എന്തിനോ വേണ്ടി
നിരത്തിലൂടെ നടക്കുകയായിരുന്നു..
റോഡിൽ നിന്നും അൽപ്പം മാറി അല്പം ഉയരത്തിലായി രണ്ടു മനുഷ്യർ മരം മുറിക്കുന്നു.
ഒരാൾ മരത്തിനു മുകളിൽ വളരെ കനമുള്ള കൊമ്പ്, വെട്ടുകത്തി ഉപയോഗിച്ചു മുറിക്കുന്നു.
താഴെ നിൽക്കുന്ന ആൾ സഹായി ആണ്.
മരകൊമ്പ് മുറിഞ്ഞ് സഹായിയുടെ പുറത്തേക്ക് വീണു. തൽക്ഷണം മരിച്ചു.
" ഒന്ന് ആരോടെങ്കിലും പറഞ്ഞു ഇയാളുടെ ബോഡി ഇവിടുന്നു എടുത്തു അടക്കിയേക്കണേ " മരത്തിനു മുകളിൽ നിന്നും വേഗത്തിൽ താഴെ ഇറങ്ങി ഉച്ചത്തിൽ എന്നെ നോക്കി പറഞ്ഞിട്ട് അയാൾ ദൂരേക്ക് ഓടി മറഞ്ഞു.
അയാൾ എന്തിനാ ഓടിയത്?
ആ മരത്തിന്റെ ചുവട്ടിൽ ഒരാൾ മരിച്ചു കിടക്കുന്നെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ഉത്തരവാദിത്തം വെറും വഴി യാത്രക്കാരിയായ എന്നിൽ എങ്ങനെ എന്നിൽ വന്നു?
എന്നോടെന്തിനായാൾ പറഞ്ഞു?
നടന്നു വന്ന വഴിയിലൂടെ കുറച്ചു പിറകിലേക്ക് പോയി. അവിടെ ഒരു പോലീസ് സ്റ്റേഷൻ കണ്ടു?
"എന്തിനാണിവിടെ " ശബ്ദം കാഠിന്യം ഉള്ളത് ആയിരുന്നു. ഞാൻ ഭയപ്പെട്ടു പോയി. ഒന്നും പറയാൻ ശബ്ദം പുറത്തേക്ക് വന്നില്ല.
പെട്ടന്ന് പുറത്തേക്ക് വന്നു. റോഡിൽ കൂടി നടന്നു...
ഒരു മനുഷ്യൻ അവിടെ ചത്തു കിടക്കുന്നെന്ന് ആരോടാണ് ഒന്നു പറയുക..
കുറേ നേരം നിന്നു ആരും അതു വഴി വന്നില്ല.
വീട്ടിൽ കയറി വാതിൽ അടച്ചു വിറയലോടെ ഒരു മൂലയിൽ ഇരുന്നു.. ഇനി ആരോടെങ്കിലും പറഞ്ഞാൽ തന്നെ പറയാൻ ഇത്രയും താമസിച്ചതെന്താ എന്ന് ചോദിച്ചു വഴക്ക് പറയും.
പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല....
രാത്രിയിൽ അജ്ഞാതനായ ആ ശരീരം എന്റെ അടുത്തേക്ക് വന്നു..
"നീ പറയ്, ആരോടെങ്കിലും പറയ്. ഞാനവിടെ ചത്തു മലച്ചു കിടക്കുന്നെന്ന് ആരോടെങ്കിലും പറയ് "
"നീ ചത്തെന്നു, വെറും വഴി യാത്രക്കാരിയായ ഞാൻ തന്നെ പറയേണം എന്ന് ഇത്ര നിർബന്ധം എന്താണ്? "
"അതെനിക്കറീല, എന്നെ കൊന്നവൻ അങ്ങനെ പറയാൻ പറഞ്ഞു "
രാവിലെ വീണ്ടും ആ വഴി..
കുറെ പോലീസുകാർ.....
" തൂങ്ങി ചത്തതാ " മുറുക്കാൻ ചവച്ചു തുപ്പി ഒരു തള്ള.
"അല്ല കൊന്നതാ, ഞാൻ കണ്ടതാ.
മരം മുറിക്കുന്നവൻ കൊന്നതാ...
മരം മുറിക്കും മുൻപേ കൊമ്പ് ചെത്തിയിട്ടു കൊന്നു. അയാൾ ഓടി പോയി.. അയാൾ ഓടിയ ദിശ എനിക്കു അറിയാം.. പോയ ഇടം എനിക്കു അറീല. " പക്ഷേ ഒരു വാക്ക് പോലും തൊണ്ട വിട്ടു പുറത്തേക്ക് വന്നില്ല..
ഇന്നലെ ആരോടെങ്കിലും പറയേണ്ട കാര്യം.
ഇത് വരെയും ആരോടും പറഞ്ഞില്ല. ഇനി ആരോടും പറയാൻ പാടില്ല.
ഇതു വരെയും മറച്ചു വച്ചതിനു ഞാൻ
കുറ്റക്കാരിയാകും.
ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യത്തിന് എത്ര പെട്ടെന്നാണ് കുറ്റക്കാരിയായി മാറിയത്..
അതേ... എനിക്കീ സ്വപ്നം തന്നത് അസ്വസ്ഥകൾ മാത്രം ആണ്.
ഞാൻ പെട്ടന്ന് കണ്ണു തുറന്നു.
=============================
വെളുപ്പാൻകാല സ്വപനം --05
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ