അവരുടെ ചിരിയാണ് പരസ്പരം പ്രണയിച്ചത് .
അന്നുച്ചയ്ക്ക് ഓഫീസിൽ വച്ച് ആദ്യമായി കേട്ട അവളുടെ ചിരിയുടെ ശബ്ദം അയാളുടെ മനസിനെയും ഹൃദയത്തെയും ഒരുപോലെ കൊത്തി വലിച്ചു.
പുതിയതായി വന്ന ടൈപിസ്റ്റ് അയാളുടെ വീടിനടുത്താണ് താമസിക്കുന്നതെന്ന് പിന്നീടാണ് അറിഞ്ഞത് . എങ്കിലും അവളെ കാണാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല .
അവളുടെ രൂപം അയാൾക്കൊ അയാളുടെ രൂപം അവൾക്കോ ഇഷ്ടമായിരുന്നില്ല .
അവളുടെ ചിരി കേൾക്കാൻ അയാളുടെ ചെവി ചുമരിൽ പതിച്ചിരുന്നത് ആരുമറിഞിരുന്നില്ല .
അകലെയെവിടെയോ നിന്നാണ് അയാളുടെ ചിരി ആദ്യമായി അവൾ കേട്ടത് . മേലുദ്യോഗ്സ്ഥ നെ ഭയമായിരുന്നെങ്കിലും അയാളുടെ ചിരി ശബ്ദം അവളെ വല്ലാതെ ആകർഷിച്ചിരുന്നു .
അവരുടെ ചിരി ശബ്ദങ്ങൾ പ്രണയിച്ചിരുന്നത് അവർ അറിഞ്ഞിരുന്നില്ല .
സഹ പ്രവർത്തകന്റെ വിവാഹ നാളിലെ വിരുന്നു സൽക്കാരത്തിലെ പൊട്ടിചിരികൾക്കിടയിൽ അയാൾ അവളോട് ചോദിച്ചു " നിന്റെ ചിരി ഞാൻ സ്വന്തമാക്കിക്കോട്ടെയ്?'
അവളുടെ സമ്മതം ഒരു ചിരിയിൽ ഒതുക്കി .
വിവാഹ ജീവിതത്തിന്റെ ആദ്യ ദിനത്തിൽ അയാളുടെ താമാശ കേട്ട് അവൾക്കു ചിരി പൊട്ടി .
"അപ്പുറത്ത് അച്ഛനും അമ്മയും കേൾക്കും ചിരിക്കാതെ "
അവളുടെ ചിരിക്കുളള ആദ്യത്തെ വിലക്ക് .
"നിന്റെ ചിരി എനിക്ക് മാത്രം സ്വന്തം എന്നല്ലേ പറഞ്ഞിരുന്നത് ?" - പിന്നീടെപ്പോഴോ ഉള്ള അയാളുടെ വിലക്ക് സംശയത്തിന്റെത് ആയിരുന്നു.
സന്തോഷം തോന്നുമ്പോൾ തിരമാല പോലെ വരുന്ന ചിരിയെ അവൾ പിടിച്ചു കെട്ടി . അപ്പുറത്തെ ഓഫീസ് മുറിയിൽ ഭർത്താവിന്റെ സാന്നിധ്യം അവളുടെ ചിരികൾക്ക് മതിൽ തീർത്തു.
അന്നു സന്ധ്യക്ക് മുറ്റത്തു കൂട്ടുകാർക്കൊപ്പം മദ്യപിച്ചു സന്തോഷിച്ച് അയാൾ പൊട്ടി ചിരിച്ചു . ചിരി കേൾക്കാൻ അവൾ അടുക്കളയിലെ നീറ്റലുകൾക്കിടയിൽ നിന്നും മുറ്റത്തെയ്ക്ക് ഓടി ചെന്നു. അയാളുടെ കണ്ണുകളിൽ നിന്നും അവളിലേയ്ക്ക് പാറിയ തീ അവളുടെ സന്തോഷത്തെ കെടുത്തി കളഞ്ഞു. അയാൾ ഒന്ന് ചിരിച്ചു കേൾക്കാൻ അവൾ ഏറെ ആഗ്രഹിച്ചു.
അവളിലെ പിടച്ചു കെട്ടിയ ചിരികൾ ഉള്ളിൽ കിടന്നു കുന്നു കൂടി മുഴകളായി തീർന്നു . മുഴകൾ പൊട്ടിയൊലിച്ചു . അയാളുടെ ചിരി കേൾക്കാനുള്ള ആഗ്രഹം അവളിലെ വേദനയെ കൂട്ടി.
അവൾക്ക് വേണ്ടി മരുന്നിനും മന്ത്രത്തിനും ചെലവാക്കിയ പണത്തെ കുറിച്ച് അയാൾ മനസ്സിൽ പിറുപിറുത്തു.
'നീയിത്ര സുന്ദരി ആയിരുന്നോ?' പച്ച ഇലക്ക് മുകളിൽ പട്ടു പുതച്ചു കിടക്കുന്ന അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിൽക്കുന്നത് അയാൾ അറിഞ്ഞു. അന്നായിരുന്നു അവളുടെ മുഖം കാണുന്നത്.
അവളുടെ ചിരി അയാൾ ആഗ്രഹിച്ചു. അവസാനത്തെ കനലും ചാമ്പലായിട്ടും അയാൾ അവിടെ നിന്നും മാറിയില്ല .
"ഒന്നു ചിരിക്കൂ നിന്റെ ചിരി എനിക്ക് കേൾക്കേണം " അയാൾ ഉറക്കെ നില വിളിച്ചു.
ചിരി കേൾക്കാൻ ശവ പറമ്പിൽ കുത്തിയിരിക്കുന്ന വികൃത രൂപിയായ അയാളെ കണ്ടപ്പോൾ അവൾക്കു ചിരി വന്നു. അവൾ പതുക്കെ ചിരിച്ചു .
ആ മൃദു ശബ്ദം അയാൾ തിരച്ചറിഞ്ഞു അയാൾ സന്തോഷം കൊണ്ട് പൊട്ടി ചിരിച്ചു . അയാളുടെ ചിരിയുടെ ശബ്ദം അവളെ വീണ്ടും ആകർഷിച്ചു . പിന്നീട് അയാൾക്ക് വേണ്ടി അവൾ ചിരിച്ചു കൊണ്ടേയിരുന്നു. വീണ്ടുമവരുടെ ചിരികൾ പ്രണയിച്ചു .
ഒരിക്കലും നിലയ്ക്കാത്ത പ്രണയത്തിനും പൊട്ടി ചിരികൾക്കുമിടയിൽ കാലിലെ ചങ്ങലയുടെ ഭാരമോ പൊട്ടിയൊലിക്കുന്ന കാലിന്റെ വേദനയോ വൈദ്യുതിയുടെ ആഘാതമോ അയാൾ അറിഞ്ഞില്ല.
*************************************************************************