എന്റെ ഭർത്താവിനെയോ, ഭർത്താവിന്റെ അമ്മയെയോ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടേയില്ല
2026 മേയ് 29, വെള്ളിയാഴ്‌ച
ഞങ്ങൾ മൂന്നും പെൺമക്കൾ ആണ്.
2026 ഏപ്രിൽ 23, വ്യാഴാഴ്‌ച
ചമ്പ് ( TOTAL WASTE)
28/10/2014 RECEPTION കഴിഞ്ഞു ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . അനുവാദം ചോദിച്ചിട്ടാണ് ഉറങ്ങിയത് . ആ രാത്രിയിൽ എപ്പോഴെങ്കിലും അയാൾ എന്നെ ചുംബിച്ചോ എന്ന് എനിക്കറിയില്ല .
പിറ്റേന്നുള്ള പകലും ഞാൻ ഓർക്കുന്നില്ല .
മുൻപത്തെ പോലെ അയാൾ എന്നോട് സംസാരിച്ചതേയില്ല
രണ്ടാം ദിനം രാത്രി അയാൾ എവിടെയൊക്കെയോ പോയിട്ട് വന്നു . കിടക്കമേലും പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല .
നമുക്ക് പ്രാര്ഥിച്ചിട്ടു കിടക്കാമോ ? ഞാൻ ചോദിച്ചു അയാൾക്ക് പ്രാർത്ഥിക്കാൻ അറിയില്ലായിരുന്നു . അപ്പോൾ ഐ പി സി പള്ളിയിൽ എന്തോ സുവിശേഷ പ്രവർത്തനമൊക്കെ ചെയ്തു വരുന്നു എന്ന് പറഞ്ഞത് ? അയാൾ വ്യക്തം ആയി മറുപടിയൊന്നും പറഞ്ഞില്ല .
അന്നും എന്നോട് സ്നേഹത്തോടെ സംസാരിച്ചില്ല , സ്നേഹത്തോടെ ചുംബിച്ചില്ല , എന്നെ തഴുകിയില്ല .
അന്ന് അയാൾ പെട്ടെന്ന് എന്നെ വിവസ്ത്രയാക്കുകയാണ് ചെയ്തത് ,
"അയ്യേ ഇതൊക്കെ വെറും ചമ്പ് ആയല്ലൊടി "
എന്റെ ഹൃദയം നുറുക്കപ്പെട്ടുപോയി . ഞാനൊരു മണവാട്ടി അല്ല എന്ന് എന്റെ മനസിനെ അംഗീകരിപ്പിയ്ക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് അത് വലിയ കഷ്ടമായിരുന്നു.
എൻറെ കണ്ഫ്യൂഷന് ഇടയിൽ അയാൾ എന്നെ എന്തൊക്കെയോ ചെയ്തു വേഗം കിടന്നുറങ്ങി .
കഴിഞ്ഞ ഏഴു വർഷത്തിൽ അധികമായി COMPUTER നു മുന്നിൽ ഇരുന്നുള്ള ജോലി. 2 LAYER വീണ ഇടുപ്പിനെക്കുറിച്ചു ആകുലപ്പെട്ടു ഞാൻ ആ രാത്രി കഴിച്ചു കൂട്ടി .
ആദ്യമായി ഭാര്യയുടെ ശരീരം കണ്ടു "ടോട്ടൽ വേസ്റ്റ്" സംബോധനയും നൽകി ഭര്തതാവ് എന്നവൻ സുഖമായി ഉറങ്ങി. പിന്നീടുള്ള രാത്രികൾ മുൻപെന്നപോലെ എനിക്ക് ഉറക്കമില്ലാത്തതായി മാറി.
2026 ഏപ്രിൽ 22, ബുധനാഴ്‌ച
എമർജൻസി എക്സിട് ഉപയോഗിക്കേണ്ട സമയങ്ങളിൽ അത് തന്നെ ഉപയോഗിക്കേണ്ടിയിരുന്നു .
2024 ഡിസംബർ 7, ശനിയാഴ്‌ച
ചെറുകഥ -
മഴയാത്മാക്കൾ
---------------------------
പണ്ട് പരന്ന ഭൂമിമേൽ പതിച്ച ഇടിയും മിന്നലും രണ്ടാക്കി മാറ്റിയ മലകൾക്ക് നടുവിലെ നീർച്ചാലുകൾ. മണ്ണിട്ട് നികത്തി വച്ച കൂടിനുള്ളിലിരുന്നു രാത്രി മകൾ പറഞ്ഞു " പ്രേതം പാഞ്ഞു വരുന്നു, പേടിയാകുന്നമ്മേ "
ഭയമോട്ടും ഇല്ലാതെ അമ്മ പറഞ്ഞു " ശബ്ദം കേട്ടാൽ അറിയില്ലേ മുൻപ് പോയവർ നമ്മെ കൂടെ കൂട്ടാൻ ഒന്നായി വരുന്നതാണ് "
ഓരോ മഴയും ആത്മക്കളായി വരുന്നു, പ്രിയമുള്ളോരേ ഒക്കെ കൂട്ടുവാൻ
-----------------------------
2024 ഏപ്രിൽ 25, വ്യാഴാഴ്‌ച
2024 ഏപ്രിൽ 5, വെള്ളിയാഴ്‌ച
ഇന്നലെ രാത്രിയിൽ എപ്പോഴോ ഗർഭിണി ആയി.
പങ്കാളി ആരെന്നറിയില്ല.
ഓർത്തെടുക്കാനും കഴിയുന്നില്ല.
ഓർത്തെടുക്കാൻ ശ്രമിയ്ക്കുന്നുമില്ല.
ഒറ്റയ്ക്കാണ് ഉറങ്ങാൻ കിടന്നത്.
മക്കള് രണ്ടു പേരും അച്ഛനോടൊപ്പം.
മൂന്നാമത്തെ കുട്ടി, സന്തോഷം ഇല്ല.
സങ്കടവും ഇല്ല.
ഏതാനും നിമിഷം കൊണ്ട് കുട്ടി വളർന്നു.
പെറ്റു വീണ കുട്ടിയോടൊപ്പം ആശുപത്രിയിലെ കട്ടിലിൽ കിടന്നപ്പോൾ
അപ്പുറത്തെ കട്ടിലിലെ അമ്മ കരയുന്നു.
തന്റെ കുട്ടിയെ കാണാൻ വരാത്ത അമ്മായിയെ കുറിച്ച് അവൾ പുലമ്പുന്നു.
ഞാനും കൂടി.
അമ്മായിയുടെ കുറ്റങ്ങളുട ഒരു ഭാണ്ഡം തന്നെ ഞാൻ ചുമക്കുന്നുണ്ടായിരുന്നു.
എല്ലാം അവളുടെ മുൻപിൽ ഇറക്കി വച്ചു.
ആ അമ്മ അശ്വസിച്ചു കാണേണം. കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.
അപ്പുറത്തെ കട്ടിലിലെ അമ്മ കരയുന്നു.
തനിക്ക് ആശ്വാസമായിരിക്കാത്ത അമ്മയെ കുറിച്ചവൾ പുലമ്പുന്നു.
'അമ്മ എനിക്ക് തന്ന മുറിവുകൾ'
എനിക്കും ഉണ്ടായിരുന്നു.
അവളെ അശ്വസിപ്പിക്കാൻ ഞാനെന്റെ മുറിവുകൾ ഒക്കെയും കാണിച്ചു. മുറിവുകൾ കണ്ടില്ലെങ്കിലും
അമ്മയെല്പിച്ച മുറിവിന്റെ പാടുകൾ എങ്കിലും അവൾ കണ്ടിട്ടുണ്ടാകേണം.
അവൾ തേങ്ങൽ അടക്കി. കുഞ്ഞു പുഞ്ചിരിച്ചു.
അപ്പുറത്തെ കട്ടിലിൽ പെറ്റൊരുവൾ കരയുന്നുണ്ട്.
പെറാൻ പോണ മോളെ കുറിച്ച് ഉത്തരവാദിത്തം ഇല്ലാത്ത അച്ഛനെ കുറിച്ച്.
അവളെ ആശ്വസിപ്പിക്കാനും കയ്യിൽ കുന്നോളം ഇരുന്ന അനുഭവങ്ങൾ പങ്കിട്ടു.
അവളും ചിരിച്ചു.
"നിന്റെ കുട്ടി ആണോ പെണ്ണോ?"
അപ്പുറത്തെ കട്ടിലിൽ ചത്തു പോയ എന്റെ അമ്മ പെറ്റു കിടക്കുന്നു. തൊട്ട് ചേർന്ന് ചോരയിൽ ഞാനും. കൊടി മുറിച്ചിട്ടില്ല.
" നിന്റെ കുട്ടി ആണോ പെണ്ണോ?
ഞാൻ അമ്മയെ നോക്കി.
തിരിഞ്ഞോടി.
" എന്റെ കുട്ടി ആണോ? പെണ്ണോ? " ഞാൻ നോക്കിയില്ല. വേദനയ്ക്കിടയിൽ ആരോടും ചോദിച്ചതുമില്ല.
" എന്റെ കുട്ടി ആണോ പെണ്ണോ?
അയ്യോ ഞാൻ എന്റെ കുട്ടിയെ നോക്കിയില്ല, ശ്രദ്ധിച്ചില്ല. നിലവിളിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് ഓടി.
നിശബ്ദമായി ചരിഞ്ഞു കിടന്ന കുഞ്ഞിനെ ഞാൻ വാരി എടുത്തു.
ചലനമില്ല.
പൊട്ടാൻ നിന്ന ഞെട്ടുകൾ കുഞ്ഞി വായിലേയ്ക്ക് വെപ്രാളത്തോടെ തിരുകി.
അയ്യോ. മഞ്ഞ പാൽ പോലും നനയാതെ എന്നെ വിട്ട് പോയ പിള്ള.
ഞാനെന്റെ ഭാന്ധങ്ങൾ ഇറക്കുമ്പോൾ, മുറി പാടുകൾ പ്രദർശിപ്പിക്കുമ്പോൾ തൊണ്ട നനയ്ക്കാൻ എന്നെ തപ്പി നടന്ന "എന്റെ പിള്ള "
ചാപിള്ള.
"മ്മാ.."
ദൂരെ കട്ടിലിൽ കുഞ്ഞിനോടൊപ്പം കിടക്കുന്ന എന്റെ അമ്മയെ നോക്കി ഞാനുറക്കെ നിലവിളിച്ചു.
എന്റെ കുഞ്ഞു ആണോ പെണ്ണോ എനിക്കറിയില്ല. ഒന്നറിയാം. അമ്മിഞ്ഞ പാൽ കിട്ടാതെ ചത്ത ചാപിള്ള ആണെന്റെ കുഞ്ഞ്.
"ഭാന്ധങ്ങൾ തുറക്കാൻ മറ്റിടങ്ങൾ തോറും നടക്കരുത് മുറിപ്പാടുകൾ പ്രദർശിപ്പിക്കരുത്. അപ്പനെ കുറ്റം പറഞ്ഞു നടക്കരുത്."
"ഇനി കണ്ണ് തുറക്ക് നിന്റെ സന്തോഷത്തിന്റെ നവ ജാത ശിശു മരിച്ചു
പോയില്ല. പാൽ കൊടുത്തു വളർത്തൂ "
പൊക്കിൾ കൊടി മുറിച്ചു എന്നെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് എന്റെ അമ്മ പറഞ്ഞു.
ഒറ്റ രാത്രി കൊണ്ട് വിത്തിട്ട് വിളയിച്ച പ്രസവം. അതാണ് ഇന്നലത്തെ രാത്രി സ്വപ്നം.