ജനപ്രിയ പോസ്റ്റുകള്‍‌

2024, ഡിസംബർ 7, ശനിയാഴ്‌ച

 ചെറുകഥ -


മഴയാത്മാക്കൾ 

---------------------------

പണ്ട് പരന്ന ഭൂമിമേൽ പതിച്ച ഇടിയും മിന്നലും രണ്ടാക്കി മാറ്റിയ മലകൾക്ക് നടുവിലെ നീർച്ചാലുകൾ. മണ്ണിട്ട് നികത്തി വച്ച കൂടിനുള്ളിലിരുന്നു രാത്രി മകൾ പറഞ്ഞു " പ്രേതം പാഞ്ഞു വരുന്നു, പേടിയാകുന്നമ്മേ "


ഭയമോട്ടും ഇല്ലാതെ അമ്മ പറഞ്ഞു " ശബ്ദം കേട്ടാൽ അറിയില്ലേ മുൻപ്  പോയവർ നമ്മെ കൂടെ കൂട്ടാൻ ഒന്നായി വരുന്നതാണ് "


ഓരോ മഴയും  ആത്മക്കളായി വരുന്നു, പ്രിയമുള്ളോരേ ഒക്കെ കൂട്ടുവാൻ

-----------------------------

2024, ഏപ്രിൽ 25, വ്യാഴാഴ്‌ച

 അകലുന്ന പകലിൽ ആകാശത്തേയ്ക്ക് നോക്കിയിരിക്കാറുണ്ട് 

വർണങ്ങൾ വാരി വിതറിയ 

ഇടങ്ങളിൽ ശൂന്യത അറിയാറെയില്ല,

ഒപ്പിയെടുത്താൽ മനം മയക്കുന്ന സ്വപ്നങ്ങൾ കൊണ്ട് വരച്ച ചിത്രങ്ങൾ ആണ് എന്റെ സായാഹ്നം ❤️


2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 ഇന്നലെ രാത്രിയിൽ എപ്പോഴോ  ഗർഭിണി ആയി.

പങ്കാളി ആരെന്നറിയില്ല.

ഓർത്തെടുക്കാനും കഴിയുന്നില്ല.

ഓർത്തെടുക്കാൻ ശ്രമിയ്ക്കുന്നുമില്ല.


ഒറ്റയ്ക്കാണ് ഉറങ്ങാൻ കിടന്നത്.

മക്കള് രണ്ടു പേരും അച്ഛനോടൊപ്പം.


മൂന്നാമത്തെ കുട്ടി,  സന്തോഷം ഇല്ല.

സങ്കടവും ഇല്ല.

ഏതാനും നിമിഷം കൊണ്ട് കുട്ടി വളർന്നു.


പെറ്റു വീണ കുട്ടിയോടൊപ്പം ആശുപത്രിയിലെ കട്ടിലിൽ  കിടന്നപ്പോൾ 

അപ്പുറത്തെ കട്ടിലിലെ  അമ്മ കരയുന്നു.

തന്റെ കുട്ടിയെ കാണാൻ വരാത്ത അമ്മായിയെ കുറിച്ച് അവൾ പുലമ്പുന്നു.


ഞാനും കൂടി.


അമ്മായിയുടെ കുറ്റങ്ങളുട ഒരു ഭാണ്ഡം തന്നെ ഞാൻ ചുമക്കുന്നുണ്ടായിരുന്നു.


എല്ലാം അവളുടെ മുൻപിൽ ഇറക്കി വച്ചു.

ആ അമ്മ അശ്വസിച്ചു കാണേണം. കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിലെ അമ്മ കരയുന്നു.

തനിക്ക് ആശ്വാസമായിരിക്കാത്ത അമ്മയെ കുറിച്ചവൾ പുലമ്പുന്നു.


 'അമ്മ എനിക്ക് തന്ന മുറിവുകൾ' 

എനിക്കും ഉണ്ടായിരുന്നു.


അവളെ അശ്വസിപ്പിക്കാൻ ഞാനെന്റെ മുറിവുകൾ ഒക്കെയും കാണിച്ചു. മുറിവുകൾ കണ്ടില്ലെങ്കിലും

അമ്മയെല്പിച്ച മുറിവിന്റെ പാടുകൾ എങ്കിലും അവൾ കണ്ടിട്ടുണ്ടാകേണം.

അവൾ തേങ്ങൽ അടക്കി. കുഞ്ഞു പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിൽ പെറ്റൊരുവൾ കരയുന്നുണ്ട്.

പെറാൻ പോണ മോളെ കുറിച്ച് ഉത്തരവാദിത്തം ഇല്ലാത്ത അച്ഛനെ കുറിച്ച്.

അവളെ ആശ്വസിപ്പിക്കാനും  കയ്യിൽ കുന്നോളം ഇരുന്ന അനുഭവങ്ങൾ പങ്കിട്ടു.

അവളും ചിരിച്ചു.


"നിന്റെ കുട്ടി ആണോ പെണ്ണോ?"


അപ്പുറത്തെ കട്ടിലിൽ ചത്തു പോയ എന്റെ അമ്മ പെറ്റു കിടക്കുന്നു. തൊട്ട് ചേർന്ന് ചോരയിൽ ഞാനും. കൊടി മുറിച്ചിട്ടില്ല.


" നിന്റെ കുട്ടി ആണോ പെണ്ണോ?

 ഞാൻ അമ്മയെ നോക്കി.


തിരിഞ്ഞോടി.


" എന്റെ കുട്ടി ആണോ? പെണ്ണോ? "  ഞാൻ നോക്കിയില്ല. വേദനയ്ക്കിടയിൽ ആരോടും ചോദിച്ചതുമില്ല. 


" എന്റെ കുട്ടി ആണോ പെണ്ണോ?  

അയ്യോ ഞാൻ എന്റെ കുട്ടിയെ നോക്കിയില്ല, ശ്രദ്ധിച്ചില്ല. നിലവിളിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് ഓടി.

നിശബ്ദമായി ചരിഞ്ഞു കിടന്ന കുഞ്ഞിനെ ഞാൻ വാരി എടുത്തു.


ചലനമില്ല. 


പൊട്ടാൻ  നിന്ന ഞെട്ടുകൾ കുഞ്ഞി വായിലേയ്ക്ക് വെപ്രാളത്തോടെ തിരുകി.


അയ്യോ. മഞ്ഞ പാൽ പോലും നനയാതെ എന്നെ വിട്ട് പോയ പിള്ള.


ഞാനെന്റെ ഭാന്ധങ്ങൾ ഇറക്കുമ്പോൾ, മുറി പാടുകൾ പ്രദർശിപ്പിക്കുമ്പോൾ  തൊണ്ട നനയ്ക്കാൻ എന്നെ തപ്പി നടന്ന "എന്റെ പിള്ള "


ചാപിള്ള.


"മ്മാ.."

 ദൂരെ കട്ടിലിൽ കുഞ്ഞിനോടൊപ്പം കിടക്കുന്ന എന്റെ അമ്മയെ നോക്കി ഞാനുറക്കെ നിലവിളിച്ചു.


എന്റെ കുഞ്ഞു ആണോ പെണ്ണോ എനിക്കറിയില്ല. ഒന്നറിയാം. അമ്മിഞ്ഞ പാൽ കിട്ടാതെ ചത്ത ചാപിള്ള ആണെന്റെ കുഞ്ഞ്.


"ഭാന്ധങ്ങൾ തുറക്കാൻ മറ്റിടങ്ങൾ തോറും നടക്കരുത് മുറിപ്പാടുകൾ പ്രദർശിപ്പിക്കരുത്. അപ്പനെ കുറ്റം പറഞ്ഞു നടക്കരുത്."


"ഇനി കണ്ണ് തുറക്ക് നിന്റെ സന്തോഷത്തിന്റെ നവ ജാത ശിശു മരിച്ചു 

പോയില്ല. പാൽ കൊടുത്തു വളർത്തൂ "


പൊക്കിൾ കൊടി മുറിച്ചു എന്നെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് എന്റെ അമ്മ പറഞ്ഞു.


ഒറ്റ രാത്രി കൊണ്ട്  വിത്തിട്ട് വിളയിച്ച പ്രസവം. അതാണ്‌ ഇന്നലത്തെ രാത്രി സ്വപ്നം.

2024, മാർച്ച് 31, ഞായറാഴ്‌ച

 യേശു ഉയർത്തെഴുന്നേറ്റു.

മറിയയും കൂട്ടരും കല്ലറയ്ക്കൽ വന്നപ്പോൾ യേശു അവിടെ ഇല്ല. 

എവിടെ പോയി?


ഉയിർത്തെഴുന്നേറ്റയുടൻ അദ്ദേഹം പ്രതികാരം ചെയ്യാൻ ആണ്‌ പോയത്.


എന്താണ് പ്രതികാര കാരണം?


മരണ സമയമൊക്കെ ആയപ്പോൾ പിതാവായ ദൈവവും കൈവിട്ടു.

"ഇനി ഒറ്റയ്ക്ക് ജയിച്ചു വാ "  ലെവൽ ആയി.


ഇതെല്ലാം കണ്ടു സാത്താൻ സന്തോഷിക്കുന്നുണ്ടായിരുന്നു. പരിഹസിക്കുന്നുണ്ടായിരുന്നു.


 "പാതാളത്തിന്റെ മേൽക്കൂര ചവിട്ടി പൊളിച്ചു സാത്താന്റെ തല തകർത്തു 

."  

വീട്ടിന്റെ ഓടെല്ലാം ചവിട്ടി പൊളിച്ചു ഇറങ്ങീന്ന്.

 

ഹോ. തലയൊക്കെ തകർത്ത് കളയേണം എങ്കിൽ എത്രമാത്രം കോപം ഉണ്ടായിരുന്നിരിക്കേണം.


എന്നിട്ട് "സകലതിനും മീതെ തലയായി."

ഇത് പൗലോസിന്റെ വ്യാഖ്യാനം ആണ്‌.


 സാത്താന് ഇപ്പോൾ വാല് മാത്രമേ ഉള്ളൂ.


കേട്ടിട്ടില്ലേ? "ആ ചെറുക്കൻ ഭയങ്കര വാലാണ്‌ " സാത്താന്റെ സന്തതി 🤣


ഞാൻ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ.


വല്ലവരും സംഘടിതമായി ആക്രമിക്കപെടുമ്പോൾ  ഒറ്റപ്പെട്ട അവസ്ഥകളിൽ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ  നിങ്ങളുടെ മനസുഖത്തിന് വേണ്ടി അവരെ പരിഹസിക്കാൻ നിൽക്കേണ്ട.


അവർ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം ഉണ്ട്. അമ്മച്ചിയാണേ നിങ്ങൾക്ക് പണി തന്നിരിക്കും.ശിഷ്ട കാലം  വാലിട്ട് ആട്ടി ജീവിതം തള്ളി നീക്കാമെന്നു മാത്രം.


ഈസ്റ്റർ വെളിപാട്.


 യേശുവിൻ നാമത്തിൽ തന്നെ  ആമേൻ. ഗ്ലോറി.ഹാലേലുയ.

2024, മാർച്ച് 29, വെള്ളിയാഴ്‌ച

 ആദ്യമായി   വെള്ളയിൽ ഒരുങ്ങികിടക്കുമെന്നരികിലേയ്ക്ക്

ഒരു കൂട്ടം വെള്ളയിൻ അകമ്പടിയിൽ 

സ്ഥിര ശുഭ്ര വസ്ത്ര ധാരിയാമയാൾ 

 പടി കയറി  വന്നു. 


വാഗ്ദാനത്തിന്റെ കൈകൾ കൂപ്പി,

നിസ്സഹായതയിൽ പുഞ്ചിരിച്ചു പ്രത്യാശയോടെ ഓട്ടം തികച്ച 

ജീവിതം കൂട്ടായ് തന്ന 

പ്രതീക്ഷകൾ മാത്രം ബാക്കിയാക്കി 


പ്രതീക്ഷകൾ വിട്ട്

 പ്രത്യാശയിലേയ്ക്കെന്റെ,

കുഴി മാടത്തോളം  അനുഗമിച്ച

യാളുടെ വാഗ്ദാനങ്ങൾ .

അയാൾ എന്റെ മുഖം ആദ്യമായി കണ്ടതെന്റെ ചാവിലാണ് 

മുഖം നോക്കിയോ? കണ്ടെന്നു വരുത്തിയതുമാകാം.


എങ്കിലുമെന്റെ ചാവിനു നേതാവ് വന്നല്ലോ. 

വോട്ട് അയാൾക്ക് തന്നെ.


.

Jestin Jebin  നേതാവ് എന്റെ മുഖത്തേയ്ക്ക് നോക്കിയത് എന്റെ ചാവിൽ ആണ്.

 തേങ്ങയുടച്ചിട്ടും

ഉപവാസമിരുന്നിട്ടും 

പ്രാർത്ഥ യ്ക്കുത്തരം 

തരുന്നോനെന്റെ 

തൊലി നിറം മാറ്റാൻ 

ദയ കാട്ടുന്നില്ല.


കുറ്റം പറയുന്നതായൊ 

രുവനെയും ഞാൻ കണ്ടീല 

നിറം മാറ്റാൻ 

കഴിയാത്ത സ്നേഹവാനെ.

2024, മാർച്ച് 15, വെള്ളിയാഴ്‌ച

ഇന്നലെ ഞാനൊരു സ്വപനം കണ്ടു.


ശാസ്ത്രജ്ഞർ ആദ്യമായി എത്തിപ്പെട്ടോരു ഗ്രഹം.


വഴി തെറ്റി ചെന്നതാണവിടെ.


ഏതൊക്കെയോ മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, നടക്കുന്നു, തങ്ങളുടെ പ്രവർത്തികൾ ചെയ്യുന്നു.


ശാസ്ത്രജ്ഞർ ഭൂമിയിലേക്ക് സന്ദേശം അയച്ചു.

നമ്മുടെ ഇടയിൽ നിന്നും പോയവർ ഇവിടെ ഉണ്ട്.


പലരോടും അവർ സംസാരിച്ചു.


ഭൂമിയിലെ അവരുടെ ബന്ധങ്ങളെ കുറിച്ച്, ജീവിതത്തെ കുറിച്ചൊക്കെ അവർ പങ്കിട്ടു.


പട്ടണം പോലെ ഒരു ഭാഗം, ഗ്രാമം പോലെ മറ്റൊരിടം.

അവരിൽ കുറച്ചു പേരെ തിരികെ ഭൂമിയിലേക്ക് കൊണ്ട് വരൂ.

ഇവിടം വരെ എത്തിപ്പെടുമോ എന്ന് നോക്കട്ടെ.

പരീക്ഷണത്തിന് ആണ്.


പട്ടണത്തിൽ നിന്നും രണ്ടു പേരെ സമ്മതിപ്പിച്ചു സ്പേസ് ഷിപ്പിൽ കയറ്റി.


ഗ്രാമത്തിൽ നിന്നും ഒരാളെ.


വിജനമായോരിടത്ത് മരത്തിനു ചുവട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീ.

അവരോടും ചോദിച്ചു ഭൂമിയിലേക്ക് വരുന്നുണ്ടോ എന്ന്?


അരമനസോടെ തലയാട്ടി.


വരുന്ന വഴിയിൽ ഓരോരുത്തരായി ശ്വാസം കിട്ടാതെയും, ജന്നി വന്നും മറ്റും ചത്തുപോയി.


ദൂരെ ശൂന്യതയിലേക്ക്  ചത്തവരെ വലിച്ചെറിഞ്ഞു.


ഒറ്റയ്ക്കു മരച്ചുവട്ടിൽ ഇരുന്ന സ്ത്രീ മാത്രം ജീവനോടെ ശേഷിച്ചു.


മരിച്ചു പോയതിനു ശേഷം  ഭൂമിയിലേയ്ക്ക് തിരികെ എത്തിയ ആദ്യത്തെ ആൾ.


ഇന്നലെ എന്നെ കാണുവാൻ വന്നു.


ഞങ്ങളെ വിട്ട് പോയതിനു ശേഷം ആദ്യമായ് എന്റെ സ്വപ്നത്തിൽ അമ്മ പ്രത്യക്ഷപ്പെട്ടത്  ഇങ്ങനെ ആണ് ❤️