ്ട  കാര്യമില്ല . ഒന്നും  പഠിക്കാൻ കഴിയാത്ത  ഈ നരകത്തിൽ ഇനി ഒരു നിമിഷം താമസിക്കാൻ വയ്യ
അതി രാവിലെ ഗ്രാമം വിട്ടു . നഗരത്തിൽ  ചുറ്റിത്തിരിഞ്ഞു .

"എവിടേയ്ക്കാ ?"  ആരോ  ചോദിച്ചു .

"ടെസ്റ്റിനു "

"എവിടെയാ ?

"കൊല്ലത്ത് "

 'ഓ ! പിഴച്ച പെണ്ണാണെന്ന്  ഇനിയിവർക്കു  സംശയമായിരിക്കും
അതെ  പിഴച്ച പെണ്ണാകാൻ  തന്നെയാണ്  പുറപ്പാടു . എനിക്ക്  പിഴച്ച പെണ്ണാകേണം .അമ്മ എന്തിനാണ്  എപ്പോഴും എൻറെ  നെഞ്ച്  കീറി  ഭേദ്യം  ചെയ്യുന്നത് ?'--മനസിൽ വാഗ്വാദങ്ങൾ  നടത്തി .


ഇനി ഒരു നിമിഷം പോലും ഈ  വീട്ടിൽ  പറ്റില്ല എന്ന് തോന്നിയപ്പോളാണ്  അവൾ ഇറങ്ങി തിരിച്ചത് .

ബസ്‌ സ്റ്റാൻഡി ലെ  വിശ്രമ മന്ദിരത്തിൽ കുറെ നേരമിരുന്നു .രണ്ടു രൂപ  കൊടുത്തു ഒരു ദിന പത്രം വാങ്ങി .

മക്കൾ അമേരിക്കയിൽ  ഉള്ള  അമ്മച്ചിയെ നോക്കാൻ ആളെ ആവശ്യമുണ്ട് .
ഇത്തരം  പത്ര  പരസ്യങ്ങൾക്ക്  പിന്നിൽ ചതിയാണ് ഒളിഞ്ഞിരിക്കുന്നത് .

'എനിക്ക് ചതിക്കപ്പെടെണം . ആണുങ്ങളോട് സംസാരിച്ചാൽ പോലും ചതിക്കപ്പെടും എന്ന് പറഞ്ഞു ഉപദ്രവിച്ച്  ഉപ്പു രസം കുടിപ്പിച്ച അമ്മയ്ക്ക് ചതി എന്താണെന്ന് എൻറെ  ജീവിതത്തിലൂടെ കാണിച്ചു കൊടുക്കും '

 അവൾ പത്രം വീണ്ടും മറിച്ചു  നോക്കി . ആദ്യം പിടിച്ചിട്ടിരുന്ന ബസിൽ കയറി .
നൂറ്റൻപതു  രൂപാ  കൊടുത്തു ടിക്കറ്റ്‌ എടുത്തു . വേഗത്തിൽ മറയുന്ന കോലങ്ങൾ അവളെ നോക്കി കൊഞ്ഞനം കുത്തി . സഹിക്കാൻ കഴിയാതെ അവൾ ഉറക്കെ കരഞ്ഞു. വാഹനത്തിൻറെ  ചീറലിൽ  കരച്ചിലിൻറെ  ശബ്ദം കാറ്റ് കൊണ്ട് പോയി .

ആകാശം  കുളിക്കാൻ  മഞ്ഞൾ  തേയ്ക്കുന്ന  നേരമാണ്  ചതിയ്ക്ക് വേണ്ടി ദാഹിച്ചു മീനച്ചിലാറിൻറെ തീരത്ത്  അവൾ ചെന്നിറങ്ങുന്നത് .

'ഞാനൊരു വേശ്യ ആകാൻ പോകയാണ് . ലോകമേ  , നീയെന്നെ അങ്ങനെ വിളിച്ചോളൂ   സാരമില്ല . പ്രായത്തിലും താങ്ങാൻ കഴിയുന്നതിലപ്പുറം   ദുഖ : ഭാരങ്ങളിനിയില്ല . നിങ്ങൾ പറയുന്ന വാക്കുകൾ ഇനി ഘനമേറിയവയല്ല .. അവളുടെ കണ്ണീര മീനച്ചിലാർ എറ്റു  വാങ്ങി .


  ജോലിയുടെ സ്വഭാവത്തെ  കുറിച്ചൊന്നും അവൾ അവരോടു ചോദിച്ചില്ല . അവർ  പറയുന്നത് മിണ്ടാതെ കേട്ട് കൊണ്ടിരുന്നു.
അപ്പുറത്തെ റൂമിലേയ്ക്ക് പൊയ്കോളൂ . നാളെ  ജോലിയ്ക്ക് കയറി കൊള്ളാം ."

ജനിച്ചു വളർന്ന  വീട്ടിൽ നിന്നും ആദ്യമായി ഇരുന്നൂറു  കിലോ മീറ്റെറുകൾക്ക്   അകലെ. അവൾക്കു   അൽപം പോലും ഭയം  തോന്നിയില്ല.

 ' ഇന്നത്തെ ഈ രാത്രി തൻറെ  വീട്ടുകാരെ നോക്കി പരിഹസിക്കാനുള്ള രാത്രി ആണ് . ഈ രാത്രിയിലെങ്കിലും അവർ ഐക്യത്തോടെ ഉറങ്ങിയാൽ മതി ആയിരുന്നു ' -    എത്ര വലിച്ചെറിയണമെ ന്നു  വിചാരിച്ചിട്ടും  ആത്മാവ് വീട്ടുകാരെ  വിളിച്ചു കൊണ്ടിരുന്നു\.

റൂമിൻറെ  മുൻപിലെത്തി  അയാൾ ബെല്ലടിച്ചു .

"ചേടത്തി  ഒരാളും കൂടി ഉണ്ട് . ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ട് .കഴിച്ചിട്ട് കിടന്നോള്  നാളെ ജോലിയ്ക്ക് കയറാം ."

 പ്രായമുള്ള ഒരു സ്ത്രീ  വാതില്ക്കൽ  നില്ക്കുന്നു .
അവളെ കണ്ടതും അവർ ഓടി ചെന്ന് കെട്ടി പിടിച്ചു രണ്ടു കവിളിലും ചുംബിച്ചു.

"ആരെങ്കിലും ഒരാള് കൂടി വന്നിരുന്നെങ്കിലെന്ന് ഞാൻ പ്രാർത്ഥിക്കായിരുന്നു"

അതൊന്നും അവൾക്കു വല്യ താൽപര്യമായി  തോന്നിയില്ല

'ഇതൊക്കെ എജെന്റുകളുടെ  സോപ്പിടൽ മാത്രമാണ് .ഇതിൻറെ  ആവശ്യമൊന്നും എനിക്കില്ല .' അങ്ങനെ പറയേണം എന്നുണ്ടായിരുന്നു  അവൾക്കു .

ക്ഷീണം ഉണ്ടെങ്കിലും ഉറങ്ങാൻ കഴഞ്ഞില്ല
"മോളെന്താ  ഒന്നും മിണ്ടാത്തെ ?"
"യാത്രാ  ക്ഷീണം ചേടത്തി "
"ഓ ! ശെരിയാണ്  മോൾ ഉറങ്ങിക്കോളു രാവിലെ വിളിക്കാം "

നട്ടെല്ലിനു വല്ലാത്ത വേദന  .ഒത്തിരി ദൂരം യാത്ര ചെയ്തെന്നു കിടന്നപ്പോൾ ആണ് അറിഞ്ഞത്  .

"മോളെ നിനക്കെന്തോ പ്രശ്നം ഉണ്ടല്ലോ . എൻറെ  മനസു അങ്ങനെ പറയുന്നു ."
അവൾ പകുതി ഉറങ്ങിയതെയുള്ളൂ .

"ഒന്നുമില്ല ചേടത്തി. ക്ഷീണം ഞാൻ ഉറങ്ങട്ടെ "

"ഇല്ല മോളേ . നിനക്കെന്തോ പ്രശ്നം ഉണ്ട്  .  എന്നെ മോളുടെ അമ്മയാണെന്ന് വിചാരിച്ചാൽ മതി  "

'ഈ തള്ളയ്ക്കെന്താ  കുഴപ്പം'  അവൾ  മനസിൽ പിറുപിറുത്തു  ഒന്നും ,മിണ്ടാതെ ഉറങ്ങി .

"മോളെ എഴുന്നേ ൽക്കു "  --ഇവര് വല്യ ശല്യം തന്നെ. കണ്ണ് തുറന്നു.  സൂര്യൻ പകലിലേയ്ക്ക് ഇതളുകൾ വിടർത്തി കൊണ്ടിരുന്നു .
മേശപ്പുറത്ത്  ചായ ഇരിക്കുന്നു .

"മോളെ  ഉറക്കത്തിലെ നിൻറെ  തേങ്ങലുകൾ കാരണം ഞാൻ ഇന്നലെ  ഉറങ്ങിയില്ല "
'ഇവരെന്തിനു എനിക്ക് കാവലിരിക്കണം '- അവരുടെ നിറഞ്ഞ കണ്ണുകളിലേയ്ക്ക് അവൾ പകച്ചു നോക്കി .

86 വയസുള്ള അമ്മച്ചി കുളിമുറിയിൽ തെന്നി വീണതാണ്  കയ്യിൽ  ചെറിയ പൊട്ടൽ. എങ്കിലും മിടുക്കിയായ മുത്തശി . വായനയിൽ വല്ലാത്ത ഹരം. അവൾക്ക്  അവിടെ അധികം ജോലിയൊന്നും ഇല്ലായിരുന്നു . പുസ്തകങ്ങൾ വായിച്ചു കൊടുക്കൽ തന്നെ ആയിരുന്നു പ്രധാന ജോലി.


സമയം കിട്ടുമ്പോഴൊക്കെ അടുക്കളയിലേയ്ക് ഓടും ചേടത്തിയെ സഹായിക്കാൻ . ചേടത്തിയോടു  വാതോരാതെ സംസാരിക്കാൻ അവൾ ശീലിച്ചു. സ്നേഹം നിറഞ്ഞു കവിയുന്ന ആ കണ്ണുകളിൽ അവൾ ഇടയ്ക്കിടയ്ക്ക് ചുംബിക്കും.

"കെട്ട്യോൻ കളഞ്ഞിട്ടു പോയി  മൂന്നു പെണ്ണും ഒരാണും മക്കൾ. ഒരുത്തിയെ കെട്ടിച്ചു . രണ്ടാത്തോളെ കെട്ടിക്കാൻ ഒരു വർഷം  എങ്കിലും അടുക്കള പണി ചെയ്തു കൂട്ടി വയ്ക്കണം .  മൂന്നമാത്തവൾ  പോളിയോ പിടിപെട്ട്  ഒരു ക്രിസ്ത്യൻ കോണ്‍വെജക്,ന്റിൽ . നാലമത്തെതു  ആണ്‍ തരി "  എല്ലാ ദിവസവും കാണും  ചേടത്തിയുടെ നാട്ടിലെ  പുതിയ പുതിയ കഥകൾ .  അങ്ങനെ ചേടത്തി അവൾക്കു അമ്മയായി . ആ മാതൃത്വത്തെ കെട്ടി പുണർന്നാണ്  അവൾ ഉറങ്ങിയത്

"മറ്റെ  കക്ഷി എവിടെ ?" കോടതിയുടെ പടി കയറുന്നതിനിടയിൽ അവിടെ നിന്ന പോലീസുകാരി
"ശോ ! അങ്ങനെ ചോദിക്കാതെ ഇത് ആ ടൈപ്പ് കേസ് അല്ല " അവളുടെ കൂടെ ഉണ്ടായിരുന്ന പോലീസുകാരി .

"വീട് വിട്ടു പോകാൻ കാരണം എന്താണ് ?"

"അമ്മ ദേഷ്യപ്പെട്ടപ്പോൾ വിഷമം തോന്നി  പോയതാണ് ."

"അമ്മയ്ക്കെതിരെ പരാതി ഉണ്ടോ ?"
"ഇല്ല "

 കോടതിയ്ക്ക് മുൻപിൽ നിർവികാരയായി  മറുപടി പറഞ്ഞു കൊണ്ടിരുന്നു .

"ഒറ്റയ്ക്ക്‌ താമസിക്കാൻ ആണോ താല്പര്യം അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കാൻ ആണോ താല്പര്യം.? "

"അച്ഛനോടും അമ്മയോടും ഒപ്പം "

"ചേടത്തി  എനിക്ക് നിങ്ങളെ കാണേണം . നിങ്ങളുടെ കണ്ണുകളിൽ  എനിക്ക് ചുംബിക്കേണം . നിങ്ങളുടെ മകളായി ജീവിച്ചു  മരിക്കേണം "  -അവൾ പൊട്ടി കരയുന്നത് ഫോണിൻറെ  അങ്ങേ തല്യ്ക്കൽ നിന്നും ചേടത്തി അറിഞ്ഞു

"കഷ്ടപ്പാടുകളിൽ ധൈര്യമയിട്ടിരിക്ക്     മോള് പഠിച്ചു  വല്യ ആളാകുമ്പോൾ  ഈ ചേടത്തിയെ കാണാൻ വരേണം."


കാലം അവളെ മിനുക്കിയെടുത്തു . ഭൂത കാലത്തെ അവൾ  കടലാസുകളിൽ വരച്ചു തീ നാളങ്ങൾക്ക് ഭക്ഷണമാക്കി . കറുത്ത പൊടികൾ കാറ്റിൽ  പറന്നു അന്തരീക്ഷത്തിൽ ലയിച്ചു.

അവളുടെ ചൂണ്ടു വിരലുകൾ  ഉത്തരവുകളിട്ടു . വികാരങ്ങൾ മന്ദീഭവിച്ചു. ദുഖങ്ങളും സന്തോഷങ്ങളും വേർതിരിച്ചു  തൂക്കം നോക്കാൻ നേരമില്ലാതെ ആയി.. ജോലി, കൂട്ടായ്മകൾ, യോഗങ്ങൾ, പ്രസംഗങ്ങൾ, ക്ലാസുകൾ    ഒരു ദിവസം ഇരുപത്തി നാല് മണിക്കൂർ അവൾക്കു മതിയാകില്ല .

'എന്തിനിപ്പോൾ അയാളെ ശ്രദ്ധിച്ചു.  അയാളെ വീണ്ടും നോക്കി .?'

ആൾ കൂട്ടത്തിനിടയിൽ യദൃശ്ചികമായിട്ടാണ്  അയാളുടെ കണ്ണുകളിലേയ്ക്ക്  അവളുടെ നോട്ടം ആഴ്ന്നിരറങ്ങിയത് .

"ഒരു ഫോട്ടോ എടുത്തോട്ടേ ?"  അവൾ  ചോദിച്ചു .
"ആയിക്കോട്ടേ ." അയാൾ അടുപ്പമുള്ളവരെ പോലെ പെരുമാറി .
അയാളുടെ കണ്ണുകൾ  സൂം ചെയ്തു ഒരു ഫോട്ടോയും എടുത്തു .

"ഫോട്ടോ കൊറിയർ ചെയ്തോളു മേൽവിലാസവും  ഫോണ്‍  നമ്പരും തരാം "

"ഊം " അവൾ മൂളി

സ്ഥല പേര് വായിച്ചതും അവൾക്കു വലിയ ആഹ്ലാദം തോന്നി .

"വീട്ടിലെത്തിയോ ?"

"അയ്യോ അതിനു സമയം ആയില്ലല്ലോ പകുതി ദൂരം എത്തിയതേ  ഉള്ളൂ  "
 തന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നു പോലും കരുതാതെ ക്ഷമയില്ലാതെ വിളിച്ചതിൽ  അവൾക്കു  നാണക്കേട്‌ തോന്നി .

അയാളുടെ ആഴമുള്ള  കണ്ണുകൾ  വീണ്ടും കാണാൻ കൊതിച്ചു  കൊണ്ട് അവൾ  തിരിഞ്ഞും  മറിഞ്ഞും കിടന്നു അസ്വസ്ഥമായി. വളരെ വൈകിയാണ് ഉണർന്നത്.  തൻറെ ദിനചര്യയിൽ പോലും ഒറ്റ ദിവസം കൊണ്ട് മാറ്റം  സംഭവിച്ചു .

വീട്ടിൽ  ഭാര്യ ,രണ്ടു പെണ്മക്കൾ . പ്രണയ വിവാഹം ആയിരുന്നു അയാളുടേത്  അയാളെ കുറിച്ച് അറിയുന്തോറും  അടുപ്പം കൂടി കൊണ്ടിരുന്നു.

"നീ ഒരു പാട്ട്  പാടുമോ ?" ഒരിക്കൽ അർദ്ധ  രാത്രിയോടടുത്തു   അയാൾ  അവളെ വിളിച്ചു .

പാടി കഴിഞ്ഞപ്പോൾ  താനൊരു പാട്ടുകാരി ആണെന്ന് ആദ്യമായിട്ടവൾക്ക്  തോന്നി.

"നിനക്കറിയുമോ\ ഞാനൊരു പാറയുടെ  മുകളിൽ  ആണിപ്പോൾ. എനിക്ക് മരിക്കേണം. സമധാനമില്ല "

സ്നേഹമില്ലാത്ത  കുടുംബ ജിവിതമാണ്  അയാളുടെതെന്നു അറിഞ്ഞപ്പോൾ അവൾക്കു സഹതാപം തോന്നി .

സാധാരണ സമാധാനത്തോടെ ജീവിക്കത്തവരോട് അവൾക്കു വെറുപ്പാണ് തോന്നാറുള്ളത്

 "നിങ്ങൾ എൻറെ ഭർത്താവിൻറെ  കാമുകി ആണ് " അയാളുടെ ഭാര്യ
പിന്നെടെപ്പോഴോ വിളിച്ചു പറഞ്ഞു

അവളുടെ സൌഹൃതത്തെ വെളിപ്പെടുത്താൻ തെളിവുകളില്ലാതെ പോയി.

അയാൾക്കും  ഭാര്യയ്ക്കും കൌണ്‍സിലിംഗ് നടത്തി . പൊരുത്തപ്പെട്ടു പോകുന്ന ലക്ഷണമില്ല.  ഇയാളുടെ പുറം പൂച്ച് ലോകത്തിൻറെ  മുൻപിൽ  വലിച്ചു കീറി കാണിക്കേണം ഭാര്യയ്ക്ക് നിർബന്ധമായി .

അങ്ങനെയാണ് ആ ചാനൽ വിളിച്ചിട്ട്  തെറ്റുകാരിയായ  അവൾക്കും   ക്യാമറയ്ക്ക്  മുൻപിലേയ്ക്കു പോകേണ്ടി വന്നത് .

തൻറെ മകൻറെ  ജീവിതത്തെ തകർത്ത  തേവിടിശിയ്ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ ആണ് ആ അമ്മയും അവിടെ എത്തിയത് .

" പ്രകൃതീ ഞാൻ തെറ്റുകാരിയാണ് , ഈ കണ്ണുകൾ  ആണ് അയാളിൽ കണ്ടത്. പ്രകൃതിയെ തിരിച്ചറിയാൻ കഴിയാതെ പോയതാണ് എൻറെ  തെറ്റു"
 അവൾ പ്രകൃതിയിലേയ്ക്കു  നോക്കി പറഞ്ഞു .

"എൻറെ അമ്മയാണ് ഇത്.  ജീവിത കാലം മുഴുവനും ഇവരോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിച്ചവൾ ആണ് ഞാൻ . ഈ കണ്ണുകളിലേയ്ക്ക് ഒത്തിരി നേരം നോക്കി ഇരുന്നിട്ടുണ്ട് "

ചേടത്തിയും അവളും അശ്രു കണങ്ങളോടെ ആലിംഗബദ്ധരായി
--------------------------------------------------------------------------------------------


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ