നട്ടുച്ച വെയിൽ
**************
"എടി നട്ടുച്ചയ്ക്ക് കോട്ടിയത്തറ വിള വഴി പോകരുതേ . അൽപം ചുറ്റിയലും സാരമില്ല മെയിൻ റോഡു വഴി പോയാൽ മതി"
"ഓ അമ്മയ്ക്കൊക്കെ ഇപ്പോഴും അന്ധ വിശ്വാസമാണ് . അവ്ടെയെങ്ങും പേ ഊളനൊന്നും ഇല്ല ."
പിന്നെ തിരിഞ്ഞു ലോലിതയോടായി പറഞ്ഞു " നീ വാ നമുക്ക് പോകാം "
ശ്രീ ദേവിയും ലോലിതയും തിടുക്കപ്പെട്ടിറങ്ങി
"പിള്ളേരെ നിങ്ങളീ നട്ടുച്ചയ്ക്ക് ഈ വഴി പോകല്ലേ " പാറതോട്ടിൻറെ കരയിൽ നിന്ന ത്രേസിയാമ്മ ചേടത്തിയുടെ ഉപദേശം.
ഇവടെ എല്ലാവർക്കും അന്ധ വിശ്വാസം ആണ് . ഉച്ചയ്ക്ക് പാറ തോട്ടിൽ കുളിക്കാൻ പാടില്ല, ഉച്ചയ്ക്ക് കുളിയ്ക്കാൻ വരുന്ന പെണ്ണുങ്ങളെ പാമ്പ് ചൂളമടിച്ചു വിളിക്കുമത്രേ . ത്രി സന്ധ്യയ്ക്കും ഈ ഭാഗത്ത് പെണ്ണുങ്ങൾക്ക് വിലക്കാണ് .
"പഠിപ്പും വിവരവും ഒക്കെ ഉള്ള നമ്മൾ എന്തിനാ ഇതൊക്കെ വിശ്വ സിക്കുന്നെ അല്ലെ ലോലിത "
"ഉം " ലോലിത മൂളി സമ്മതിച്ചു .
ശ്രീദേവിയുടെ വീട്ടിൽ രാവിലെ വന്നതാണ് ലോലിത . . ഡിഗ്രി അവസാന വർഷം പഠിക്കുന്നു. ഇന്നത്തെ അവധി രണ്ടു പേരുടെയും വീട്ടിലായിട്ടു തീർക്കാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു .
കമ്പി വേലി ചാടി കടന്നു .റബ്ബർ തോട്ടം വഴി നടന്നു. നാട്ടുച്ചയാണെങ്കിലും, വെയിലിൻറെ ചൂടില്ലാത്ത വെളിച്ചം മാത്രം മരങ്ങൾക്കിടയിലൂടെ കിട്ടി .
"ഊഫ് " ലോലിത ചാടി കാലുകുടഞ്ഞു
"എന്താ ?" ശ്രീ ദേവി ഭയത്തോടെ ചോദിച്ചു
പാമ്പ് അവരുടെ മുൻപിൽകൂടി ഇഴഞ്ഞു കാട്ടിനുള്ളിലേയ്ക്ക് പോയി .
"ഓ ! പേടിക്കേണ്ട അത് പോയി ." ശ്രീദേവി ലോലിതയുടെ കയ്യിൽ പിടിച്ചു .
നടത്തത്തിൻറെ വേഗം കൂട്ടി . ഇതേ വേഗതയിൽ നടന്നാൽ പതിനഞ്ചു മിനുറ്റിനകം അപ്പുറത്തെ മെയിൻ റോഡിൽ എത്താം . റോഡു കഴിഞ്ഞു വീണ്ടും പത്തു മിനുട്ടെങ്കിലും നടക്കേണം ലോലിതയുടെ വീട്ടിലെത്താൻ .
" ചീക്കുട്ടീ .."
"ഊം? " ശ്രീ ദേവി അത്ഭുതത്തോടെ ലോലിതയെ നോക്കി .
തൻറെ ബല്യ കാലകൂട്ടുകാരി രുദ്രയെ ഓർമ്മ വന്നു .അവളല്ലാതെ വേറാരും ഇങ്ങനെ വിളിച്ചിട്ടില്ല .
'ചീക്കുട്ടീ... "
ലോലിത വീണ്ടും വിളിച്ചു .
"എന്താടി നീ കൊച്ചു കുട്ടികളെ പോലെ ?" ഭയത്തോടെ ശ്രീദേവി ചോദിച്ചു .
"നിനക്കെന്നെ മനസിലായില്ലേ ? നാലാം ക്ലാസ്സ് വരെ നിൻറെ കൂട്ടുകാരി ആയിരുന്ന രുദ്ര . നീ എന്നെങ്കിലും ഈ വഴി വരുന്നത് കാത്തിരിയ്ക്കയായിരുന്നു ഞാൻ "
"എന്തിനാ?" അൽപം ധൈര്യത്തോടെ ശ്രീദേവി ചോദിച്ചു .
. സ്കൂൾ കുട്ടികളുടെ ക്യുവിൽ നിന്നുമാണ് താൻ അവസാനമായി രുദ്രയുടെ ശരീരം കണ്ടത് . വയൽ കരയിലൂടെ നീണ്ട മൌന ജാഥ .
ഈ റബ്ബർ തോട്ടത്തിലാണ് രുദ്ര മരിച്ചു കിടന്നത് . രാവിലെ റബ്ബർ ടാപ്പിങ്ങിനു വന്നചെറുക്കൻ ആണ് വലിയ തൂക്കു പാത്രത്തിലെ പാൽ മുഴുവൻ അലിഞ്ഞു ചേർന്ന മണ്ണിൽ ഉറങ്ങുന്ന രുദ്രയെ കണ്ടത് .
റോഡിലെ ചായ കടയിൽ പാൽ കൊണ്ട് കൊടുക്കുന്നത് നാലാം ക്ലാസുകാരിയായ അവളാണ് .ഒരു കിലുക്കാം പെട്ടിയായ അവൾ അരുണോദയത്തിങ്കൽ തന്നെ ഉണരും .അവളുടെ ദിന ചര്യ അവിടെ എല്ലാവർക്കും അറിയാം .
പെട്ടെന്ന് റോഡിലെതത്തുവാൻ തിരഞ്ഞെടുക്കുന്ന കോട്ടിയത്തറ വിള പണ്ട് മാടൻറെയും മറുതയുടെയും യക്ഷിയുടെയും പോക്ക് വരവ് വഴി ആയിരുന്നത്രെ .
പണ്ടൊരു പള്ളീലച്ചൻ പാതി രാത്രി അതു വഴി പോയപ്പോൾ എതിർപെട്ടത്രെ . ആകാശത്തോളം പൊങ്ങി നില്ക്കുന്ന മാടനെ അച്ചൻ പൊന്മുടിയിലെയ്ക്ക് നാട് കടത്തി.
തെക്കതിലെ കുടിയിരുപ്പു ദൈവം പിണങ്ങി .കര്യമന്വേഷിച്ചപ്പോഴാണ് പള്ളീലച്ചൻ ഓടിച്ച മാടനെയും കൂട്ടുകാരെയും തിരച്ചു കൊണ്ടുവരേണം എന്ന് .
ഏഴു ദിവസം കർമം നടത്തി . കല്ലുപാറയിൽ നിന്നും കാണിക്കാരെ കൊണ്ടുവന്നു ചാറ്റ് നടത്തി . മാടനുംകൂട്ടരും തെക്കതിലെയ്ക്ക് മടങ്ങി വരുന്ന സമയത്ത് പാലും കൊണ്ട് പോയ രുദ്ര എതിർപെട്ടു .മാടൻറെ അടിയേറ്റാണ് രുദ്ര മരിച്ചത്
"അങ്ങനെയല്ല ഞാൻ മരിച്ചത് " അൽപം ദേഷ്യത്തോടെ ലോലിത പറഞ്ഞു .
"പിന്നെ?"
"ഞാൻ അന്ന് പാലും കൊണ്ട് ഈ വഴി വന്നപ്പോൾ വെളിക്കിറങ്ങാൻ വന്ന രാമകൃഷ്ണൻ ......"
"ആ കിളവനോ ?"
'ഊം "
"അതിനു ചോര പാടുകൾ ഒന്നും നിൻറെ ദേഹത്തില്ലായിരുന്നു എന്നാണല്ലോ കേട്ടത് "
"ഞാൻ ശ്വാസം മുട്ടിയാണ് മരിച്ചത് "
രാമ കൃഷ്ണൻ ! അയാൾ വൃത്തി കെ ട്ടവൻ തന്നെയായിരുന്നു . രണ്ടാഴ്ചയോളം കാണാതിരുന്ന അയാളെ കളീക്കൽ വനത്തിൽ തൂങ്ങി യ നിലയിൽ കണ്ടു. രണ്ടു കാലുകളും മൃഗങ്ങൾ കടിച്ചു വലിച്ചു കണ്ണുകളിൽ പുഴു നിറഞ്ഞിരുന്ന അയാളെ താഴെ ഇറക്കിയത് ഒരു മുഴു കുടിയൻ ആണ് .
ഒരു പെണ്ണിനെ പിഴപ്പിച്ചാണ് കുടുമ്പിനി ആക്കിയത് . അവളെയും രണ്ടു കുട്ടികളെയുംപിന്നീട് ഉപേക്ഷിച്ചു . വേറൊരുത്തിയെ കത്തി കാട്ടി ഭയപ്പെടുത്തി ഭാര്യയാക്കി അവളിൽ മക്കളില്ല .ആരും കെട്ടാതെ പ്രായം കഴിഞ്ഞു നിൽക്കുന്ന ഒരുത്തിയെ കെട്ടാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ അമ്മ വീണ്ടും വഴക്കിനു വരുന്നത് . അമ്മയുടെ നെഞ്ചത്ത് ചവിട്ടി മുറ്റത് തള്ളിയിട്ട കാലാണത്രേ വനത്തിൽ വച്ച് മൃഗങ്ങൾ കടിച്ചു വലിച്ചത് .
" അയാളെ കെട്ടി തൂക്കിയത് ഞാനാണ് " അതിശയത്തോടെ ലോലിതയുടെ മുഖത്തെയ്ക്ക് നോക്കി
"നീയോ!"
"ഉം , ഞാൻ തന്നെ "
"ഒറ്റയ്ക്കോ ? അയാളെ കെട്ടി തൂക്കാനുള്ള ശക്തി നിനക്കുണ്ടോ ?"
ഞാൻ കുറഞ്ഞത് 80 വർഷമെങ്കിലും ജീവിക്കുമായിരുന്നു . അത്രയും വയസു വരെ ഒരു പെണ്ണിന് ജീവിക്കാൻ എത്രയധികം ശക്തി വേണം അത്രയും ശക്തി കുഞ്ഞു പ്രായത്തിലെ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ എൻറെഉള്ളിലെ ശക്തി വളർന്നത് എൻറെ മരണ ശേഷമാണ് "
ശ്രീദേവിയ്ക്ക് മിണ്ടാൻ കഴിഞ്ഞില്ല .
"നീയിപ്പോൾ കുട്ടികൾക്ക് വേണ്ടി സംഘടന ഉണ്ടാക്കി പ്രവർത്തിക്കുന്നു അല്ലേ ?"
"ഉം . കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ, അവരുടെ അരക്ഷിതാവസ്ഥകൾ ഇതൊക്കെ തടയേണ്ടത് സമൂഹത്തിൻറെ ഉത്തരവാദിത്തം ആണല്ലോ? എന്നാൽ കഴിയുന്നത് ചെയ്യുന്നു "
"അപ്പോൾ ഈ കാലഘട്ടത്തിൽ ജീവിച്ചാൽ കുട്ടികൾ സുരക്ഷിതരാണ് അല്ലെ ?"
"അതെ രുദ്ര " ലോലിതയെ രുദ്രയായി അംഗീകരിച്ചു
" ഞാൻ ഒരിക്കൽ കൂടി ജനിക്കട്ടേ ?.എല്ലാവരും കുട്ടികളെ കുറിച്ച് ബോധവാന്മാർ ആണല്ലോ ?"
"ഊം "
"ഓ! എത്രനേരായിട്ടു കാത്തിരിക്കുന്നു . ഇപ്പോഴത്തെ കാലത്ത് പുറത്തു പോയ പെണ്‍കുട്ടികൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കഷ്ടം തന്നെ "-- ലോലിതയുടെ അമ്മ വീടിൻറെ മുറ്റത്തു നിൽക്കുന്നു .
രണ്ടു പേരും ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി
"ഹോ ! എത്ര പെട്ടന്നാണ് നമ്മളിങ്ങു എത്തിയത് ഇത്രയും ദൂരം നടന്നു വന്നത് അറിഞ്ഞതെയില്ല ."--വിയർപ്പാറ്റുന്നതിനിടയിൽ ലോലിത പറഞ്ഞു .
"രുദ്രാ ... നീ മനുഷ്യ കുഞ്ഞായി വീണ്ടും ജനിക്കുന്നെങ്കിൽ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ തന്നെ വളർന്നു വലുതാകേണം . എൻറെ കാലം കഴിഞ്ഞാൽ ഇവിടുത്തെ കുട്ടികൾ എത്രത്തോളം സുരക്ഷിതരെന്ന് എനിക്ക് പറയാൻ കഴിയില്ല .
" ശ്രീദേവി നിനക്കെന്തു പറ്റീ ? രുദ്രയോ ഏതു രുദ്ര ?"
ലോലിത ശ്രീദേവിയുടെ തോളിൽ തട്ടി .
" ആ വഴി വരരുതെന്ന്ശ്രീദേവിയുടെ അമ്മയും വേറെ കുറച്ചു പേരും പറഞ്ഞതാണ് .ഈ പെണ്ണിനെന്തെങ്കിലും കുഴപ്പം പറ്റി യോ ആവോ ? അമ്മേ ശ്രീദേവിയെ ഒന്ന് ശ്രദ്ധിച്ചേ .."
----------------------------------------------------------------------------------------------------------
ഈ കഥയും ഇഷ്ടമായി
മറുപടിഇല്ലാതാക്കൂ