ജനപ്രിയ പോസ്റ്റുകള്‍‌

2021, ജൂൺ 23, ബുധനാഴ്‌ച

 

മനസ് പിടി കിട്ടാതിരുന്ന നാളുകളിൽ ആരും തിരിച്ചറിയാതെ  ഒറ്റ മുറിയിൽ മൗനം ആയിരുന്നു.

പിന്നീട് മനസിനെ പിടിച്ചു കെട്ടി.
പുറത്തെ കെട്ടുകൾ വലിച്ചെറിഞ്ഞു
ഒറ്റയ്ക്ക് യാത്രയിൽ ആയിരുന്നു,
ശബ്ദ കോലാഹലങ്ങളോട് കൂടി സഞ്ചരിച്ചു.

നിലപാടുകൾക്ക് വേണ്ടി ജീവിച്ചിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി  മരിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി മുറിവേല്പിക്കാറില്ല.

ഉള്ളിൽ നിന്നും വന്ന ധാർഷ്ട്യങ്ങൾ എല്ലാം പ്രതിരോധത്തിനു വേണ്ടി മാത്രം.

ഫാന്റസി ജീവിതം തേടി നടന്നവർക്ക് ഞാൻ ഒരു ഇരയായി മാറിയിട്ടില്ല.

എന്റെ മനസിന്റെ ചെറിയ വ്യതിയാനം  പോലും എനിക്ക് നന്നായി അറിയാം.


മരണം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന മനസിനെയും ഞാൻ ഒറ്റയ്ക്ക് തിരിച്ചറിഞ്ഞത് ആണ്.

ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗി എന്ന് പ്രചരിപ്പിക്കും.
ജീവൻ നില നിർത്താൻ
ചില രഹസ്യ ജീവിതങ്ങളെ പരസ്യമാക്കേണ്ടതുണ്ട്.
ഒഴിവാക്കപ്പെടുന്നത് മരണം എന്ന, എപ്പോഴും തുറക്കപ്പെടാവുന്ന വാതിൽ തന്നെ.

ചില പരസ്യപെടലുകൾ വേഷം കെട്ടൽ ആയി മാറാം.

ഒറ്റ മുറികൾക്കുള്ളിൽ നിന്നും പുറത്തേയ്ക്ക് വരേണ്ടത് മരണം എന്ന വാതിലിൽ കൂടി വേണ്ട എന്ന് തീരുമാനിച്ചിരുന്നു.

ഇപ്പോഴും fantasi ജീവിതത്തിനു ഇരയാക്ക പെട്ടു കൊണ്ടിരിക്കുന്നവളും എന്നെ ഭ്രാന്തി എന്ന് വിളിച്ചിരിക്കുന്നു. വിഭ്രാന്തികൾ ആർക്കും എപ്പോഴും വരാം എന്ന് അറിയാവുന്നത് കൊണ്ടു അവൾക്ക് മറുപടി എന്റെ മൗനം മാത്രം (അക്കാര്യത്തിൽ എന്റെ മനസ് എന്റെ പിടിയിൽ അല്ല എന്ന് അറിയാവുന്നത് കൊണ്ടു ) ആയിരുന്നു.

ഇരയാക്കപ്പെടുന്നവർക്ക് മതിയായ ചികിത്സ ആവശ്യം ആയിരുന്നു. ഇല്ലെങ്കിൽ സാവകാശത്തിനുള്ള അല്പം സമയം കൊടുക്കേണ്ടതായിരുന്നു.

ഞാൻ എന്റെ യാഥാർദ്യങ്ങളിൽ നിന്നും ഇരകളോടൊപ്പം ജീവിച്ചു. പക്ഷേ നിരന്തരമായി വേട്ടയാടപ്പെട്ടവരും, ഇരയാക്കപ്പെട്ടവരും ആയിരുന്നു അവർ എന്ന് എനിക്ക് അറിയില്ലായിരുന്നു.

അവർ എന്നെ പിച്ചി ചീന്താൻ തന്നെ ആ.ണ് ഇപ്പോഴും ശ്രമിക്കുന്നത്. അവർക്ക് മറ്റൊന്നും അറിയില്ലല്ലോ. എനിക്ക് ഇവിടെ പ്രതിരോധങ്ങൾ തീർക്കേണ്ടതുണ്ട്.

പ്രതിരോധങ്ങൾ തീർത്തു തന്നെ ജീവിക്കും.

മറ്റാർക്കും എനിക്ക് വേണ്ടി പ്രതിരോധം തീർക്കുവാൻ ഇല്ല. മറ്റാർക്കും  കഴിയുകയുമില്ല.

ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗ പട്ടം കൊടുക്കാൻ എന്തൊരുത്സാഹം 🤣.

നീ ഒന്നോർക്കുക, എന്റെ മനസ് ഇപ്പോഴും എന്റെ കയ്യിൽ ഭദ്രമാണ്.

നിനക്കോ?

ഇപ്പോഴും ഇരയാക്കപെട്ടു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിവ് പോലും ഇല്ലാതെ ജീവിച്ചു തീർക്കുന്നു. കല്ലെറിയുന്നില്ല, കല്ലുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്,  നീ പറഞ്ഞ മരണം എന്ന വാക്കിന് തലക്കലും കാൽക്കലും  വയ്ക്കുവാൻ

2021, മേയ് 22, ശനിയാഴ്‌ച

 കഴുവേറ്റപ്പെട്ട എന്റെ സ്വപനങ്ങൾ,

എന്റേതല്ലാത്ത കാരണങ്ങളാൽ

കഴുവേറപ്പെട്ട എന്റെ സുന്ദര സ്വപ്‌നങ്ങൾ 

കണ്ണുകൾ പുകയാൽ മറച്ചു

കാഴചകളെ മറച്ചത് 

കഴുവേറും മുൻപേയാണ്‌.

പുകഞ്ഞു പുകഞ്ഞു ചുട്ട് പൊള്ളി 

ഉയർന്നു വന്ന പുകയായിരുന്നോ?

തണുത്തു മരവിച്ച നിശ്വാസങ്ങളിൽ 

പൊങ്ങിയ മഞ്ഞുകളായിരുന്നോ?

എന്തെന്ന് തിരിച്ചറിയാ-

തെന്റെ ദേഹവും മുന്നേ മരവിച്ചു പോയിരുന്നു.

കാരണങ്ങളറിയതെ, തെളിവുകൾ

ഇല്ലാതെ എന്റെ  സ്വപ്‌നങ്ങൾ കഴുവേറ്റപ്പെട്ടു.


 നീല വരകൾ ആണെന്ന് തോന്നുന്നു.

അതിനു മുകളിൽ  പണ്ടൊരു  ഉറുമ്പിൻ കഥ എഴുതി.

ഒരു ഉറുമ്പിന്റെ കഥയല്ല

ഒത്തിരി ഉറുമ്പുകളുടെ കഥ.

പഞ്ചസാര തിന്നു തിന്നു ചത്ത ഉറുമ്പുകളെ കുറിച്ചെഴുതിയത് മാത്രം ഓർമയുണ്ട്

മറ്റുറുമ്പുകളെ കുറിച്ച് ഞാൻ എന്തായിരുന്നിരിക്കാം എഴുതിയിരുന്നത്.


ഞാൻ തന്ന ആ ബുക്ക്‌ തിരികെ തരുമോ?

ഇല്ല തരില്ല.

നീയത് വായിച്ചു പോലും നോക്കി കാണില്ല.

നീ എന്തിനാണ് അന്ന് വെറുതേ വാങ്ങി വച്ചത്.

ഞാൻ പറഞ്ഞതെല്ലാം നീ സ്വന്തമാക്കി.

ഞാൻ സ്വന്തമാക്കിയ കുഞ്ഞുറുമ്പുകളെ

നീ അടച്ചു വച്ചു.

എവിടെ ആയിരിക്കും  ആ കുഞ്ഞുറുമ്പുകളെ അടക്കിയതെന്നു എനിക്ക് പറഞ്ഞു തരുമോ?


ഞാൻ അതു ചോദിക്കുന്നത് ഉറുമ്പുകളെ കാണുവാൻ മാത്രമല്ല.

പിന്നെയോ?


അവസാനത്തെ പേജുകളിൽ എവിടെയോ ഞാൻ പാർത്തിരുന്ന ആൽമരത്തിന്റ പടം വരച്ചിട്ടിരുന്നു.

നീയത് കണ്ടോ?

 രാത്രിയിൽ പാമ്പായി മാറുന്ന ഒരു ആൽമരം.

2021, മേയ് 14, വെള്ളിയാഴ്‌ച

 പ്രിയ കുട്ടുകാരി ഞാൻ നിനക്ക് തന്ന വാക്ക് പാലിക്കാം... ഇന്നത്തെ ദിനം തീർന്നു പോയില്ലല്ലോ...

.........................................................................


ഈ കാത്തിരിപ്പെനിക്കിഷ്ടം..

കാത്തിരിക്കുന്പോഴല്ലേ

ഒരുക്കങ്ങളുള്ളൂ...

വരും...വരാതിരിക്കില്ല

നിരാശയല്ല... പ്രതീക്ഷ...

പ്രതീക്ഷയെന്റെ

 ഒരുക്കങ്ങൾക്ക്  വേഗം കൂട്ടുന്നു.

ഒരുക്കങ്ങൾ സന്തോഷമല്ലേ..

സന്തോഷം...അതു തന്നെ....

സന്തോഷത്തോടെ വരവേല്ക്കണം

പിരിയാതെ മുറുകെ പുണരേണം...

പിടി വിട്ടു പോയാൽ...

അകന്നുപോയാൽ..

വീണ്ടുമൊരു കാത്തിരിപ്പ്..

നിരാശ...പ്രതീക്ഷകളില്ലാത്ത

കാത്തിരിപ്പ്...

അതു വേണ്ട....

ഇപ്പോഴത്തെയീ ഒരുക്കങ്ങൾ

സന്തോഷങ്ങൾ... വാരിപുണരൽ

ചുറ്റും ഉയരുന്ന  സ്നേഹ നിലവിളികൾ..

നടന്നു നീങ്ങുന്ന മൗനപ്രാർത്ഥനകൾ..

മൗനം.....

അതുമതി....

നീണ്ട മൗനത്തിനായീ

ഞാൻ കാത്തിരിക്കുന്നു...

തിരക്കിലാണ്...

മൗനത്തെ വരവേല്ക്കാൻ

ഒരുക്കത്തിലാണ്.....

സന്തോഷത്തിലാണ്..

 ഒപ്പാര്    (കഥയോ? .ആ..??          

           ---------           എനിക്കറിയില്ല)

                


താളത്തിലും ഈണത്തിലും ഉയർന്നു വന്ന കണ്ണീരോർമ്മകൾ....

ഏയ്.....പാടില്ല.....പ്രത്യാശയില്ലാത്ത ശേഷം മനുഷ്യരെപോലെ വിലപിക്കുകയോ?.....


'പഴയ മനുഷ്യനെ കുഴിച്ചു മൂടുക....'-ഞായറാഴ്ചകളിലെ പ്രബോധനം.


പ്രബോധനങ്ങൾ ചുറ്റും അലയ്ക്കട്ടെ...എനിക്ക് വിലപിക്കേണം...

എനി്ക്കെന്റെ ഓർമ്മകൾ താളത്തിലും ഈണത്തിലും പദംചൊല്ലി കരയേണം.


''എന്റെ കുഞ്ഞ്... എന്റെ മകൻ.... സഹിക്ക വയ്യേ .... എനിക്ക് സഹിക്ക് വയ്യേ...''..

ശബ്ദങ്ങളുയരാതെ തേങ്ങി..


മതിലുകൾക്കപ്പുറം നിലവാരമുള്ളവർ... 

വേണ്ടാ ...കേൾക്കേണ്ടാ.. എന്റെ പദംചൊല്ലൽ അവർ കേൾക്കേണ്ടാ...എന്റെ പേരക്കിടാങ്ങളുടെ നിലവാരം അവർക്കിടയിൽ കുറയേണ്ടാ...


എന്നാലും... ഞാൻ ജീവിച്ചിരിക്കേ..... എന്നെ  വിട്ടുപിരിഞ്ഞ പൈതൽ....ഞാനെങ്ങനെ സഹിക്കും....

മൂന്ന് പതിറ്റാണ്ടുകൾക്ക് മൂന്നേ മരിച്ചു പോകേണ്ടിയിരുന്നവൻ..

കറണ്ടുള്ള വീടുകളിലെ രാത്രിവെളിച്ചങ്ങൾ കൊതിയാണവന്... കറണ്ട് സ്വന്തമാക്കാൻ പൊട്ടിയ കന്പിയിൽ പിടിച്ചവനെ മുളയേണിയാൽ 'വിടുവിച്ചത് ...അങ്ങത്തയാണേ..'


''അക്കരേലെ അങ്ങത്തയാണേ...''


''ശൂ... അമ്മേ....അവൻറെ ജോലിസ്ഥലത്തു നിന്നും...''

ഇല്ല ഞാൻ പദം ചൊല്ലണില്ല...


ചുറ്റിലും സ്യൂട്ടിട്ട കളസങ്ങൾ.


വളരെ ദൂരം ഓടി , കൂട്ടിക്കെട്ടപ്പട്ട് കിടക്കുന്ന കാലുകൾ..


വേഗത്തിലോടുന്ന അപ്പൻറെ കാലുകളാണ് നിനക്ക്. ചുംബിച്ചു സ്വന്തമാക്കിയ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിക്കാലുകൾ....

'പൈതലേ.....പിച്ചവയ്ക്ക്... പിച്ചവയ്ക്ക്'

''പൈതലേ...''

ചുറ്റും  പാടുന്ന ശുഭ്രവസ്ത്രധാരികൾ  തുറിച്ചുനോക്കി.

'വേണ്ടാ.. സഭയ്ക്ക് നടുവിൽ നിന്റെ കുഞ്ഞുങ്ങളുടെ നിലവാരം കുറഞ്ഞു പോകെണ്ടാ..'


വെള്ളയിൽ കറുപ്പും നീലയും  നിറച്ചും നിറക്കാതെയും വലിച്ചെറിഞ്ഞ കടലാസുകൾ... അക്ഷരങ്ങൾക്ക് നിൻറെ വിരലുകൾ കൊടുത്ത സൗന്ദര്യം....

വെള്ളക്കടലാസുകൾ വാങ്ങുവാൻ ഈറ്റക്കുട്ടകൾ നെയ്തെടുക്കാൻ വേഗത്തിൽ ചലിച്ച വിരലുകൾ..

' അയ്യോ ആ വിരലുകൾ നിശ്ചലം ...

വിരലുകൾ നിശ്ചലം...

കുട്ടകൾ നെയ്തെടുത്ത്  വെള്ളയിൽ കറുപ്പും നീലയും നിറച്ചവൻ....'

 ഞൊനൊന്നു ചൊല്ലി കരയട്ടെ....

''എന്റെ കുഞ്ഞിന്റെ വിരലുകൾ...''


''ഓ..എന്താണിത് കൊച്ചുകുട്ടിയൊന്നുമല്ലല്‌ലോ...ഇത്രയും നാൾ ദൈവം ആയുസുകൊടുത്തില്ലേ....ഇത്രയധികം കരയാൻ അപകട മരണമൊന്നുമല്ലല്ലോ.. '' 

പിറകിൽ ആരോ അടക്കം പറയുന്നു.


പാതിരാത്രികൾ വായിക്കാനെടുത്ത പുസ്തകങ്ങൾ അടഞ്ഞുതീരും മുന്പേ

'മണ്ണെണ്ണ തീരുമെന്ന് ' ഞാൻ പുലന്പി  വിളക്കണയ്ക്കുന്പോളവന്റെ  അകകണ്ണ് തുറക്കുകയായിരുന്നു....

''മകനേ .... കണ്ണ് തുറക്ക് മകനേ..''


സമയമാം രഥങ്ങളിലവന്റെ കണ്ണുകൾ പൂട്ടപ്പെട്ടു.

ഉറക്കെ നിലവിളിച്ചോട്ടേ..

ശേഷം മനുഷ്യരെ പോലെ നമുക്ക് വിലപിച്ചൂടത്രേ...

പൈതലേ ഞാൻ നിനക്ക് ശേഷം അല്ല...വിശേഷമല്ലേ?.. നാല്പതു അടി താഴ്ചകളുള്ള സെല്ലാറുകളിലേയ്ക്ക് എന്റെ ഒപ്പാരുകൾ കെട്ടിയിറക്കപ്പെട്ടു..ബലമുള്ള  കോണ്ക്രീറ്റു സ്ലാബുകൾ കൊണ്ടവ മറയ്കപ്പെട്ടു..


ഒട്ടും കഥകളില്ലാത്തയെനിക്ക്  ഒപ്പാരു  ചൊല്ലി സ്നേഹിക്കാനാഗ്രഹിച്ചെങ്കിൽ?

   ഞാൻ  ചുറ്റിലും നോക്കി ..

ശേഷം മനുഷ്യരായി തീരാതിരിയ്ക്കുവാൻ കോണ്ക്രീറ്റു സ്ലാബുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന അനേകരുടെ ഒപ്പാരുകൾ എനിക്ക് കേൾക്കാമായിരുന്നു..

----------------------------------------------

NB:കടമകളില്ലാതെ ആർക്കുമെടുക്കാം....

അഭിപ്രായം കൂട്ടുകാരി മാത്രം

 അന്ന് പ്രണയമായിരുന്നു.

ഒരു കാര്യവുമില്ലാതെ 

സംസാരിച്ചു കൊണ്ടേയിരിക്കും.

കാരണങ്ങളില്ലാതെ

 മിണ്ടികൊണ്ടേയിരിക്കും.

പിണക്കുവാൻ ഇടിമിന്നൽ പോലെ

വരുന്ന കാരണങ്ങൾ

നാണിച്ചു  പിൻവാങ്ങിയത് 

എത്രയോ നാൾ....

ഇന്ന് പിണങ്ങുവാൻ

കാരണങ്ങളേ വേണ്ടാ..

അൽപം മിണ്ടുവാൻ 

എന്തെങ്കിലുമൊരു കാരണം 

വന്നു ചേരേണം.

ഘനമുള്ള മൂളലിൻ 

ഒതുക്കങ്ങൾ കണ്ടിന്ന്

കാരണങ്ങൾ നാണിച്ചു

പിൻവാങ്ങുന്നു..

 ഞാൻ കരിന്പാറയച്ഛൻ,

 കരഞ്ഞു കലങ്ങിയ കണ്ണുമായി

അവനൊരിയ്ക്കൽ വന്നതെന്റെ

അരികിലേയ്ക്ക്

തലതല്ലി കരയാൻ ഞാനെന്റെ

വിടർന്ന നെഞ്ച് വിരിച്ചു കൊടുത്തു.

പിന്നെയവൻ ചിരിച്ചു,

ഉറക്കെയുറക്കെ ..


എന്റെ മകനെയവർ കൊണ്ടുപോയി.

എപ്പോഴും കൊണ്ടുപോകും

 പക്ഷെയവൻ തിരികെ വരാറുണ്ട്.

മനുഷ്യന്റെ അതിരുകൾ

അതിനെകുറിച്ചെന്നോടവൻ

പറഞ്ഞിട്ടുണ്ട്

അതിരുകൾ അരുതുകൾ

ഒന്നുമെനിക്കറീല,

അവനോടൊന്നും വിലക്കീട്ടുമില്ല.


കാടുകൊള്ള അരുതകളെന്നവരോട്

നിരന്തരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്


എന്റെ കൺമുന്നിൽ വളർന്ന മരങ്ങൾ,

അവനെന്നും സംസാരിക്കുന്ന

അവന്റെ കൂട്ടുകാർ , അവയുടെ ശിഖരങ്ങൾവെട്ടി

അവരവനെ പൊതിരെ തല്ലി,

അവരവനെ അടിക്കുന്തോറും 

ശിഖരങ്ങൾ തലതല്ലി കരഞ്ഞു

രണ്ടായും മൂന്നായും അവ പൊട്ടിത്തെറിച്ചു

കൈകൾ രണ്ടും കൂട്ടികെട്ടി കൊണ്ടുപോയി


നിലം വിണ്ടുകീറുന്ന വേനലിൽ

തലയിൽ കുപ്പിവെള്ളമൊഴിച്ച് 

കളിയാക്കി

കുപ്പിവെള്ളങ്ങളിൽ തീരാത്ത

ദാഹമുണ്ടവന്

അവന് ദാഹം തീർക്കാൻ നിങ്ങൾക്കാകില്ല

ഏറേ നാളായിട്ടും തിരികെ എത്താത്ത അവനെ തേടി വെള്ളവുമായിട്ടാണ് ഞാനിറങ്ങിയത്

അവനെ കണ്ട് കിട്ടിയില്ല.


എൻ മകനിൻ  നെഞ്ചിൽ 

ആഞ്ഞ് ചവിട്ടിയും തൊഴിച്ചും

അവർ കൊണ്ട് പോയി

കാത്തിരുന്നെന്റെ നെഞ്ചകം പൊട്ടി

ഉള്ളിലെ നീരുകൾ പൊട്ടി

പുറപ്പെട്ടു ഉരുളായി

ഭവിച്ചിട്ടുമെന്റെ മകനെ കണ്ടില്ല.

ഇന്നുമതേ ചൂട് കാലം

എൻറെ മകനെ കൊണ്ടുപോയവർ 

തിരികെ തരിക

എന്റെ ഗുഹയ്ക്കുള്ളിലവനെ

കുടിയിരുത്തുക

വിളക്കു തെളിക്കുക

ഇല്ലെങ്കിലിതുപോലെൻ

മകനെ തേടി ഞാനലഞ്ഞാൽ

മാനുഷാ നീയെത്ര പിടിച്ചു നിൽക്കും.

 അപ്പുറത്തെ സലീമിൻറെ വീട്ടു മുറ്റത്ത് മൊട്ടൻ അടി..


ഇന്നലെ ആണ് ഓൻറെ മോൻ  അപ്പുറത്തെ വീട്ടിലെ വേണുഗോപാലൻ നായരുടെ മോളെ കെട്ടി കൊണ്ട്  വന്നത്..


പെൺകുട്ടിക്കാണേൽ കഷ്ടി വിവാഹ പ്രായം ആയതേ ഉള്ളു..

 '' ആ കുട്ടി എന്തിനാ രാവിലെ മുതലിങ്ങനെ കരയണേ?''

'' ആ കുട്ടിയ്ക്ക് രാവിലെ തന്നെ മേയ്ക്കണമത്രേ''


'' ശോ ! ഇതിപ്പം  വലിയ ക്രമ സമാധാന പ്രശ്നമായല്ലോ''


ക്രമ സമാധാന പാലകർ , പഞ്ചായത്ത് ഭരണ സമിതിക്കാർ, അഭ്യുദയ കാംഷികൾ റെസിഡൻസ് അസോസിയേഷൻക്കാർ  സംയുക്ത യോഗങ്ങൾ കൂടി.


നവ ദന്പതികൾക്ക്  പത്ത് ആട് ഈ സാന്പത്തിക  വർഷം തന്നെ കൊടുക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ച് ഇരു കുട്ടരേയും അറിയിച്ച് വലിയ ഒരു വർഗീയ കലാപം ഒഴിവാക്കി.


'' അല്ലാ ഇതിപ്പം എന്താ?''


'' ഓ.. അതോ.. മുസ്ളീമിനെ കെട്ടിയാൽ ആടിനെ മേയ്ക്കാൻ പറ്റുമെന്ന് എന്നും  അതിന്റെ അമ്മ പറയുമത്രേ.. കുട്ടി  ആട്ടിനെ മേയ്ക്കണ സ്വപ്നം  മിക്കവാറും കാണുമത്രേ''


'' അല്ലാ ഇതൊക്കെയാരാ ഈ വീട്ടുകാരോട് പറഞ്ഞേ?''


' 'ഏതോ സഹായ കന്പനിക്കാരെന്നാ പറയുന്നേ''

 കാത്തിരിപ്പിൻറെ അസഹിഷ്ണുത...

പൊള്ളിയടർന്ന തൊലിപ്പുറം കൊതിക്കുന്ന തണുപ്പുകൾ....

പുറത്തേയ്ക്കാട്ടി പായ്ക്കുന്ന സിമന്റ് കൊട്ടാരങ്ങൾ..

വിഷം തുപ്പുന്ന ശീതീകരണ പെട്ടികൾ..


നക്ഷത്രങ്ങളില്ലാത്ത ആകാശം...

എവിടെയോ പെയ്ത മഴയുടെ പിശറുകൾ...


മുറ്റത്ത് പായ വിരിച്ചുറങ്ങുന്നതിടയിൽ  

കൈയിൽ വീണ രണ്ട് തുള്ളികൾ...

'' അമ്മേ നമുക്ക് കുട പിടിച്ചു കിടന്നുറങ്ങാം....''

കുടയും കെട്ടി പിടിച്ച് കാത്ത് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി..


മണ്ണിനടിയിലെ ചൂട് സഹിക്കാനാകാതെ ശുദ്ര ജീവികൾ കടിക്കുമോയെന്ന ഭയം..


ഇന്നത്തെ ആകാശം മഴ പെയ്യിച്ചില്ലെങ്കിൽ,

പിശറുകൾ പെരുമഴയായില്ല്ങ്കിൽ,

ദേഹം പൊതിഞ്ഞ ത്വക്കുരുകിയൊലിച്ച്‌

മരിച്ചുപോകും....


ഉഷസ്സൂര്യനേയും സായാഹ്ന സൂര്യനേയും പോലുമെനിക്കിന്ന് ഭയമാണ്..

 പെയ്യുക മഴയെ പെയ്യുക...

കുടപിടിച്ചുറങ്ങട്ടെ ഞങ്ങളിന്ന്...

 വിഷാദത്തിൽ നിന്നും പതിയെ ഉയിർത്തെഴുന്നേറ്റ് വരുന്നതിനിടയിൽ എപ്പോഴോ എന്നിൽ പിടികൂടിയതാണ്....


എവിടെ പോകുന്നതിനും വീട്ടിൽ നിന്നിറങ്ങുന്നതിന് തൊട്ടു മുൻപു കണ്ണടച്ചു കൊണ്ടുള്ള പ്രാർത്ഥന..


അവനും അത് കണ്ട് ശീലമാക്കി....


അവസാനം മൂന്ന് ഹല്ലേലൂയായും വിളിക്കും.. എന്നെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യും..


''അമ്മാ കൊങ്ങനെ കാണാം പോവാം''


അപ്പൻ പെട്രോളടിക്കാൻ 100 രൂപായും തന്നു..


കണ്ണടച്ചു ഞാൻ പ്രാർത്ഥിച്ചു.. 

അവനും പ്രാർത്ഥിക്കുന്നു...


'ഇവനിതെന്താണ് പ്രാർത്ഥിക്കുന്നത്?'' അറിയാനെനിക്കൊരാഗ്രഹം..


വീണ്ടും വീണ്ടും ശ്രദ്ധിച്ചു....

അതേ അവൻ പ്രാർത്ഥിക്കുന്നത്  അങ്ങനെ തന്നെ..


''എന്റെ ദൈനസോറേ... പിശ്.... പിശ്.... പിശ്... ....്

... ആമേൻ.. ഹല്ലേലൂയാ...ഹല്ലേലൂയാ ....ഹല്ലേലൂയാ'' 


 'എന്റെ കർത്താവേ പണ്ടെങ്ങാണ്ട് ചത്തു പോയ ദൈനസോറിനെയാണല്ലോ ഈ ചെറുക്കൻ പ്രാർത്ഥിച്ചു ആവാഹിച്ചു കൊണ്ട് നടക്കണേ...'


മ്യൂസത്ത് ചെന്നിട്ട് അവിടെ കണ്ട ദിനോസർ വിഗ്രഹങ്ങളെയൊക്കെ തൊഴുത് നിക്കണ കണ്ടപ്പോഴാണ് എനിക്ക്  തിരിച്ചറിവുണ്ടായത്... ചെറുക്കനേതോ പുതിയ മതത്തിൽ ചേർന്നെന്ന്...


NB: ദിനോസറിനോട് പ്രാർത്ഥിച്ചതും, തൊഴുതതും  നടന്ന സംഭവം.. ഇവിടെ  ഇതെഴുതാൻ പ്രചോദനംDr.Manoj Vellanadന്റെ പോസ്റ്റ്.

 പലായന ചിത്രം 

............................


ആഴമുണ്ട്,  ആ ചിത്രങ്ങൾ ക്കാഴമുണ്ട്‌ 

പ്രോട്ടോക്കോളിലെ 

പത്തടിയോളം ആഴമുണ്ട്. 


ആ കുഴിയിൽ ഞാനുണ്ട് 

എന്റെ പതിയുണ്ട് 

ഞങ്ങൾ ചേർന്ന മകനുണ്ട് 

പിന്നെയും ചേർന്നു 

ലിംഗമറിയാത്ത വയറ്റിലെ 

കുഞ്ഞുമുണ്ട് 


വീതിയുണ്ട് 

ആ  ചിത്രങ്ങൾക്ക് വീതിയുണ്ട്


ഒട്ടും പരിചയമില്ലാ ആയിരം മനുജർ 

ഞങ്ങൾക്ക് മീതെ 

വീഴാതടക്കുവാൻ

 ക്രമപ്പെടുത്തിയവീതിയുമീ 

 പ്രോട്ടോകോൾ കുഴിക്കുണ്ട്.

 'ര '  എന്ന് പേരുള്ള എഴുത്തുകാരൻ 


ബാലിശമായിട്ട് ഒന്നും എഴുതില്ല. 


വ്യക്തിപരമായ കാര്യങ്ങൾ എഴുതിയിട്ടെയില്ല. 


ഇതു അങ്ങനെ ആണോ? 

തന്റെ സ്വപ്നം  നിറവേറപെട്ട ദിവസം. 


തന്റെ തീരുമാനം തെറ്റായില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം. 


അയാൾ സ്റ്റാറ്റസ് ഇട്ടു " എന്റെ മകൾ ഒരു കപ്പൽ ഓട്ടക്കാരി ആയിരിക്കുന്നു. അഭിമാനം. "


ഓരോ നിമിഷവും മനസ്സിൽ ആഘോഷം. ആശംസകൾ അറിയിക്കാൻ എത്തുന്ന  ഫോൺ കാളുകൾ. 


ഒരു മണിക്കൂർ കഴിഞ്ഞില്ല.....

ആ ഫോൺ കാൾ. 


അയാൾക്ക് സ്റ്റാറ്റസ് മറ്റേണ്ടി വന്നു.  ആ കപ്പൽ അപകടത്തിൽപെട്ടു. 


'എന്റെ മകൾ  പോയി 'അയാൾ സ്റ്റാറ്റസ് തിരുത്തി. 


തന്റെ മകളുടെ ശരീരം കൊണ്ടു വരുന്ന കപ്പലിൽ നല്ല ഒരു വിരുന്നു സൽക്കാരം നടത്തേണം...  അധികാരികളോട്  അയാൾ കരഞ്ഞു പറഞ്ഞു.  അവർ അയാളോട് കനിഞ്ഞു.  


അവളെ അവർ നന്നായി അലങ്കരിച്ചിരുന്നു. കടൽ വെള്ളത്തിൽ തന്നെയാണ് അവർ അവളെ അവസാനമായി കുളിപ്പിച്ചത്. 


കപ്പൽ കരയിൽ വന്ന ഉടൻ അയാൾ അതിലെ വിരുന്നിൽ പങ്കാളിആയി.  തന്റെ മകളുടെ വിവാഹത്തിന് കരുതിയ പണം എല്ലാം ആ വിരുന്നിനു വേണ്ടി ചിലവഴിച്ചു. 


നാട്ടുകാരെ എല്ലാം ആ വിരുന്നിലേക്ക് ക്ഷണിച്ചു. 


ഓരോ പരിചയക്കാരുടെ മുൻപിലും അയാൾ വല്ലാതെ അലമുറഇട്ടു കരഞ്ഞു.. 


എങ്കിലും അയാളുടെ മനസ്സിൽ ഒരു അഭിമാനം ഉണ്ടായിരുന്നു. തന്റെ മകൾ ഒരു 'കപ്പലോട്ടക്കാരി'  ആയി. 


എത്ര നേരം അവൾ കപ്പലോട്ടക്കാരി ആയിരുന്നിരിക്കും. 


അയാൾ സ്റ്റാറ്റസ് നോക്കി. അവൾ 'കപ്പലോട്ട ക്കാരി' ആയി എന്ന് താൻ അറിഞ്ഞു  ഒരു മണിക്കൂർ കഴിഞ്ഞാണ് അപകടം എന്ന് അറിഞ്ഞത്.  എങ്ങനെ ആയാലും ഒരു മണിക്കൂർ എങ്കിലും അവൾക്ക് ഈ ഭൂമിയിൽ "കപ്പലോട്ടക്കാരി " ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


ചിലപ്പോൾ തന്നെ വിളിച്ചു പറഞ്ഞത് വളരെ വൈകി ആണെങ്കിലോ?  എങ്കിൽ  അത്ര അധികം നേരം അവൾക്ക് ഇവിടെ ഒരു "കപ്പൽ ഓട്ടക്കാരി" ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


തന്റെ മകൾ ഒരു സെക്കന്റ്‌ എങ്കിലും "കപ്പൽ ഓട്ടക്കാരി "തന്നെ 


"കപ്പൽ ഒട്ടക്കാരി തന്നെ..... " അയാൾ ഉറക്കെ അലറി കരഞ്ഞു. ചുറ്റും ഉള്ളവർ ഭയന്നു.. 


....................................................

' ര ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന എഴുത്തു കാരനോട്, 


ഞാൻ നിങ്ങളുടെ പോസ്റ്റ്‌ വായിക്കുകയോ,  ഒരു ലൈക്കോ കമെന്റോ പോലും തരുകയും ചെയ്തിട്ടില്ല. 


ചാറ്റ് ചെയ്തിട്ടില്ല. 


ഒരു ഹായ് ആകട്ടെ, ഗുഡ് നൈറ്റ്‌ ആകട്ടെ ഇന്ന് വരെയും പറഞ്ഞിട്ടില്ല. 


താങ്കൾ ഇടുന്ന ഫോട്ടോസ്  കാണാറുണ്ട് എന്നുള്ളതിൽ കവിഞ്ഞു അതിൽ ഇന്ന് വരെയും ലൈക്കോ,  സൂപ്പർ ലൈക്കോ, angriyo,  kummojiyo ഇട്ടിട്ടില്ല. 


പിന്നെന്തിനാണു  ഉവ്വേ....  വെളുപ്പാൻ കാലം ഇമ്മാതിരി കഥ ഇല്ലാത്ത സ്വപ്‌നങ്ങളുമായി( അതും main charachter ആയി ) എന്റെ ഉറക്കങ്ങളിൽ  കയറി വരുന്നേ..  മേലാൽ ആവർത്തിക്കരുത്. 


..

 ക്വാറന്റയിൻ 

, ----------


ഇന്നലെ വരെ ഓടി ചാടി നടന്നവളാ 

വയസറിയിചെന്ന് 

രാവിലെ കുളിപ്പിച്ച്  

മുറിയിൽ കയറ്റി 

ദിവസങ്ങളോളം

ക്വാറന്റയിൻ, 

സാമൂഹിക  അകലം.

പിന്നെ അങ്ങോട്ട്‌ 

മുഖം മൂടി നടക്കൽ....

 ഇഷ്ടങ്ങളുടെ  അളവ് തൂക്കങ്ങൾ എനിക്കു അറിയേണ്ടതില്ലായിരുന്നു. 


ഇഷ്ടം,  സൂപ്പർ ഇഷ്ടം, മാറോടു ചേർത്ത് അണച്ചു സുരക്ഷിതമാക്കുന്ന ഇഷ്ടം. 


എനിക്ക്  ഈ ഇഷ്ടങ്ങളുടെ തോതുകൾ അറിയേണ്ട. 


വല്ലപ്പോഴും കിട്ടുന്ന  ദേഷ്യ ബട്ടണുകളുടെ തോതുകൾ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ.. 


മുഖം ചുവന്നു തുടുത്തു കണ്ണുകൾ മുന്നിലേയ്ക്ക് തള്ളിച്ചു തുറിച്ച നോക്കുന്ന ഒറ്റ മുഖം..  


ആ മുഖബട്ടണിലേക്ക്  ഞാൻ എപ്പോഴും നോക്കും.. low ദേഷ്യം,  high ദേഷ്യം,  മാറിൽ നിന്നും വലിച്ചു പിടിച്ചു അടർത്തി എടുത്തു ദൂരേക്ക് എറിയുന്ന ദേഷ്യം, വെറുപ്പ്, പക ഇങ്ങനെ കുറേ കുറേ ബട്ടണുകൾ ഉണ്ടായിരുന്നെങ്കിൽ..... 


എനിക്ക് കിട്ടുന്ന  ദേഷ്യങ്ങളുടെ തോതുകൾ എനിക്ക്  അറിയാൻ കഴിഞ്ഞേനെ.. 


നിങ്ങൾ ഇടുന്ന ദേഷ്യങ്ങളുടെ  അളവ്  തൂക്കങ്ങൾ എനിക്ക്   അറിയാൻ കഴിഞ്ഞേനെ..

 അമ്മയിൽ നിന്നും ഞാനാദ്യം മുറിക്കപ്പെട്ട പൊക്കിൾ കൊടി.  കൈലിയും ജമ്പറും മാത്രം ആണ് വീട്ടിലെ വേഷം.  


അമ്മയുടെ പൊക്കിളിലേക്ക് ഞാൻ എപ്പോഴും നോക്കും.  പൊക്കിളിനു ചുറ്റും ആപ്പിളിന്റെ  ആകൃതിയിൽ ആണ് വയർ. 


ആ വയറിനുള്ളിൽ ആയിരുന്നല്ലോ ഞങ്ങൾ രണ്ടു പേരും. 


ആപ്പിൾ എപ്പോഴും ആ പാമ്പിനെ ഓർമിപ്പിക്കും. 


ആപ്പിൾ ആയിരിക്കും പാമ്പ് കൊടുത്ത പഴം. 


ആ പാമ്പ് ആണത്രേ അമ്മക്ക് ആദ്യമായി പഴം കൊടുത്തത്.


 ജ്ഞാനത്തിന്റ വൃക്ഷ ഫലം തിന്നരുതെന്നു അച്ഛനും അമ്മയ്ക്കും വിലക്കുണ്ടായിരുന്നത്രെ. 


പാമ്പ് കൊടുത്ത രുചിയുള്ള പഴം  അമ്മ അച്ഛനും കൊടുത്തു. 


അത് കൊണ്ടാണല്ലോ അമ്മയ്ക്കു രണ്ടാമത്തെ ആളായിട്ടും അച്ഛന്  ആദ്യത്തെ ആളായിട്ടും ഞാൻ ജനിച്ചത്. 


പക്ഷേ അച്ഛൻ ഉൾപ്പടെ എല്ലാരും പറയുന്നത്  ഞാൻ അവരുടെ രണ്ടാമത്തെ കുഞ്ഞു എന്നാണ്. 


അമ്മയുടെ ആപ്പിൾ ആകൃതിയിൽ ഉള്ള വയർ എപ്പോഴും ആ പാമ്പിനെ ഓർമിപ്പിക്കും.. 


ആരായിരിക്കും ആ പാമ്പ്..  


ആ പാമ്പിനെ പോലെ ബുദ്ധി ഉള്ളവൻ ആണ് മൂത്തവൻ. ഒരു മാളം മുന്നിൽ കണ്ടതിനു ശേഷം മാത്രം പുറത്തിറങ്ങുന്ന പാമ്പിന്റ കുഞ്ഞ്. 


" എന്റെയും അവന്റെയും അച്ഛൻ രണ്ടാണ് "


 അടിപിടികൾക്കൊടുവിൽ  ഞാൻ പ്രഖ്യാപിച്ചു. 


അമ്പരന്നു  പോയ അച്ഛനും അമ്മയും. 


" എന്തിനാണ് ഇങ്ങനത്തെ വിഷമൊക്കെ നീ  പറയുന്നത് " അച്ഛൻ അടിക്കാൻ ഓങ്ങി. 


ആപ്പിൾ ആകൃതിയിൽ ഉള്ള അമ്മയുടെ വയറ്റിലേക്ക് ഞാൻ സങ്കടത്തോടെ  നോക്കി.


#അമ്മ #ആപ്പിൾ #വയർ

 എന്തിനോ വേണ്ടി 

നിരത്തിലൂടെ നടക്കുകയായിരുന്നു.. 


റോഡിൽ നിന്നും അൽപ്പം മാറി അല്പം ഉയരത്തിലായി രണ്ടു മനുഷ്യർ മരം മുറിക്കുന്നു. 


ഒരാൾ മരത്തിനു മുകളിൽ വളരെ കനമുള്ള കൊമ്പ്,  വെട്ടുകത്തി ഉപയോഗിച്ചു മുറിക്കുന്നു. 


താഴെ നിൽക്കുന്ന ആൾ സഹായി ആണ്. 


മരകൊമ്പ് മുറിഞ്ഞ് സഹായിയുടെ പുറത്തേക്ക് വീണു. തൽക്ഷണം മരിച്ചു. 


" ഒന്ന് ആരോടെങ്കിലും പറഞ്ഞു ഇയാളുടെ ബോഡി ഇവിടുന്നു എടുത്തു അടക്കിയേക്കണേ "  മരത്തിനു മുകളിൽ നിന്നും വേഗത്തിൽ താഴെ ഇറങ്ങി ഉച്ചത്തിൽ എന്നെ നോക്കി പറഞ്ഞിട്ട്  അയാൾ ദൂരേക്ക് ഓടി മറഞ്ഞു. 


അയാൾ എന്തിനാ ഓടിയത്? 


ആ മരത്തിന്റെ ചുവട്ടിൽ ഒരാൾ മരിച്ചു കിടക്കുന്നെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ഉത്തരവാദിത്തം വെറും വഴി യാത്രക്കാരിയായ എന്നിൽ എങ്ങനെ എന്നിൽ വന്നു? 


എന്നോടെന്തിനായാൾ പറഞ്ഞു? 


നടന്നു വന്ന വഴിയിലൂടെ കുറച്ചു പിറകിലേക്ക് പോയി.  അവിടെ ഒരു പോലീസ് സ്റ്റേഷൻ കണ്ടു? 


"എന്തിനാണിവിടെ " ശബ്ദം  കാഠിന്യം ഉള്ളത് ആയിരുന്നു. ഞാൻ ഭയപ്പെട്ടു പോയി. ഒന്നും പറയാൻ ശബ്ദം പുറത്തേക്ക് വന്നില്ല. 


പെട്ടന്ന്  പുറത്തേക്ക് വന്നു.  റോഡിൽ കൂടി നടന്നു...  


ഒരു മനുഷ്യൻ അവിടെ ചത്തു കിടക്കുന്നെന്ന് ആരോടാണ് ഒന്നു പറയുക..  


കുറേ നേരം നിന്നു ആരും അതു വഴി വന്നില്ല. 


വീട്ടിൽ കയറി വാതിൽ അടച്ചു വിറയലോടെ ഒരു മൂലയിൽ ഇരുന്നു.. ഇനി ആരോടെങ്കിലും പറഞ്ഞാൽ തന്നെ പറയാൻ  ഇത്രയും താമസിച്ചതെന്താ എന്ന് ചോദിച്ചു വഴക്ക് പറയും. 


പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല.... 


രാത്രിയിൽ അജ്ഞാതനായ ആ ശരീരം എന്റെ അടുത്തേക്ക് വന്നു.. 


"നീ പറയ്, ആരോടെങ്കിലും പറയ്.  ഞാനവിടെ ചത്തു മലച്ചു കിടക്കുന്നെന്ന് ആരോടെങ്കിലും പറയ് "


"നീ ചത്തെന്നു,  വെറും വഴി യാത്രക്കാരിയായ ഞാൻ തന്നെ പറയേണം എന്ന് ഇത്ര നിർബന്ധം എന്താണ്? "


"അതെനിക്കറീല,  എന്നെ കൊന്നവൻ അങ്ങനെ പറയാൻ പറഞ്ഞു "


രാവിലെ വീണ്ടും ആ വഴി.. 


കുറെ പോലീസുകാർ.....


" തൂങ്ങി ചത്തതാ "  മുറുക്കാൻ ചവച്ചു തുപ്പി ഒരു തള്ള. 


"അല്ല കൊന്നതാ, ഞാൻ കണ്ടതാ. 


മരം മുറിക്കുന്നവൻ കൊന്നതാ...


 മരം മുറിക്കും മുൻപേ കൊമ്പ് ചെത്തിയിട്ടു  കൊന്നു.  അയാൾ ഓടി പോയി..  അയാൾ ഓടിയ ദിശ എനിക്കു അറിയാം..  പോയ ഇടം എനിക്കു അറീല. " പക്ഷേ ഒരു വാക്ക് പോലും തൊണ്ട വിട്ടു പുറത്തേക്ക് വന്നില്ല.. 


ഇന്നലെ ആരോടെങ്കിലും പറയേണ്ട കാര്യം. 

ഇത് വരെയും ആരോടും പറഞ്ഞില്ല.  ഇനി ആരോടും പറയാൻ പാടില്ല. 


ഇതു വരെയും മറച്ചു വച്ചതിനു ഞാൻ 

കുറ്റക്കാരിയാകും. 


ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യത്തിന് എത്ര പെട്ടെന്നാണ് കുറ്റക്കാരിയായി മാറിയത്.. 


അതേ... എനിക്കീ സ്വപ്നം തന്നത് അസ്വസ്ഥകൾ മാത്രം ആണ്. 

 ഞാൻ പെട്ടന്ന് കണ്ണു തുറന്നു. 


=============================

വെളുപ്പാൻകാല സ്വപനം --05

 പിന്നെയും ഞാൻ ആ സ്വപ്ന വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. 


ആൾ കൂട്ടങ്ങൾക്കിടയിൽ മൂന്നായി തുണ്ടിക്കപ്പെട്ടു കിടക്കുന്ന രണ്ടു പെൺശരീരങ്ങൾ. 


ഒരാളുടെ ദേഹത്തു നിന്നു പച്ചയും,  മറ്റൊരാളുടെ ശരീരത്തിൽ നിന്നു വെള്ളയും രക്തം ഒഴുകുന്നു. 


റോഡിന്റെ മുക്കാൽ വീതിയോളം ആ രക്തം പടർന്നിട്ടിട്ടുണ്ട്. 


രക്തമില്ലാത്ത വശം ചേർന്ന് അപ്പുറം എത്തി. നടക്കുന്നതിനിടയിൽ  ശവങ്ങളിലേക്ക് എത്തി നോക്കാൻ ഞാൻ മറന്നില്ല. 


"സൗന്ദര്യം കൂട്ടാൻ സർജറി ചെയ്തു തുണ്ടിക്കപ്പെട്ടു മരിച്ച യുവതികൾ ആണിവർ " ആൾക്കൂട്ടത്തിൽ ആരോ പറഞ്ഞു. 


"എന്തിനാണിവരെ പൊതു ദര്ശനത്തിനിങ്ങനെ ഇട്ടേക്കുന്നത്?  എടുത്തു മാറ്റരുതോ? "

" പഠിക്കട്ടെ ഈ പെണ്ണുങ്ങൾ ഇനിയെങ്കിലും പഠിക്കട്ടെ സൗന്ദര്യം കൂട്ടാൻ നടക്കുന്നു " ആൾക്കൂട്ടത്തിൽ നിന്നും ആരോ എനിക്കുള്ള മറുപടി തന്നു. 


" ഇനിയും ഒരുത്തി ചത്തിട്ടുണ്ടല്ലോ അങ്ങ് റൂട്ബീ തെരുവിൽ. അവളെയും ഇപ്പോഴും അടക്കിയിട്ടില്ല " 


റൂട്ട്ബി  തെരുവിലക്ക് എത്താൻ എന്റെ കാലുകൾ വേഗത കൂട്ടി. 


എതിരെ കറുത്ത വലിയ ആന നടന്നു വരുന്നു 

എനിക്കു സമാന്തരമായി വലുപ്പമേറിയ ഒരു ലോറി പാഞ്ഞു വന്നു. 


റോഡ് തീരെ വീതി കുറഞ്ഞത്. 


ആരാദ്യം പോകേണം? 

മൂന്നു പേർക്കും ആദ്യം പോകേണം. 


ആനയും ലോറിയും വല്ലാതെ വാശിയിലായി. 

രണ്ടു പേരും ഒരുമിച്ചു മുന്നോട്ട് പോകുന്നു. 

എനിക്ക് പോകാൻ അല്പം പോലും ഇടമില്ല. 

ആനയും ലോറിയും പരസ്പരം തട്ടാതെ മുട്ടാതെ മറികടക്കാൻ വളരെ ശ്രദ്ധിക്കു്ന്നു. 

അതു കൊണ്ട് അവരുടെ കടന്നു പോക്ക് വളരെ സവധാനതയിൽ ആണ്. 


റൂട്ട് ബീ തെരുവിലെ തുണ്ടിക്കപ്പെട്ട പെണ്ണിനെ കാണേണം. മനസ് അസ്വസ്ഥമായി 


വളരെ നേരമെടുത്തു ആനയും ലോറിയും കടന്ന് പോകാൻ. 


"ആരാണ് ഈ വഴി " എൽസി ആന്റി 


" ഞാൻ റൂട്ട്ബീ തെരുവിലേക്ക് ആണ് "


" ങ്ങാ - ഞാനും കേട്ടു വാർത്ത "


അവരോടു ചേർന്നു കുറേ ദൂരം നടന്നു. 


"നീ ശോശാമ്മയുടെ വീട്ടിൽ കയറുന്നോ? "


"അതിവിടെ ആണോ?   ഗൾഫീരുന്നു പണമുണ്ടാക്കി വീട് അങ്ങെവിടെയോ അല്ലേ ? "


" അവൾക്ക് പ്രാന്തായിരുന്നു.  അങ്ങ് പുനലൂര്. ഗൾഫീരുന്നു നോക്കുമ്പോൾ കേരളത്തിലെ ഏത് സ്ഥലവും ജനിച്ച വീടിന് തൊട്ടടുത്തെന്ന് തോന്നുമത്രെ..  പുനലൂര് അവൾക്കാരെയും അറീല..  ആ വീട് വിറ്റ്.  ഇവിടെ കുറച്ചു സ്ഥലം വാങ്ങി ദേ നോക്ക് "


10 സെന്റിൽ നീളത്തിൽ ഒരു വീട്. 


" പെണ്ണുങ്ങൾക്കെന്ത് പ്ലാൻ അറിയാനാണ്.  അവൾക്ക് ഒരേ നിർബന്ധം ഇങ്ങനെ നീളത്തിൽ ഉള്ള വീട് മതീന്ന്.  വരുന്നോരും പോകുന്നോരും അവളുടെ വീട് നോക്കി ചിരിക്കും."


കോൺക്രീറ്റ് കെട്ടിടമെങ്കിലും ആ വീട് ഒരു 'നിരക്കട' പോലെ തോന്നിപ്പിക്കും. 


റൂട്ട്ബി തെരുവിലെ ശവത്തെ കുറിച്ച് ഞാൻ പിന്നെയും അസ്വസ്ഥതമായി. 


ചിതറിയ ചുവന്ന രക്തങ്ങൾ അവളുടെ ശവത്തെ അലങ്കരിച്ചിരുന്നു. 


" ഇവളുടേതു ചുവന്ന രക്തമാണ് ഇവളെ അടക്കാം. മറ്റവളുമാരുടേത് പച്ചയും  വെള്ളയും രക്തമാണ്.  അത് പൊതു വഴിയിൽ കിടക്കട്ടെ " നേതാവ് പറഞ്ഞു. 


"അതു പറ്റില്ല എല്ലാവരെയും മറവ് ചെയ്യേണം "

ആൾക്കൂട്ടം ബഹളം വയ്ക്കാൻ തുടങ്ങി. 


"ശരി.  മൂന്നു പേരെയും മറവു ചെയ്യാം.  ആരെ ആദ്യം സംസ്കരിക്കും? "

"ചുവപ്പ് രക്തമുള്ളവളെ  " ചിലർ പറഞ്ഞു 

"അല്ലല്ല...  പച്ച രക്തമുള്ളവളെ  " മറ്റു ചിലർ 

" വെള്ള രക്തമുള്ളവളെ ആദ്യം അടക്കേണം " കുറേ പേർ അങ്ങനെ വാദിച്ചു. 


വാദങ്ങളും, തർക്കങ്ങളും മുറുകി കൊണ്ടേയിരുന്നു.. 


ഞാൻ ഉണരുകയും ചെയ്തു.. 


സൌന്ദര്യം കൂട്ടാൻ സർജറി ചെയ്യുന്നതിനിടയിൽ മൂന്നായി തുണ്ടിക്കപ്പെട്ടു,  പൊതു നിരത്തിൽ കിടന്ന,  മൂന്നു രക്ത വർണ്ണങ്ങളുള്ള മൂന്നു പെണ്ണുങ്ങൾ ഇന്ന് പകൽ മുഴുവൻ എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു 


--------------------------------------------------

വെളുപ്പാൻ കാല സ്വപ്നം --06

 എന്റെ ദേശം 

പെട്ടന്നൊരു നാൾ ഒരു  മഹാമാരി വന്നു.. 


ദേശക്കാർ ഒന്നൊഴിയാതെ മറ്റൊരിടത്തെക്കു ഒഴുകി പോയി. 


അവർ സന്തോഷത്തിൽ ആണ്. 


ഉറ്റവർ ഉടയവർ  എല്ലാം ഒപ്പമുണ്ട്. 


ഒടുവിലാണ്  ഞാനെന്റെ ദേശം തേടി എത്തിയത്. 


നിശബ്ദത.... 


നിശബ്ദത.....


ആരും വരില്ലെന്നറിഞ്ഞിട്ടും 

അവരെ കാത്തിരുന്നു. 


ഈ രാത്രി ഞാൻ അവിടെ ഒരു 

മര ചുവട്ടിൽ ഇരുന്നു. 


നിശബ്ദത...


നിശബ്ദത..


ചീവീട്  പോലും മിണ്ടുന്നില്ല.. 


പകൽ പെയ്ത മഴ.. 

രാത്രി 

മരത്തിൽ നിന്നും മഴ പെയ്യിക്കുന്നു.. 


ശബ്ദമില്ലാത്ത മഴ


തുള്ളികൾ വീണിട്ടും ശബ്ദിക്കാത്ത 

കരിയിലകൾ... 


നിശബ്ദമായി പോകുന്ന

കുറുക്കൻമാരെ ഇരുട്ടിൽ 

എനിക്ക് തിരിച്ചറിയാം 


അവ ഉറക്കെ ഒന്ന് കൂവി എങ്കിൽ. 


എന്നെ തുറിച്ചു നോക്കി മരത്തിനു 

മുകളിൽ രണ്ടു കണ്ണുകൾ.. 

അതൊന്നു മൂളിഇരുന്നെങ്കിൽ.. 


ഇല്ല ഒന്നും മിണ്ടുന്നില്ല.. 


എല്ലാം നിശബ്ദമാണ്... 


എല്ലാം നിശബ്ദമാണ്..


==================


ഒരു മണിക്ക് കണ്ട സ്വപ്നം.. (08)


എൻറെ നാടിനൊപ്പം 🖤🖤🖤🖤🖤🖤

love u all 💜🖤💜🖤

 " ഞാനിഷ്ടപ്പെട്ട കറുപ്പിന്റെ  അഴകിന്റെ പൂർണത ഞാൻ കണ്ടില്ല "


"പിന്നെ?"


"പൂർണ്ണതയുടെ രുചി മാത്രം എനിക്ക് അറിയാമായിരുന്നു "


"രുചിയോ?"


 "മ്...  എന്റെ ആദ്യത്തെ  വിശപ്പുകൾ  മാറ്റുവാൻ  ഞാനാദ്യം കാർന്നു തിന്ന   രണ്ടു കറുപ്പുകൾ "..🖤💜🖤


==============================

 ആ ഫോട്ടോയ്ക്ക് ക്യാപ്ഷൻ അയാൾ എഴുതി.


'എനിക്ക് ഏറ്റവും  പ്രിയപ്പെട്ടവളായിരുന്നവൾ  വിട്ടു പോയിട്ട്  ഇന്നേക്ക്   6 വർഷം തികയുന്നു.'


അയാൾക്ക് പ്രിയമായിരുന്നവളുടെ  ഫോട്ടോക്ക് താഴെ  പ്രണാമങ്ങളും, ആദരാജ്ഞലികളും,  റസ്റ്റ്‌ ഇൻ പീസുകളും കൊണ്ടു  രേഖപെടുത്തി  സുഹൃത്തുക്കൾ അയാളുടെ ദുഃഖത്തിൽ പങ്കു ചേർന്നു.


" താങ്കൾ എന്തിനാണിങ്ങനെ ഫേസ് ബുക്കിൽ വ്യാജങ്ങൾ പ്രചരിപ്പിക്കുന്നത്? സൈബർ നിയമങ്ങൾ ശക്തമാണെന്ന് താങ്കൾക്ക് അറിയില്ലേ? "


" സർ, ഇതിൽ ഏന്താണ്  വ്യാജം? എനിക്ക് പ്രിയമായിരുന്നു എന്നതോ? അതോ  എന്നെ വിട്ടു പോയി എന്നതോ??


വ്യാജം തെളിയ്ക്കാൻ  ആർക്കും  കഴിഞ്ഞില്ല.


പിറ്റേ വർഷം അതേ ദിവസം, അവൾ അയാളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തു,


 ' എനിക്ക് പ്രിയമായിരുന്നവൻ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഏഴു വർഷം'


അയാൾക്ക് കിട്ടിയതിനേക്കാൾ ഇരട്ടി ദുഃഖ ചിഹ്നം കിട്ടി. പ്രണാമങ്ങളും, ആദരാജ്ഞലികളും, റസ്റ്റ്‌ ഇൻ പീസുകളും കണ്ട് അവൾ പൊട്ടിചിരിച്ചു.


അമൃതയുടെ  സൂപ്പർ ലൈക്കെന്തിനെന്ന് തല പുകയ്ക്കാൻ നിൽക്കാതെ 7 വർഷമായി ഭർത്താവായിരിക്കുന്നയാളെയും  കെട്ടി പിടിച്ചു കിടന്നുറങ്ങി...


 മുഖഭാഗമായ റോസപ്പൂവുമായി   'അമൃത' എന്ന 'വ്യാജൻ   അവളോട് കൂട്ട്  കൂടിയിട്ട്  7  വർഷമായി. തന്നിൽ നിന്നും പിരിഞ്ഞ  ഭാര്യ ഇട്ട  അയാളുടെ ഫോട്ടോക്ക് താഴെ വരുന്ന ആദരാജ്ഞലികൾക്കു  സൂപ്പർ ലൈക്കുകൾ ഇട്ടു  അയാൾ നേരം വെളുപ്പിച്ചു.

 "മഴ കൊണ്ട് മാത്രം കിളിർക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ "


അന്നയാളെ ഞാൻ കുഴിച്ചിട്ടു.

മഴ വരുന്നതും കാത്തിരുന്നു.

അയാൾ കിളിർത്തു വന്നാലോ?

മഴ വന്നിട്ടും  പെട്ടിയ്ക്ക് ചുറ്റും നനഞ്ഞിട്ടും

പെട്ടി നനഞ്ഞിട്ടും

 കാലം കഴിഞ്ഞു ചിതല് തിന്നിട്ടും

കളകൾ പെരുകിയതല്ലാതെ

ഫലമുള്ള വൃക്ഷം മുളച്ചതേയില്ല

അയാൾ മുളച്ചു വന്നതേയില്ല


ഓഹ് ഞാൻ മറന്നു

ഞാനൊരു  വിത്തും അയാളുടെ

ഹൃദയത്തിൽ പാകിയില്ലല്ലോ

അയാളെങ്ങനെ കിളിർത്തു വരും.

അതിനും മുൻപേ അയാൾ ചത്തു പോയിരുന്നു

ഞാൻ കുഴിച്ചിടുക മാത്രമേ ചെയ്തുള്ളൂ.


ഞാനൊന്നും വിതറാതെ

അയാളുടെ ശവം തിന്നു വളർന്നതെല്ലാം

കളകൾ.

അയാളുടെ ശവം തിന്നു വളർന്നതെല്ലാം  കളകൾ.

അയാളുടെ ശവം തിന്നു വളർന്നതെല്ലാം കളകൾ.

 ഇനിയൊന്നും ഉള്ളിൽ ഇല്ലെന്നറിയാം.

ആരെങ്കിലും ഏറ്റെടുത്തു പൂർത്തിയാക്കാതിരിക്കില്ല.

ഇനിയും പല നിറങ്ങൾ  കോർത്തു കോർത്തു മാലയാക്കി അയച്ചു തരുമോ ആരെങ്കിലും?

 നാം അറിയാതെ വന്ന വരികളെ കോർത്തല്ലേ  അന്ന് കഥകളും കവിതകളും മെനഞ്ഞത്.

ഇനിയുമില്ലെന്നറിയാമെങ്കിലും, വെറുതെ പൂർത്തിയാക്കി കേൾക്കുവാനൊരിഷ്ടം 🖤💜

പുതുക്കൽ

 

ചിറകുകളെ പുതുക്കി,
പറക്കുവാനൊരു ആകാശം വേണം
തളർന്നു പോകാതെ ഓടുവാൻ
എനിക്കൊരു പാത വേണം
ക്ഷീണിച്ചു പോകാതെ നടക്കുവാൻ
പൂക്കളാൽ നിറഞ്ഞൊരു ഇടവഴി വേണം
കഴുകനെ പോലെ പുതുകി വരാൻ,
ദീർഘനാൾ സന്യസിച്ചു ഇരിയ്ക്കുവാൻ
ഉയർന്നൊരു  മല വേണം 💜🖤