നീർകുമിള
********
ഉത്സവം കാണാൻ പോയതാണ് . ആരോ ഊതി പറത്തി വിട്ട നീർകുമിളകളിൽ ഒരെണ്ണത്തിനുള്ളിൽ ഞാൻ പെട്ട് പോയി . ആരാണീ കുമിള പറത്തി വിട്ടത് കച്ചവടക്കാരനോ ? നിഷ്കളങ്കനായ കുട്ടിയോ ?
കുമിളയിലെ വൃത്തത്തിനുള്ളിൽ നിന്നുമാണ് പിന്നീടു ഞാൻ ഉത്സവം കണ്ടത് . കുമിള ആകശത്തേയ്ക്കു പറന്നു . വളരെ ഉയരത്തിൽ നിന്നും താഴെ ഭൂമിയിലെ ഉത്സവം ആ കണ്ണാടീ കൂടിനുള്ളിൽ ഇരുന്നു ഞാൻ കണ്ടു. ഉത്സവ പറമ്പിലെ തിരക്കുകളിലൊന്നും പെട്ടില്ല . മഞ്ഞു കൊളളതെ തണുത്തു വിറയ്ക്കാതെ പ്രണയ ചൂടിനുള്ളിൽ കണ്ട വർണ്ണ പ്രകാശങ്ങൾ നൽകിയ ആനന്ദം അവർണ്ണനീയമാണ്
എത്ര നാൾ ഞാൻ ആ കുമിളയ്ക്കുള്ളിൽ ആയിരുന്നു ? വളരെ കുറച്ചു നാൾ . അതിനുള്ളിൽ ഇരുന്ന എനിക്ക് പ്രഭാത കിരണങ്ങൾ വേർതിരിച്ചു അറിയാൻ കഴിയാതെ പോയിരുന്നു. ഇന്ന് ഈ സമയം എന്തിനു ഈ നീർകുമിള പൊട്ടിത്തെറിച്ചു . എന്തിനു നിശബ്ദമായ ഈ സമയത്ത് എന്നെ പൊതിഞ്ഞിരുന്ന പ്രണയമെന്ന കവചം പൊട്ടിച്ചു? സൂര്യന്റെ ശോഭയിലെയ്ക്ക് അത് യാത്ര തിരിച്ചു .
ഉയരത്തിൽ പറന്ന ഞാൻ താഴെയ്യ്ക്ക് പതിച്ചത് ഉത്സവ പറമ്പ് ചുടല പറമ്പ് പോലെ തോന്നിപ്പിയ്ക്കുന്ന സമയത്തായിരുന്നു. ഈ തീ പാറുന്ന വെയിലത്ത് ഞാൻ കുറെ അലഞ്ഞു തിരിഞ്ഞു . സന്ധ്യക്കുള്ള തിരക്കിനായി വീണ്ടും കാത്തിരുന്നു .
കാത്തിരിപ്പുകൾക്കൊടുവിൽ വിഷ മഞ്ഞിൽ നിന്ന് മറ പിടിക്കാനും എന്റെ തണുപ്പ് മാറ്റുവാനും നീർകുമിള പറന്നു വന്നില്ല .
അല്ലെങ്കിൽ തന്നെ ഒരു നീർകുമിളയ്ക്കുള്ളിൽ അധിക കാലം പാർത്തു ഉത്സവ കാലം കഴിക്കാം എന്നു ചിന്തിച്ച ഞാൻ അല്ലെ വിഡ്ഢി . അതിനു ഞാൻ അല്ലല്ലോ നീർകുമിളയ്ക്കുള്ളിൽ കയറിയത് അതല്ലേ എന്നെ വന്നു മൂടിയതും ഞാൻ അതിനുള്ളിൽ ആയതും.
ഈ നീർകുമിള ഊതി പറത്തി വിട്ടത് ആരാണ് ? ഉത്സവ പറമ്പിലെ കച്ചവടക്കാരനോ ?നിഷ്കളങ്കനായ കൊച്ചു കുട്ടിയോ ?
*********************************************************************************