ജനപ്രിയ പോസ്റ്റുകള്‍‌

2024 ഡിസംബർ 7, ശനിയാഴ്‌ച

 ചെറുകഥ -


മഴയാത്മാക്കൾ 

---------------------------

പണ്ട് പരന്ന ഭൂമിമേൽ പതിച്ച ഇടിയും മിന്നലും രണ്ടാക്കി മാറ്റിയ മലകൾക്ക് നടുവിലെ നീർച്ചാലുകൾ. മണ്ണിട്ട് നികത്തി വച്ച കൂടിനുള്ളിലിരുന്നു രാത്രി മകൾ പറഞ്ഞു " പ്രേതം പാഞ്ഞു വരുന്നു, പേടിയാകുന്നമ്മേ "


ഭയമോട്ടും ഇല്ലാതെ അമ്മ പറഞ്ഞു " ശബ്ദം കേട്ടാൽ അറിയില്ലേ മുൻപ്  പോയവർ നമ്മെ കൂടെ കൂട്ടാൻ ഒന്നായി വരുന്നതാണ് "


ഓരോ മഴയും  ആത്മക്കളായി വരുന്നു, പ്രിയമുള്ളോരേ ഒക്കെ കൂട്ടുവാൻ

-----------------------------

2024 ഏപ്രിൽ 25, വ്യാഴാഴ്‌ച

 അകലുന്ന പകലിൽ ആകാശത്തേയ്ക്ക് നോക്കിയിരിക്കാറുണ്ട് 

വർണങ്ങൾ വാരി വിതറിയ 

ഇടങ്ങളിൽ ശൂന്യത അറിയാറെയില്ല,

ഒപ്പിയെടുത്താൽ മനം മയക്കുന്ന സ്വപ്നങ്ങൾ കൊണ്ട് വരച്ച ചിത്രങ്ങൾ ആണ് എന്റെ സായാഹ്നം ❤️


2024 ഏപ്രിൽ 5, വെള്ളിയാഴ്‌ച

 ഇന്നലെ രാത്രിയിൽ എപ്പോഴോ  ഗർഭിണി ആയി.

പങ്കാളി ആരെന്നറിയില്ല.

ഓർത്തെടുക്കാനും കഴിയുന്നില്ല.

ഓർത്തെടുക്കാൻ ശ്രമിയ്ക്കുന്നുമില്ല.


ഒറ്റയ്ക്കാണ് ഉറങ്ങാൻ കിടന്നത്.

മക്കള് രണ്ടു പേരും അച്ഛനോടൊപ്പം.


മൂന്നാമത്തെ കുട്ടി,  സന്തോഷം ഇല്ല.

സങ്കടവും ഇല്ല.

ഏതാനും നിമിഷം കൊണ്ട് കുട്ടി വളർന്നു.


പെറ്റു വീണ കുട്ടിയോടൊപ്പം ആശുപത്രിയിലെ കട്ടിലിൽ  കിടന്നപ്പോൾ 

അപ്പുറത്തെ കട്ടിലിലെ  അമ്മ കരയുന്നു.

തന്റെ കുട്ടിയെ കാണാൻ വരാത്ത അമ്മായിയെ കുറിച്ച് അവൾ പുലമ്പുന്നു.


ഞാനും കൂടി.


അമ്മായിയുടെ കുറ്റങ്ങളുട ഒരു ഭാണ്ഡം തന്നെ ഞാൻ ചുമക്കുന്നുണ്ടായിരുന്നു.


എല്ലാം അവളുടെ മുൻപിൽ ഇറക്കി വച്ചു.

ആ അമ്മ അശ്വസിച്ചു കാണേണം. കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിലെ അമ്മ കരയുന്നു.

തനിക്ക് ആശ്വാസമായിരിക്കാത്ത അമ്മയെ കുറിച്ചവൾ പുലമ്പുന്നു.


 'അമ്മ എനിക്ക് തന്ന മുറിവുകൾ' 

എനിക്കും ഉണ്ടായിരുന്നു.


അവളെ അശ്വസിപ്പിക്കാൻ ഞാനെന്റെ മുറിവുകൾ ഒക്കെയും കാണിച്ചു. മുറിവുകൾ കണ്ടില്ലെങ്കിലും

അമ്മയെല്പിച്ച മുറിവിന്റെ പാടുകൾ എങ്കിലും അവൾ കണ്ടിട്ടുണ്ടാകേണം.

അവൾ തേങ്ങൽ അടക്കി. കുഞ്ഞു പുഞ്ചിരിച്ചു.


അപ്പുറത്തെ കട്ടിലിൽ പെറ്റൊരുവൾ കരയുന്നുണ്ട്.

പെറാൻ പോണ മോളെ കുറിച്ച് ഉത്തരവാദിത്തം ഇല്ലാത്ത അച്ഛനെ കുറിച്ച്.

അവളെ ആശ്വസിപ്പിക്കാനും  കയ്യിൽ കുന്നോളം ഇരുന്ന അനുഭവങ്ങൾ പങ്കിട്ടു.

അവളും ചിരിച്ചു.


"നിന്റെ കുട്ടി ആണോ പെണ്ണോ?"


അപ്പുറത്തെ കട്ടിലിൽ ചത്തു പോയ എന്റെ അമ്മ പെറ്റു കിടക്കുന്നു. തൊട്ട് ചേർന്ന് ചോരയിൽ ഞാനും. കൊടി മുറിച്ചിട്ടില്ല.


" നിന്റെ കുട്ടി ആണോ പെണ്ണോ?

 ഞാൻ അമ്മയെ നോക്കി.


തിരിഞ്ഞോടി.


" എന്റെ കുട്ടി ആണോ? പെണ്ണോ? "  ഞാൻ നോക്കിയില്ല. വേദനയ്ക്കിടയിൽ ആരോടും ചോദിച്ചതുമില്ല. 


" എന്റെ കുട്ടി ആണോ പെണ്ണോ?  

അയ്യോ ഞാൻ എന്റെ കുട്ടിയെ നോക്കിയില്ല, ശ്രദ്ധിച്ചില്ല. നിലവിളിച്ചു കൊണ്ട് കട്ടിലിലേയ്ക്ക് ഓടി.

നിശബ്ദമായി ചരിഞ്ഞു കിടന്ന കുഞ്ഞിനെ ഞാൻ വാരി എടുത്തു.


ചലനമില്ല. 


പൊട്ടാൻ  നിന്ന ഞെട്ടുകൾ കുഞ്ഞി വായിലേയ്ക്ക് വെപ്രാളത്തോടെ തിരുകി.


അയ്യോ. മഞ്ഞ പാൽ പോലും നനയാതെ എന്നെ വിട്ട് പോയ പിള്ള.


ഞാനെന്റെ ഭാന്ധങ്ങൾ ഇറക്കുമ്പോൾ, മുറി പാടുകൾ പ്രദർശിപ്പിക്കുമ്പോൾ  തൊണ്ട നനയ്ക്കാൻ എന്നെ തപ്പി നടന്ന "എന്റെ പിള്ള "


ചാപിള്ള.


"മ്മാ.."

 ദൂരെ കട്ടിലിൽ കുഞ്ഞിനോടൊപ്പം കിടക്കുന്ന എന്റെ അമ്മയെ നോക്കി ഞാനുറക്കെ നിലവിളിച്ചു.


എന്റെ കുഞ്ഞു ആണോ പെണ്ണോ എനിക്കറിയില്ല. ഒന്നറിയാം. അമ്മിഞ്ഞ പാൽ കിട്ടാതെ ചത്ത ചാപിള്ള ആണെന്റെ കുഞ്ഞ്.


"ഭാന്ധങ്ങൾ തുറക്കാൻ മറ്റിടങ്ങൾ തോറും നടക്കരുത് മുറിപ്പാടുകൾ പ്രദർശിപ്പിക്കരുത്. അപ്പനെ കുറ്റം പറഞ്ഞു നടക്കരുത്."


"ഇനി കണ്ണ് തുറക്ക് നിന്റെ സന്തോഷത്തിന്റെ നവ ജാത ശിശു മരിച്ചു 

പോയില്ല. പാൽ കൊടുത്തു വളർത്തൂ "


പൊക്കിൾ കൊടി മുറിച്ചു എന്നെ ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് എന്റെ അമ്മ പറഞ്ഞു.


ഒറ്റ രാത്രി കൊണ്ട്  വിത്തിട്ട് വിളയിച്ച പ്രസവം. അതാണ്‌ ഇന്നലത്തെ രാത്രി സ്വപ്നം.

2024 മാർച്ച് 31, ഞായറാഴ്‌ച

 യേശു ഉയർത്തെഴുന്നേറ്റു.

മറിയയും കൂട്ടരും കല്ലറയ്ക്കൽ വന്നപ്പോൾ യേശു അവിടെ ഇല്ല. 

എവിടെ പോയി?


ഉയിർത്തെഴുന്നേറ്റയുടൻ അദ്ദേഹം പ്രതികാരം ചെയ്യാൻ ആണ്‌ പോയത്.


എന്താണ് പ്രതികാര കാരണം?


മരണ സമയമൊക്കെ ആയപ്പോൾ പിതാവായ ദൈവവും കൈവിട്ടു.

"ഇനി ഒറ്റയ്ക്ക് ജയിച്ചു വാ "  ലെവൽ ആയി.


ഇതെല്ലാം കണ്ടു സാത്താൻ സന്തോഷിക്കുന്നുണ്ടായിരുന്നു. പരിഹസിക്കുന്നുണ്ടായിരുന്നു.


 "പാതാളത്തിന്റെ മേൽക്കൂര ചവിട്ടി പൊളിച്ചു സാത്താന്റെ തല തകർത്തു 

."  

വീട്ടിന്റെ ഓടെല്ലാം ചവിട്ടി പൊളിച്ചു ഇറങ്ങീന്ന്.

 

ഹോ. തലയൊക്കെ തകർത്ത് കളയേണം എങ്കിൽ എത്രമാത്രം കോപം ഉണ്ടായിരുന്നിരിക്കേണം.


എന്നിട്ട് "സകലതിനും മീതെ തലയായി."

ഇത് പൗലോസിന്റെ വ്യാഖ്യാനം ആണ്‌.


 സാത്താന് ഇപ്പോൾ വാല് മാത്രമേ ഉള്ളൂ.


കേട്ടിട്ടില്ലേ? "ആ ചെറുക്കൻ ഭയങ്കര വാലാണ്‌ " സാത്താന്റെ സന്തതി 🤣


ഞാൻ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ.


വല്ലവരും സംഘടിതമായി ആക്രമിക്കപെടുമ്പോൾ  ഒറ്റപ്പെട്ട അവസ്ഥകളിൽ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ  നിങ്ങളുടെ മനസുഖത്തിന് വേണ്ടി അവരെ പരിഹസിക്കാൻ നിൽക്കേണ്ട.


അവർ ഉയിർത്തെഴുന്നേൽക്കുന്ന ദിവസം ഉണ്ട്. അമ്മച്ചിയാണേ നിങ്ങൾക്ക് പണി തന്നിരിക്കും.ശിഷ്ട കാലം  വാലിട്ട് ആട്ടി ജീവിതം തള്ളി നീക്കാമെന്നു മാത്രം.


ഈസ്റ്റർ വെളിപാട്.


 യേശുവിൻ നാമത്തിൽ തന്നെ  ആമേൻ. ഗ്ലോറി.ഹാലേലുയ.

2024 മാർച്ച് 29, വെള്ളിയാഴ്‌ച

 ആദ്യമായി   വെള്ളയിൽ ഒരുങ്ങികിടക്കുമെന്നരികിലേയ്ക്ക്

ഒരു കൂട്ടം വെള്ളയിൻ അകമ്പടിയിൽ 

സ്ഥിര ശുഭ്ര വസ്ത്ര ധാരിയാമയാൾ 

 പടി കയറി  വന്നു. 


വാഗ്ദാനത്തിന്റെ കൈകൾ കൂപ്പി,

നിസ്സഹായതയിൽ പുഞ്ചിരിച്ചു പ്രത്യാശയോടെ ഓട്ടം തികച്ച 

ജീവിതം കൂട്ടായ് തന്ന 

പ്രതീക്ഷകൾ മാത്രം ബാക്കിയാക്കി 


പ്രതീക്ഷകൾ വിട്ട്

 പ്രത്യാശയിലേയ്ക്കെന്റെ,

കുഴി മാടത്തോളം  അനുഗമിച്ച

യാളുടെ വാഗ്ദാനങ്ങൾ .

അയാൾ എന്റെ മുഖം ആദ്യമായി കണ്ടതെന്റെ ചാവിലാണ് 

മുഖം നോക്കിയോ? കണ്ടെന്നു വരുത്തിയതുമാകാം.


എങ്കിലുമെന്റെ ചാവിനു നേതാവ് വന്നല്ലോ. 

വോട്ട് അയാൾക്ക് തന്നെ.


.

Jestin Jebin  നേതാവ് എന്റെ മുഖത്തേയ്ക്ക് നോക്കിയത് എന്റെ ചാവിൽ ആണ്.

 തേങ്ങയുടച്ചിട്ടും

ഉപവാസമിരുന്നിട്ടും 

പ്രാർത്ഥ യ്ക്കുത്തരം 

തരുന്നോനെന്റെ 

തൊലി നിറം മാറ്റാൻ 

ദയ കാട്ടുന്നില്ല.


കുറ്റം പറയുന്നതായൊ 

രുവനെയും ഞാൻ കണ്ടീല 

നിറം മാറ്റാൻ 

കഴിയാത്ത സ്നേഹവാനെ.

2024 മാർച്ച് 15, വെള്ളിയാഴ്‌ച

ഇന്നലെ ഞാനൊരു സ്വപനം കണ്ടു.


ശാസ്ത്രജ്ഞർ ആദ്യമായി എത്തിപ്പെട്ടോരു ഗ്രഹം.


വഴി തെറ്റി ചെന്നതാണവിടെ.


ഏതൊക്കെയോ മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, നടക്കുന്നു, തങ്ങളുടെ പ്രവർത്തികൾ ചെയ്യുന്നു.


ശാസ്ത്രജ്ഞർ ഭൂമിയിലേക്ക് സന്ദേശം അയച്ചു.

നമ്മുടെ ഇടയിൽ നിന്നും പോയവർ ഇവിടെ ഉണ്ട്.


പലരോടും അവർ സംസാരിച്ചു.


ഭൂമിയിലെ അവരുടെ ബന്ധങ്ങളെ കുറിച്ച്, ജീവിതത്തെ കുറിച്ചൊക്കെ അവർ പങ്കിട്ടു.


പട്ടണം പോലെ ഒരു ഭാഗം, ഗ്രാമം പോലെ മറ്റൊരിടം.

അവരിൽ കുറച്ചു പേരെ തിരികെ ഭൂമിയിലേക്ക് കൊണ്ട് വരൂ.

ഇവിടം വരെ എത്തിപ്പെടുമോ എന്ന് നോക്കട്ടെ.

പരീക്ഷണത്തിന് ആണ്.


പട്ടണത്തിൽ നിന്നും രണ്ടു പേരെ സമ്മതിപ്പിച്ചു സ്പേസ് ഷിപ്പിൽ കയറ്റി.


ഗ്രാമത്തിൽ നിന്നും ഒരാളെ.


വിജനമായോരിടത്ത് മരത്തിനു ചുവട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീ.

അവരോടും ചോദിച്ചു ഭൂമിയിലേക്ക് വരുന്നുണ്ടോ എന്ന്?


അരമനസോടെ തലയാട്ടി.


വരുന്ന വഴിയിൽ ഓരോരുത്തരായി ശ്വാസം കിട്ടാതെയും, ജന്നി വന്നും മറ്റും ചത്തുപോയി.


ദൂരെ ശൂന്യതയിലേക്ക്  ചത്തവരെ വലിച്ചെറിഞ്ഞു.


ഒറ്റയ്ക്കു മരച്ചുവട്ടിൽ ഇരുന്ന സ്ത്രീ മാത്രം ജീവനോടെ ശേഷിച്ചു.


മരിച്ചു പോയതിനു ശേഷം  ഭൂമിയിലേയ്ക്ക് തിരികെ എത്തിയ ആദ്യത്തെ ആൾ.


ഇന്നലെ എന്നെ കാണുവാൻ വന്നു.


ഞങ്ങളെ വിട്ട് പോയതിനു ശേഷം ആദ്യമായ് എന്റെ സ്വപ്നത്തിൽ അമ്മ പ്രത്യക്ഷപ്പെട്ടത്  ഇങ്ങനെ ആണ് ❤️

2021 ജൂൺ 23, ബുധനാഴ്‌ച

 

മനസ് പിടി കിട്ടാതിരുന്ന നാളുകളിൽ ആരും തിരിച്ചറിയാതെ  ഒറ്റ മുറിയിൽ മൗനം ആയിരുന്നു.

പിന്നീട് മനസിനെ പിടിച്ചു കെട്ടി.
പുറത്തെ കെട്ടുകൾ വലിച്ചെറിഞ്ഞു
ഒറ്റയ്ക്ക് യാത്രയിൽ ആയിരുന്നു,
ശബ്ദ കോലാഹലങ്ങളോട് കൂടി സഞ്ചരിച്ചു.

നിലപാടുകൾക്ക് വേണ്ടി ജീവിച്ചിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി  മരിക്കാറില്ല, നിലപാടുകൾക്ക് വേണ്ടി മുറിവേല്പിക്കാറില്ല.

ഉള്ളിൽ നിന്നും വന്ന ധാർഷ്ട്യങ്ങൾ എല്ലാം പ്രതിരോധത്തിനു വേണ്ടി മാത്രം.

ഫാന്റസി ജീവിതം തേടി നടന്നവർക്ക് ഞാൻ ഒരു ഇരയായി മാറിയിട്ടില്ല.

എന്റെ മനസിന്റെ ചെറിയ വ്യതിയാനം  പോലും എനിക്ക് നന്നായി അറിയാം.


മരണം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന മനസിനെയും ഞാൻ ഒറ്റയ്ക്ക് തിരിച്ചറിഞ്ഞത് ആണ്.

ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗി എന്ന് പ്രചരിപ്പിക്കും.
ജീവൻ നില നിർത്താൻ
ചില രഹസ്യ ജീവിതങ്ങളെ പരസ്യമാക്കേണ്ടതുണ്ട്.
ഒഴിവാക്കപ്പെടുന്നത് മരണം എന്ന, എപ്പോഴും തുറക്കപ്പെടാവുന്ന വാതിൽ തന്നെ.

ചില പരസ്യപെടലുകൾ വേഷം കെട്ടൽ ആയി മാറാം.

ഒറ്റ മുറികൾക്കുള്ളിൽ നിന്നും പുറത്തേയ്ക്ക് വരേണ്ടത് മരണം എന്ന വാതിലിൽ കൂടി വേണ്ട എന്ന് തീരുമാനിച്ചിരുന്നു.

ഇപ്പോഴും fantasi ജീവിതത്തിനു ഇരയാക്ക പെട്ടു കൊണ്ടിരിക്കുന്നവളും എന്നെ ഭ്രാന്തി എന്ന് വിളിച്ചിരിക്കുന്നു. വിഭ്രാന്തികൾ ആർക്കും എപ്പോഴും വരാം എന്ന് അറിയാവുന്നത് കൊണ്ടു അവൾക്ക് മറുപടി എന്റെ മൗനം മാത്രം (അക്കാര്യത്തിൽ എന്റെ മനസ് എന്റെ പിടിയിൽ അല്ല എന്ന് അറിയാവുന്നത് കൊണ്ടു ) ആയിരുന്നു.

ഇരയാക്കപ്പെടുന്നവർക്ക് മതിയായ ചികിത്സ ആവശ്യം ആയിരുന്നു. ഇല്ലെങ്കിൽ സാവകാശത്തിനുള്ള അല്പം സമയം കൊടുക്കേണ്ടതായിരുന്നു.

ഞാൻ എന്റെ യാഥാർദ്യങ്ങളിൽ നിന്നും ഇരകളോടൊപ്പം ജീവിച്ചു. പക്ഷേ നിരന്തരമായി വേട്ടയാടപ്പെട്ടവരും, ഇരയാക്കപ്പെട്ടവരും ആയിരുന്നു അവർ എന്ന് എനിക്ക് അറിയില്ലായിരുന്നു.

അവർ എന്നെ പിച്ചി ചീന്താൻ തന്നെ ആ.ണ് ഇപ്പോഴും ശ്രമിക്കുന്നത്. അവർക്ക് മറ്റൊന്നും അറിയില്ലല്ലോ. എനിക്ക് ഇവിടെ പ്രതിരോധങ്ങൾ തീർക്കേണ്ടതുണ്ട്.

പ്രതിരോധങ്ങൾ തീർത്തു തന്നെ ജീവിക്കും.

മറ്റാർക്കും എനിക്ക് വേണ്ടി പ്രതിരോധം തീർക്കുവാൻ ഇല്ല. മറ്റാർക്കും  കഴിയുകയുമില്ല.

ഒറ്റയ്ക്ക് പ്രതിരോധം തീർക്കുന്നവളെ മാനസിക രോഗ പട്ടം കൊടുക്കാൻ എന്തൊരുത്സാഹം 🤣.

നീ ഒന്നോർക്കുക, എന്റെ മനസ് ഇപ്പോഴും എന്റെ കയ്യിൽ ഭദ്രമാണ്.

നിനക്കോ?

ഇപ്പോഴും ഇരയാക്കപെട്ടു കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിവ് പോലും ഇല്ലാതെ ജീവിച്ചു തീർക്കുന്നു. കല്ലെറിയുന്നില്ല, കല്ലുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്,  നീ പറഞ്ഞ മരണം എന്ന വാക്കിന് തലക്കലും കാൽക്കലും  വയ്ക്കുവാൻ

2021 മേയ് 22, ശനിയാഴ്‌ച

 കഴുവേറ്റപ്പെട്ട എന്റെ സ്വപനങ്ങൾ,

എന്റേതല്ലാത്ത കാരണങ്ങളാൽ

കഴുവേറപ്പെട്ട എന്റെ സുന്ദര സ്വപ്‌നങ്ങൾ 

കണ്ണുകൾ പുകയാൽ മറച്ചു

കാഴചകളെ മറച്ചത് 

കഴുവേറും മുൻപേയാണ്‌.

പുകഞ്ഞു പുകഞ്ഞു ചുട്ട് പൊള്ളി 

ഉയർന്നു വന്ന പുകയായിരുന്നോ?

തണുത്തു മരവിച്ച നിശ്വാസങ്ങളിൽ 

പൊങ്ങിയ മഞ്ഞുകളായിരുന്നോ?

എന്തെന്ന് തിരിച്ചറിയാ-

തെന്റെ ദേഹവും മുന്നേ മരവിച്ചു പോയിരുന്നു.

കാരണങ്ങളറിയതെ, തെളിവുകൾ

ഇല്ലാതെ എന്റെ  സ്വപ്‌നങ്ങൾ കഴുവേറ്റപ്പെട്ടു.


 നീല വരകൾ ആണെന്ന് തോന്നുന്നു.

അതിനു മുകളിൽ  പണ്ടൊരു  ഉറുമ്പിൻ കഥ എഴുതി.

ഒരു ഉറുമ്പിന്റെ കഥയല്ല

ഒത്തിരി ഉറുമ്പുകളുടെ കഥ.

പഞ്ചസാര തിന്നു തിന്നു ചത്ത ഉറുമ്പുകളെ കുറിച്ചെഴുതിയത് മാത്രം ഓർമയുണ്ട്

മറ്റുറുമ്പുകളെ കുറിച്ച് ഞാൻ എന്തായിരുന്നിരിക്കാം എഴുതിയിരുന്നത്.


ഞാൻ തന്ന ആ ബുക്ക്‌ തിരികെ തരുമോ?

ഇല്ല തരില്ല.

നീയത് വായിച്ചു പോലും നോക്കി കാണില്ല.

നീ എന്തിനാണ് അന്ന് വെറുതേ വാങ്ങി വച്ചത്.

ഞാൻ പറഞ്ഞതെല്ലാം നീ സ്വന്തമാക്കി.

ഞാൻ സ്വന്തമാക്കിയ കുഞ്ഞുറുമ്പുകളെ

നീ അടച്ചു വച്ചു.

എവിടെ ആയിരിക്കും  ആ കുഞ്ഞുറുമ്പുകളെ അടക്കിയതെന്നു എനിക്ക് പറഞ്ഞു തരുമോ?


ഞാൻ അതു ചോദിക്കുന്നത് ഉറുമ്പുകളെ കാണുവാൻ മാത്രമല്ല.

പിന്നെയോ?


അവസാനത്തെ പേജുകളിൽ എവിടെയോ ഞാൻ പാർത്തിരുന്ന ആൽമരത്തിന്റ പടം വരച്ചിട്ടിരുന്നു.

നീയത് കണ്ടോ?

 രാത്രിയിൽ പാമ്പായി മാറുന്ന ഒരു ആൽമരം.

2021 മേയ് 14, വെള്ളിയാഴ്‌ച

 പ്രിയ കുട്ടുകാരി ഞാൻ നിനക്ക് തന്ന വാക്ക് പാലിക്കാം... ഇന്നത്തെ ദിനം തീർന്നു പോയില്ലല്ലോ...

.........................................................................


ഈ കാത്തിരിപ്പെനിക്കിഷ്ടം..

കാത്തിരിക്കുന്പോഴല്ലേ

ഒരുക്കങ്ങളുള്ളൂ...

വരും...വരാതിരിക്കില്ല

നിരാശയല്ല... പ്രതീക്ഷ...

പ്രതീക്ഷയെന്റെ

 ഒരുക്കങ്ങൾക്ക്  വേഗം കൂട്ടുന്നു.

ഒരുക്കങ്ങൾ സന്തോഷമല്ലേ..

സന്തോഷം...അതു തന്നെ....

സന്തോഷത്തോടെ വരവേല്ക്കണം

പിരിയാതെ മുറുകെ പുണരേണം...

പിടി വിട്ടു പോയാൽ...

അകന്നുപോയാൽ..

വീണ്ടുമൊരു കാത്തിരിപ്പ്..

നിരാശ...പ്രതീക്ഷകളില്ലാത്ത

കാത്തിരിപ്പ്...

അതു വേണ്ട....

ഇപ്പോഴത്തെയീ ഒരുക്കങ്ങൾ

സന്തോഷങ്ങൾ... വാരിപുണരൽ

ചുറ്റും ഉയരുന്ന  സ്നേഹ നിലവിളികൾ..

നടന്നു നീങ്ങുന്ന മൗനപ്രാർത്ഥനകൾ..

മൗനം.....

അതുമതി....

നീണ്ട മൗനത്തിനായീ

ഞാൻ കാത്തിരിക്കുന്നു...

തിരക്കിലാണ്...

മൗനത്തെ വരവേല്ക്കാൻ

ഒരുക്കത്തിലാണ്.....

സന്തോഷത്തിലാണ്..

 ഒപ്പാര്    (കഥയോ? .ആ..??          

           ---------           എനിക്കറിയില്ല)

                


താളത്തിലും ഈണത്തിലും ഉയർന്നു വന്ന കണ്ണീരോർമ്മകൾ....

ഏയ്.....പാടില്ല.....പ്രത്യാശയില്ലാത്ത ശേഷം മനുഷ്യരെപോലെ വിലപിക്കുകയോ?.....


'പഴയ മനുഷ്യനെ കുഴിച്ചു മൂടുക....'-ഞായറാഴ്ചകളിലെ പ്രബോധനം.


പ്രബോധനങ്ങൾ ചുറ്റും അലയ്ക്കട്ടെ...എനിക്ക് വിലപിക്കേണം...

എനി്ക്കെന്റെ ഓർമ്മകൾ താളത്തിലും ഈണത്തിലും പദംചൊല്ലി കരയേണം.


''എന്റെ കുഞ്ഞ്... എന്റെ മകൻ.... സഹിക്ക വയ്യേ .... എനിക്ക് സഹിക്ക് വയ്യേ...''..

ശബ്ദങ്ങളുയരാതെ തേങ്ങി..


മതിലുകൾക്കപ്പുറം നിലവാരമുള്ളവർ... 

വേണ്ടാ ...കേൾക്കേണ്ടാ.. എന്റെ പദംചൊല്ലൽ അവർ കേൾക്കേണ്ടാ...എന്റെ പേരക്കിടാങ്ങളുടെ നിലവാരം അവർക്കിടയിൽ കുറയേണ്ടാ...


എന്നാലും... ഞാൻ ജീവിച്ചിരിക്കേ..... എന്നെ  വിട്ടുപിരിഞ്ഞ പൈതൽ....ഞാനെങ്ങനെ സഹിക്കും....

മൂന്ന് പതിറ്റാണ്ടുകൾക്ക് മൂന്നേ മരിച്ചു പോകേണ്ടിയിരുന്നവൻ..

കറണ്ടുള്ള വീടുകളിലെ രാത്രിവെളിച്ചങ്ങൾ കൊതിയാണവന്... കറണ്ട് സ്വന്തമാക്കാൻ പൊട്ടിയ കന്പിയിൽ പിടിച്ചവനെ മുളയേണിയാൽ 'വിടുവിച്ചത് ...അങ്ങത്തയാണേ..'


''അക്കരേലെ അങ്ങത്തയാണേ...''


''ശൂ... അമ്മേ....അവൻറെ ജോലിസ്ഥലത്തു നിന്നും...''

ഇല്ല ഞാൻ പദം ചൊല്ലണില്ല...


ചുറ്റിലും സ്യൂട്ടിട്ട കളസങ്ങൾ.


വളരെ ദൂരം ഓടി , കൂട്ടിക്കെട്ടപ്പട്ട് കിടക്കുന്ന കാലുകൾ..


വേഗത്തിലോടുന്ന അപ്പൻറെ കാലുകളാണ് നിനക്ക്. ചുംബിച്ചു സ്വന്തമാക്കിയ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിക്കാലുകൾ....

'പൈതലേ.....പിച്ചവയ്ക്ക്... പിച്ചവയ്ക്ക്'

''പൈതലേ...''

ചുറ്റും  പാടുന്ന ശുഭ്രവസ്ത്രധാരികൾ  തുറിച്ചുനോക്കി.

'വേണ്ടാ.. സഭയ്ക്ക് നടുവിൽ നിന്റെ കുഞ്ഞുങ്ങളുടെ നിലവാരം കുറഞ്ഞു പോകെണ്ടാ..'


വെള്ളയിൽ കറുപ്പും നീലയും  നിറച്ചും നിറക്കാതെയും വലിച്ചെറിഞ്ഞ കടലാസുകൾ... അക്ഷരങ്ങൾക്ക് നിൻറെ വിരലുകൾ കൊടുത്ത സൗന്ദര്യം....

വെള്ളക്കടലാസുകൾ വാങ്ങുവാൻ ഈറ്റക്കുട്ടകൾ നെയ്തെടുക്കാൻ വേഗത്തിൽ ചലിച്ച വിരലുകൾ..

' അയ്യോ ആ വിരലുകൾ നിശ്ചലം ...

വിരലുകൾ നിശ്ചലം...

കുട്ടകൾ നെയ്തെടുത്ത്  വെള്ളയിൽ കറുപ്പും നീലയും നിറച്ചവൻ....'

 ഞൊനൊന്നു ചൊല്ലി കരയട്ടെ....

''എന്റെ കുഞ്ഞിന്റെ വിരലുകൾ...''


''ഓ..എന്താണിത് കൊച്ചുകുട്ടിയൊന്നുമല്ലല്‌ലോ...ഇത്രയും നാൾ ദൈവം ആയുസുകൊടുത്തില്ലേ....ഇത്രയധികം കരയാൻ അപകട മരണമൊന്നുമല്ലല്ലോ.. '' 

പിറകിൽ ആരോ അടക്കം പറയുന്നു.


പാതിരാത്രികൾ വായിക്കാനെടുത്ത പുസ്തകങ്ങൾ അടഞ്ഞുതീരും മുന്പേ

'മണ്ണെണ്ണ തീരുമെന്ന് ' ഞാൻ പുലന്പി  വിളക്കണയ്ക്കുന്പോളവന്റെ  അകകണ്ണ് തുറക്കുകയായിരുന്നു....

''മകനേ .... കണ്ണ് തുറക്ക് മകനേ..''


സമയമാം രഥങ്ങളിലവന്റെ കണ്ണുകൾ പൂട്ടപ്പെട്ടു.

ഉറക്കെ നിലവിളിച്ചോട്ടേ..

ശേഷം മനുഷ്യരെ പോലെ നമുക്ക് വിലപിച്ചൂടത്രേ...

പൈതലേ ഞാൻ നിനക്ക് ശേഷം അല്ല...വിശേഷമല്ലേ?.. നാല്പതു അടി താഴ്ചകളുള്ള സെല്ലാറുകളിലേയ്ക്ക് എന്റെ ഒപ്പാരുകൾ കെട്ടിയിറക്കപ്പെട്ടു..ബലമുള്ള  കോണ്ക്രീറ്റു സ്ലാബുകൾ കൊണ്ടവ മറയ്കപ്പെട്ടു..


ഒട്ടും കഥകളില്ലാത്തയെനിക്ക്  ഒപ്പാരു  ചൊല്ലി സ്നേഹിക്കാനാഗ്രഹിച്ചെങ്കിൽ?

   ഞാൻ  ചുറ്റിലും നോക്കി ..

ശേഷം മനുഷ്യരായി തീരാതിരിയ്ക്കുവാൻ കോണ്ക്രീറ്റു സ്ലാബുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന അനേകരുടെ ഒപ്പാരുകൾ എനിക്ക് കേൾക്കാമായിരുന്നു..

----------------------------------------------

NB:കടമകളില്ലാതെ ആർക്കുമെടുക്കാം....

അഭിപ്രായം കൂട്ടുകാരി മാത്രം

 അന്ന് പ്രണയമായിരുന്നു.

ഒരു കാര്യവുമില്ലാതെ 

സംസാരിച്ചു കൊണ്ടേയിരിക്കും.

കാരണങ്ങളില്ലാതെ

 മിണ്ടികൊണ്ടേയിരിക്കും.

പിണക്കുവാൻ ഇടിമിന്നൽ പോലെ

വരുന്ന കാരണങ്ങൾ

നാണിച്ചു  പിൻവാങ്ങിയത് 

എത്രയോ നാൾ....

ഇന്ന് പിണങ്ങുവാൻ

കാരണങ്ങളേ വേണ്ടാ..

അൽപം മിണ്ടുവാൻ 

എന്തെങ്കിലുമൊരു കാരണം 

വന്നു ചേരേണം.

ഘനമുള്ള മൂളലിൻ 

ഒതുക്കങ്ങൾ കണ്ടിന്ന്

കാരണങ്ങൾ നാണിച്ചു

പിൻവാങ്ങുന്നു..

 ഞാൻ കരിന്പാറയച്ഛൻ,

 കരഞ്ഞു കലങ്ങിയ കണ്ണുമായി

അവനൊരിയ്ക്കൽ വന്നതെന്റെ

അരികിലേയ്ക്ക്

തലതല്ലി കരയാൻ ഞാനെന്റെ

വിടർന്ന നെഞ്ച് വിരിച്ചു കൊടുത്തു.

പിന്നെയവൻ ചിരിച്ചു,

ഉറക്കെയുറക്കെ ..


എന്റെ മകനെയവർ കൊണ്ടുപോയി.

എപ്പോഴും കൊണ്ടുപോകും

 പക്ഷെയവൻ തിരികെ വരാറുണ്ട്.

മനുഷ്യന്റെ അതിരുകൾ

അതിനെകുറിച്ചെന്നോടവൻ

പറഞ്ഞിട്ടുണ്ട്

അതിരുകൾ അരുതുകൾ

ഒന്നുമെനിക്കറീല,

അവനോടൊന്നും വിലക്കീട്ടുമില്ല.


കാടുകൊള്ള അരുതകളെന്നവരോട്

നിരന്തരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്


എന്റെ കൺമുന്നിൽ വളർന്ന മരങ്ങൾ,

അവനെന്നും സംസാരിക്കുന്ന

അവന്റെ കൂട്ടുകാർ , അവയുടെ ശിഖരങ്ങൾവെട്ടി

അവരവനെ പൊതിരെ തല്ലി,

അവരവനെ അടിക്കുന്തോറും 

ശിഖരങ്ങൾ തലതല്ലി കരഞ്ഞു

രണ്ടായും മൂന്നായും അവ പൊട്ടിത്തെറിച്ചു

കൈകൾ രണ്ടും കൂട്ടികെട്ടി കൊണ്ടുപോയി


നിലം വിണ്ടുകീറുന്ന വേനലിൽ

തലയിൽ കുപ്പിവെള്ളമൊഴിച്ച് 

കളിയാക്കി

കുപ്പിവെള്ളങ്ങളിൽ തീരാത്ത

ദാഹമുണ്ടവന്

അവന് ദാഹം തീർക്കാൻ നിങ്ങൾക്കാകില്ല

ഏറേ നാളായിട്ടും തിരികെ എത്താത്ത അവനെ തേടി വെള്ളവുമായിട്ടാണ് ഞാനിറങ്ങിയത്

അവനെ കണ്ട് കിട്ടിയില്ല.


എൻ മകനിൻ  നെഞ്ചിൽ 

ആഞ്ഞ് ചവിട്ടിയും തൊഴിച്ചും

അവർ കൊണ്ട് പോയി

കാത്തിരുന്നെന്റെ നെഞ്ചകം പൊട്ടി

ഉള്ളിലെ നീരുകൾ പൊട്ടി

പുറപ്പെട്ടു ഉരുളായി

ഭവിച്ചിട്ടുമെന്റെ മകനെ കണ്ടില്ല.

ഇന്നുമതേ ചൂട് കാലം

എൻറെ മകനെ കൊണ്ടുപോയവർ 

തിരികെ തരിക

എന്റെ ഗുഹയ്ക്കുള്ളിലവനെ

കുടിയിരുത്തുക

വിളക്കു തെളിക്കുക

ഇല്ലെങ്കിലിതുപോലെൻ

മകനെ തേടി ഞാനലഞ്ഞാൽ

മാനുഷാ നീയെത്ര പിടിച്ചു നിൽക്കും.

 അപ്പുറത്തെ സലീമിൻറെ വീട്ടു മുറ്റത്ത് മൊട്ടൻ അടി..


ഇന്നലെ ആണ് ഓൻറെ മോൻ  അപ്പുറത്തെ വീട്ടിലെ വേണുഗോപാലൻ നായരുടെ മോളെ കെട്ടി കൊണ്ട്  വന്നത്..


പെൺകുട്ടിക്കാണേൽ കഷ്ടി വിവാഹ പ്രായം ആയതേ ഉള്ളു..

 '' ആ കുട്ടി എന്തിനാ രാവിലെ മുതലിങ്ങനെ കരയണേ?''

'' ആ കുട്ടിയ്ക്ക് രാവിലെ തന്നെ മേയ്ക്കണമത്രേ''


'' ശോ ! ഇതിപ്പം  വലിയ ക്രമ സമാധാന പ്രശ്നമായല്ലോ''


ക്രമ സമാധാന പാലകർ , പഞ്ചായത്ത് ഭരണ സമിതിക്കാർ, അഭ്യുദയ കാംഷികൾ റെസിഡൻസ് അസോസിയേഷൻക്കാർ  സംയുക്ത യോഗങ്ങൾ കൂടി.


നവ ദന്പതികൾക്ക്  പത്ത് ആട് ഈ സാന്പത്തിക  വർഷം തന്നെ കൊടുക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ച് ഇരു കുട്ടരേയും അറിയിച്ച് വലിയ ഒരു വർഗീയ കലാപം ഒഴിവാക്കി.


'' അല്ലാ ഇതിപ്പം എന്താ?''


'' ഓ.. അതോ.. മുസ്ളീമിനെ കെട്ടിയാൽ ആടിനെ മേയ്ക്കാൻ പറ്റുമെന്ന് എന്നും  അതിന്റെ അമ്മ പറയുമത്രേ.. കുട്ടി  ആട്ടിനെ മേയ്ക്കണ സ്വപ്നം  മിക്കവാറും കാണുമത്രേ''


'' അല്ലാ ഇതൊക്കെയാരാ ഈ വീട്ടുകാരോട് പറഞ്ഞേ?''


' 'ഏതോ സഹായ കന്പനിക്കാരെന്നാ പറയുന്നേ''

 കാത്തിരിപ്പിൻറെ അസഹിഷ്ണുത...

പൊള്ളിയടർന്ന തൊലിപ്പുറം കൊതിക്കുന്ന തണുപ്പുകൾ....

പുറത്തേയ്ക്കാട്ടി പായ്ക്കുന്ന സിമന്റ് കൊട്ടാരങ്ങൾ..

വിഷം തുപ്പുന്ന ശീതീകരണ പെട്ടികൾ..


നക്ഷത്രങ്ങളില്ലാത്ത ആകാശം...

എവിടെയോ പെയ്ത മഴയുടെ പിശറുകൾ...


മുറ്റത്ത് പായ വിരിച്ചുറങ്ങുന്നതിടയിൽ  

കൈയിൽ വീണ രണ്ട് തുള്ളികൾ...

'' അമ്മേ നമുക്ക് കുട പിടിച്ചു കിടന്നുറങ്ങാം....''

കുടയും കെട്ടി പിടിച്ച് കാത്ത് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി..


മണ്ണിനടിയിലെ ചൂട് സഹിക്കാനാകാതെ ശുദ്ര ജീവികൾ കടിക്കുമോയെന്ന ഭയം..


ഇന്നത്തെ ആകാശം മഴ പെയ്യിച്ചില്ലെങ്കിൽ,

പിശറുകൾ പെരുമഴയായില്ല്ങ്കിൽ,

ദേഹം പൊതിഞ്ഞ ത്വക്കുരുകിയൊലിച്ച്‌

മരിച്ചുപോകും....


ഉഷസ്സൂര്യനേയും സായാഹ്ന സൂര്യനേയും പോലുമെനിക്കിന്ന് ഭയമാണ്..

 പെയ്യുക മഴയെ പെയ്യുക...

കുടപിടിച്ചുറങ്ങട്ടെ ഞങ്ങളിന്ന്...

 വിഷാദത്തിൽ നിന്നും പതിയെ ഉയിർത്തെഴുന്നേറ്റ് വരുന്നതിനിടയിൽ എപ്പോഴോ എന്നിൽ പിടികൂടിയതാണ്....


എവിടെ പോകുന്നതിനും വീട്ടിൽ നിന്നിറങ്ങുന്നതിന് തൊട്ടു മുൻപു കണ്ണടച്ചു കൊണ്ടുള്ള പ്രാർത്ഥന..


അവനും അത് കണ്ട് ശീലമാക്കി....


അവസാനം മൂന്ന് ഹല്ലേലൂയായും വിളിക്കും.. എന്നെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യും..


''അമ്മാ കൊങ്ങനെ കാണാം പോവാം''


അപ്പൻ പെട്രോളടിക്കാൻ 100 രൂപായും തന്നു..


കണ്ണടച്ചു ഞാൻ പ്രാർത്ഥിച്ചു.. 

അവനും പ്രാർത്ഥിക്കുന്നു...


'ഇവനിതെന്താണ് പ്രാർത്ഥിക്കുന്നത്?'' അറിയാനെനിക്കൊരാഗ്രഹം..


വീണ്ടും വീണ്ടും ശ്രദ്ധിച്ചു....

അതേ അവൻ പ്രാർത്ഥിക്കുന്നത്  അങ്ങനെ തന്നെ..


''എന്റെ ദൈനസോറേ... പിശ്.... പിശ്.... പിശ്... ....്

... ആമേൻ.. ഹല്ലേലൂയാ...ഹല്ലേലൂയാ ....ഹല്ലേലൂയാ'' 


 'എന്റെ കർത്താവേ പണ്ടെങ്ങാണ്ട് ചത്തു പോയ ദൈനസോറിനെയാണല്ലോ ഈ ചെറുക്കൻ പ്രാർത്ഥിച്ചു ആവാഹിച്ചു കൊണ്ട് നടക്കണേ...'


മ്യൂസത്ത് ചെന്നിട്ട് അവിടെ കണ്ട ദിനോസർ വിഗ്രഹങ്ങളെയൊക്കെ തൊഴുത് നിക്കണ കണ്ടപ്പോഴാണ് എനിക്ക്  തിരിച്ചറിവുണ്ടായത്... ചെറുക്കനേതോ പുതിയ മതത്തിൽ ചേർന്നെന്ന്...


NB: ദിനോസറിനോട് പ്രാർത്ഥിച്ചതും, തൊഴുതതും  നടന്ന സംഭവം.. ഇവിടെ  ഇതെഴുതാൻ പ്രചോദനംDr.Manoj Vellanadന്റെ പോസ്റ്റ്.

 പലായന ചിത്രം 

............................


ആഴമുണ്ട്,  ആ ചിത്രങ്ങൾ ക്കാഴമുണ്ട്‌ 

പ്രോട്ടോക്കോളിലെ 

പത്തടിയോളം ആഴമുണ്ട്. 


ആ കുഴിയിൽ ഞാനുണ്ട് 

എന്റെ പതിയുണ്ട് 

ഞങ്ങൾ ചേർന്ന മകനുണ്ട് 

പിന്നെയും ചേർന്നു 

ലിംഗമറിയാത്ത വയറ്റിലെ 

കുഞ്ഞുമുണ്ട് 


വീതിയുണ്ട് 

ആ  ചിത്രങ്ങൾക്ക് വീതിയുണ്ട്


ഒട്ടും പരിചയമില്ലാ ആയിരം മനുജർ 

ഞങ്ങൾക്ക് മീതെ 

വീഴാതടക്കുവാൻ

 ക്രമപ്പെടുത്തിയവീതിയുമീ 

 പ്രോട്ടോകോൾ കുഴിക്കുണ്ട്.

 'ര '  എന്ന് പേരുള്ള എഴുത്തുകാരൻ 


ബാലിശമായിട്ട് ഒന്നും എഴുതില്ല. 


വ്യക്തിപരമായ കാര്യങ്ങൾ എഴുതിയിട്ടെയില്ല. 


ഇതു അങ്ങനെ ആണോ? 

തന്റെ സ്വപ്നം  നിറവേറപെട്ട ദിവസം. 


തന്റെ തീരുമാനം തെറ്റായില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം. 


അയാൾ സ്റ്റാറ്റസ് ഇട്ടു " എന്റെ മകൾ ഒരു കപ്പൽ ഓട്ടക്കാരി ആയിരിക്കുന്നു. അഭിമാനം. "


ഓരോ നിമിഷവും മനസ്സിൽ ആഘോഷം. 



ആശംസകൾ അറിയിക്കാൻ എത്തുന്ന  ഫോൺ കാളുകൾ. 


ഒരു മണിക്കൂർ കഴിഞ്ഞില്ല.....

ആ ഫോൺ കാൾ. 


അയാൾക്ക് സ്റ്റാറ്റസ് മറ്റേണ്ടി വന്നു.  ആ കപ്പൽ അപകടത്തിൽപെട്ടു. 


'എന്റെ മകൾ  പോയി 'അയാൾ സ്റ്റാറ്റസ് തിരുത്തി. 


തന്റെ മകളുടെ ശരീരം കൊണ്ടു വരുന്ന കപ്പലിൽ നല്ല ഒരു വിരുന്നു സൽക്കാരം നടത്തേണം...  അധികാരികളോട്  അയാൾ കരഞ്ഞു പറഞ്ഞു.  അവർ അയാളോട് കനിഞ്ഞു.  


അവളെ അവർ നന്നായി അലങ്കരിച്ചിരുന്നു. കടൽ വെള്ളത്തിൽ തന്നെയാണ് അവർ അവളെ അവസാനമായി കുളിപ്പിച്ചത്. 


കപ്പൽ കരയിൽ വന്ന ഉടൻ അയാൾ അതിലെ വിരുന്നിൽ പങ്കാളിആയി.  തന്റെ മകളുടെ വിവാഹത്തിന് കരുതിയ പണം എല്ലാം ആ വിരുന്നിനു വേണ്ടി ചിലവഴിച്ചു. 


നാട്ടുകാരെ എല്ലാം ആ വിരുന്നിലേക്ക് ക്ഷണിച്ചു. 


ഓരോ പരിചയക്കാരുടെ മുൻപിലും അയാൾ വല്ലാതെ അലമുറഇട്ടു കരഞ്ഞു.. 


എങ്കിലും അയാളുടെ മനസ്സിൽ ഒരു അഭിമാനം ഉണ്ടായിരുന്നു. തന്റെ മകൾ ഒരു 'കപ്പലോട്ടക്കാരി'  ആയി. 


എത്ര നേരം അവൾ കപ്പലോട്ടക്കാരി ആയിരുന്നിരിക്കും. 


അയാൾ സ്റ്റാറ്റസ് നോക്കി. അവൾ 'കപ്പലോട്ട ക്കാരി' ആയി എന്ന് താൻ അറിഞ്ഞു  ഒരു മണിക്കൂർ കഴിഞ്ഞാണ് അപകടം എന്ന് അറിഞ്ഞത്.  എങ്ങനെ ആയാലും ഒരു മണിക്കൂർ എങ്കിലും അവൾക്ക് ഈ ഭൂമിയിൽ "കപ്പലോട്ടക്കാരി " ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


ചിലപ്പോൾ തന്നെ വിളിച്ചു പറഞ്ഞത് വളരെ വൈകി ആണെങ്കിലോ?  എങ്കിൽ  അത്ര അധികം നേരം അവൾക്ക് ഇവിടെ ഒരു "കപ്പൽ ഓട്ടക്കാരി" ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


തന്റെ മകൾ ഒരു സെക്കന്റ്‌ എങ്കിലും "കപ്പൽ ഓട്ടക്കാരി "തന്നെ 


"കപ്പൽ ഒട്ടക്കാരി തന്നെ..... " അയാൾ ഉറക്കെ അലറി കരഞ്ഞു. ചുറ്റും ഉള്ളവർ ഭയന്നു.. 


....................................................

' ര ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന എഴുത്തു കാരനോട്, 


ഞാൻ നിങ്ങളുടെ പോസ്റ്റ്‌ വായിക്കുകയോ,  ഒരു ലൈക്കോ കമെന്റോ പോലും തരുകയും ചെയ്തിട്ടില്ല. 


ചാറ്റ് ചെയ്തിട്ടില്ല. 


ഒരു ഹായ് ആകട്ടെ, ഗുഡ് നൈറ്റ്‌ ആകട്ടെ ഇന്ന് വരെയും പറഞ്ഞിട്ടില്ല. 


താങ്കൾ ഇടുന്ന ഫോട്ടോസ്  കാണാറുണ്ട് എന്നുള്ളതിൽ കവിഞ്ഞു അതിൽ ഇന്ന് വരെയും ലൈക്കോ,  സൂപ്പർ ലൈക്കോ, angriyo,  kummojiyo ഇട്ടിട്ടില്ല. 


പിന്നെന്തിനാണു  ഉവ്വേ....  വെളുപ്പാൻ കാലം ഇമ്മാതിരി കഥ ഇല്ലാത്ത സ്വപ്‌നങ്ങളുമായി( അതും main charachter ആയി ) എന്റെ ഉറക്കങ്ങളിൽ  കയറി വരുന്നേ..  മേലാൽ ആവർത്തിക്കരുത്. 


..