ജനപ്രിയ പോസ്റ്റുകള്‍‌

2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

 ഇന്നലെ രാത്രിയിൽ എപ്പോഴോ  ഗർഭിണി ആയി.

പങ്കാളി ആരെന്നറിയില്ല.

ഓർത്തെടുക്കാനും കഴിയുന്നില്ല.

ഓർത്തെടുക്കാൻ ശ്രമിയ്ക്കുന്നുമില്ല.


ഒറ്റയ്ക്കാണ് ഉറങ്ങാൻ കിടന്നത്.

മക്കള് രണ്ടു പേരും അച്ഛനോടൊപ്പം.


മൂന്നാമത്തെ കുട്ടി,  സന്തോഷം ഇല്ല.

സങ്കടവും ഇല്ല.

ഏതാനും നിമിഷം കൊണ്ട് കുട്ടി വളർന്നു.


പെറ്റു വീണ കുട്ടിയോടൊപ്പം ആശുപത്രിയിലെ കട്ടിലിൽ  കിടന്നപ്പോൾ 

അപ്പുറത്തെ കട്ടിലിലെ  അമ്മ കരയുന്നു.

തന്റെ കുട്ടിയെ കാണാൻ വരാത്ത അമ്മായിയെ കുറിച്ച് അവൾ പുലമ്പുന്നു.


ഞാനും കൂടി.


അമ്മായിയുടെ കുറ്റങ്ങളുട ഒരു ഭാണ്ഡം തന്നെ ഞാൻ ചുമക്കുന്നുണ്ടായിരുന്നു.


എല്ലാം അവളുടെ മുൻപിൽ ഇറക്കി വച്ചു.

ആ അമ്മ അശ്വസിച്ചു കാണേണം. കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിലെ അമ്മ കരയുന്നു.

തനിക്ക് ആശ്വാസമായിരിക്കാത്ത അമ്മയെ കുറിച്ചവൾ പുലമ്പുന്നു.


 'അമ്മ എനിക്ക് തന്ന മുറിവുകൾ' 

എനിക്കും ഉണ്ടായിരുന്നു.


അവളെ അശ്വസിപ്പിക്കാൻ ഞാനെന്റെ മുറിവുകൾ ഒക്കെയും കാണിച്ചു. മുറിവുകൾ കണ്ടില്ലെങ്കിലും

അമ്മയെല്പിച്ച മുറിവിന്റെ പാടുകൾ എങ്കിലും അവൾ കണ്ടിട്ടുണ്ടാകേണം.

അവൾ തേങ്ങൽ അടക്കി. കുഞ്ഞു പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിൽ പെറ്റൊരുവൾ കരയുന്നുണ്ട്.

പെറാൻ പോണ മോളെ കുറിച്ച് ഉത്തരവാദിത്തം ഇല്ലാത്ത അച്ഛനെ കുറിച്ച്.

അവളെ ആശ്വസിപ്പിക്കാനും  കയ്യിൽ കുന്നോളം ഇരുന്ന അനുഭവങ്ങൾ പങ്കിട്ടു.

അവളും ചിരിച്ചു.


"നിന്റെ കുട്ടി ആണോ പെണ്ണോ?"


അപ്പുറത്തെ കട്ടിലിൽ ചത്തു പോയ എന്റെ അമ്മ പെറ്റു കിടക്കുന്നു. തൊട്ട് ചേർന്ന് ചോരയിൽ ഞാനും. കൊടി മുറിച്ചിട്ടില്ല.


" നിന്റെ കുട്ടി ആണോ പെണ്ണോ?

 ഞാൻ അമ്മയെ നോക്കി.


തിരിഞ്ഞോടി.


" എന്റെ കുട്ടി ആണോ? പെണ്ണോ? "  ഞാൻ നോക്കിയില്ല. വേദനയ്ക്കിടയിൽ ആരോടും ചോദിച്ചതുമില്ല. 


" എന്റെ കുട്ടി ആണോ പെണ്ണോ?  

അയ്യോ ഞാൻ എന്റെ കുട്ടിയെ നോക്കിയില്ല, ശ്രദ്ധിച്ചില്ല. നിലവിളിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് ഓടി.

നിശബ്ദമായി ചരിഞ്ഞു കിടന്ന കുഞ്ഞിനെ ഞാൻ വാരി എടുത്തു.


ചലനമില്ല. 


പൊട്ടാൻ  നിന്ന ഞെട്ടുകൾ കുഞ്ഞി വായിലേയ്ക്ക് വെപ്രാളത്തോടെ തിരുകി.


അയ്യോ. മഞ്ഞ പാൽ പോലും നനയാതെ എന്നെ വിട്ട് പോയ പിള്ള.


ഞാനെന്റെ ഭാന്ധങ്ങൾ ഇറക്കുമ്പോൾ, മുറി പാടുകൾ പ്രദർശിപ്പിക്കുമ്പോൾ  തൊണ്ട നനയ്ക്കാൻ എന്നെ തപ്പി നടന്ന "എന്റെ പിള്ള "


ചാപിള്ള.


"മ്മാ.."

 ദൂരെ കട്ടിലിൽ കുഞ്ഞിനോടൊപ്പം കിടക്കുന്ന എന്റെ അമ്മയെ നോക്കി ഞാനുറക്കെ നിലവിളിച്ചു.


എന്റെ കുഞ്ഞു ആണോ പെണ്ണോ എനിക്കറിയില്ല. ഒന്നറിയാം. അമ്മിഞ്ഞ പാൽ കിട്ടാതെ ചത്ത ചാപിള്ള ആണെന്റെ കുഞ്ഞ്.


"ഭാന്ധങ്ങൾ തുറക്കാൻ മറ്റിടങ്ങൾ തോറും നടക്കരുത് മുറിപ്പാടുകൾ പ്രദർശിപ്പിക്കരുത്. അപ്പനെ കുറ്റം പറഞ്ഞു നടക്കരുത്."


"ഇനി കണ്ണ് തുറക്ക് നിന്റെ സന്തോഷത്തിന്റെ നവ ജാത ശിശു മരിച്ചു 

പോയില്ല. പാൽ കൊടുത്തു വളർത്തൂ "


പൊക്കിൾ കൊടി മുറിച്ചു എന്നെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് എന്റെ അമ്മ പറഞ്ഞു.


ഒറ്റ രാത്രി കൊണ്ട്  വിത്തിട്ട് വിളയിച്ച പ്രസവം. അതാണ്‌ ഇന്നലത്തെ രാത്രി സ്വപ്നം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ