ജനപ്രിയ പോസ്റ്റുകള്‍‌

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഇപ്പോൾ ഞാനും  സാമിയും മാത്രമാണിവിടെ . സാമിയുടെ  തേജസുള്ള  കണ്ണുകളിലേയ്ക്ക്  ഞാൻ വീണ്ടും നോക്കി. സാമി എന്നെ വലിച്ചടിപ്പിക്കുമോ  എന്ന് ഭയപ്പെട്ടു .  പെട്ടന്നദേഹം  അകത്തെ മുറിയിലേയ്ക്ക് പോയി തിരിച്ചു വന്നു . കയ്യിൽ  ഒരു ഡയറി .

" നോക്കൂ , നീ കഥയായി കവിതയായി  പണ്ടൊരിക്കൽ എൻറെയുള്ളിൽ  ഉണ്ടായിരിന്നിരിക്കണം . ഇല്ലെങ്കിൽ ഞാനെന്തിനു ഈ ഡയറിയെ കുറിച്ചിപ്പോൾ ഓർക്കേണം ?"


 ആ ഡയറി വാങ്ങി പേജുകൾ മറിച്ചു  നോക്കി ; നിറയെ വെളിച്ചം വിതറും   കഥകൾ . ഒരു കഥ ഞാനിവിടെ പറയട്ടെ. ആത്മീയ ഉൾക്കണ്ണ്‍  കൊണ്ട് വായിച്ചോളൂ .


1975 ആഗസ്റ്റ്‌ മാസം 17  - ആം  തീയതി സാമി എഴുതിയത് 



                                                       ഭാരം
                                                       ******


"ഹെയ്  ഹെയ് "

വണ്ടി നീങ്ങി കൊണ്ടിരുന്നു . കാളകൾ വലിക്കാൻ നന്നേ പാട് പെടുന്നുണ്ട് . വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വണ്ടി കുലുങ്ങിത്തെറിച്ചു . അയാൾക്ക്‌ ദേഷ്യം വന്നു. കാളകളെ ആഞ്ഞടിച്ചു .


"ഹെയ് ,ഹെയ് "

ഈ വഴിക്ക് വരണ്ടായിരുന്നു . മറ്റെ  വഴി കുറെ കൂടി ഭേദമായിരുന്നു .അയാൾ  അങ്ങകലെ  ലക്ഷ്യം  മനസിൽ കണ്ടു .

പക്ഷേ  അയാൾക്ക്‌  ഇതിലെ പൊയ്കൊള്ളേണമെന്നു നിർബന്ധം  നിവൃത്തിയില്ല . വണ്ടി അയാളുടെതല്ലേ .

അയാൾ  കടിഞ്ഞാണിലേയ്ക്കു  നോക്കി . ഇതെൻറെ  കയ്യിൽ തന്നെയാണോ?
സത്യത്തിൽ അല്ല .

എന്നെങ്കിലും ഈ വണ്ടി സ്വന്തമാക്കേണം . ഇതിൽ നിന്നും മോചനം നേടണം .

വണ്ടി കുലുങ്ങിത്തെറിച്ചു .

ക്രോധത്തോടെ  കാളകളെ അടിച്ചു .

ഈ നിലയ്ക്കാണെങ്കിൽ അവിടെയെത്തുമ്പോൾ പുര മാത്രമേ കാണൂ .

പിന്നെന്തിനിതെല്ലാം 

മറ്റെ  വഴിക്കൂ  പോയെങ്കിൽ ഭേദമായിരുന്നു . അതിനു ഈ വണ്ടി സ്വന്തമാക്കേണം . സ്വന്തമാക്കും .

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചപ്പോൾ  അയാൾ  തിരിഞ്ഞുള്ളിലെയ്ക്ക്  നോക്കി , ഗോതമ്പ് ചാക്കുകളിലേയ്ക്ക് . വല്ലതും ചോർന്നു  തുടങ്ങിയോ ? 

എത്ര ചാക്കുകളാണ് . ഇതിൻറെ  എണ്ണം കുറഞ്ഞിരുന്നെങ്കിൽ തന്നെ നന്നായിരുന്നു . 

പിന്നിലെ ചാക്കിൽ  നിന്നുതിർന്നു  വീഴുന്ന ഗോതമ്പ് മണികളെ  നോക്കി അയാൾ ചിരിച്ചു .

' പിന്നെ ഇത്രയധികം ഭാരവും തന്നിങ്ങനത്തെ  വഴിയിലൂടെ പറഞ്ഞയച്ചാൽ ചോരാതിരിക്കുമോ?


 ഈ ചാക്കുകൾ മുഴുവൻ വഴിയിൽ പലയിടങ്ങളിലായി ഏൽപ്പിച്ചു  കൊടുക്കേണ്ടതാണ് .

അതെ , ഇതിൽ നിന്നും  ഞാനത് മുതലാക്കും . എന്നിട്ടീ വണ്ടി സ്വന്തമാക്കി സുഖിക്കും . 


"അയ്യോ "

പുറത്തു മറിഞ്ഞു വീണ ഗോതമ്പ്  ചാകിനിടയിൽ നിന്നും  കുടഞ്ഞു പുറത്തേയ്ക്ക് വന്നു .

കഷ്ടം !
പിന്നിൽ ചാക്കുകളൂർന്നു  വീഴുന്ന ശബ്ദം കേട്ട്  വണ്ടി നിർത്തി  പിന്നിലേയ്ക്ക് ചെന്നു .

നിലത്തു വീണ ചാക്കുകൾ താങ്ങി  അകത്തേയ്ക്ക് വച്ചു .

 ഈ ചാക്കുകൾ വീണിടത്ത് തന്നെ കിടന്നോട്ടേ എന്ന് കരുതിയാൽ മതിയായിരുന്നു. പക്ഷേ  അവ പല സ്ഥലങ്ങളിലും കൊടുക്കാനുള്ളതും അതിൽ നിന്നെനിക്ക് മുതലാക്കനുമുള്ളതുമാണ് .


അത് കൊണ്ടവ  എനിക്കാവശ്യമുള്ളവയാണ്. ആവശ്യമാണെങ്കിലും  ചാക്കുകളെ വെറുപ്പോടെ നോക്കി ..ഉറ്റു നോക്കി . അവയോടു സ്നേഹം തോന്നി . 

ഒരു വീടിനു മുൻപിൽ വണ്ടി നിർത്തി നാലഞ്ചു  ചാക്കുകൾ അവിടെ കൊണ്ടു  പോയി കൊടുത്തു  തിരിച്ചു  വന്നു.

വണ്ടിയിൽ കയറിയിരുന്നു . കൈയ്യിലെ കാശിലേയ്ക്ക് നോക്കി . കുറച്ചു കാശതിൽ  നിന്നും മാറ്റി വച്ചു . വീണ്ടും എണ്ണി  നോക്കി .  മാറ്റി വച്ചതിൽ ഒരു ഭാഗം ബെൽറ്റിനുള്ളിലും  ഒരു ഭാഗം പൊതിയിലും വച്ചു .

 ചിരിച്ചു .

അതെ,  ഇത് തുടരും . ഞാനിത്  സ്വന്തമാക്കും . ഇതിൽ നിന്നും മോചനം നേടും.

വണ്ടി വീണ്ടും കുലുങ്ങിത്തെറിച്ചു .

അയാൾ ചിരിച്ചു .

വണ്ടിയുടെ ചക്രങ്ങൾ മുന്നോട്ടു ഉരുണ്ടു കൊണ്ടിരുന്നു.

----------------------------------------------------------------------------------



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ