ചെറിയ ഒരു ഓർമ്മ
വിതുര govt : യു .പി. സ്കൂളിൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എൻറെ ചേച്ചി രണ്ടാം ക്ലാസ്സിൽ ആയിരുന്നു. അന്ന് ക്ലാസ് മുറികളുടെയും അധ്യാപകരുടെയും അപര്യാപ്തത കൊണ്ട് ഒന്നാം ക്ലാസിനു രാവിലെയും രണ്ടാം ക്ലാസിനു ഉച്ചയ്ക്ക് ശേഷവും ആയിരുന്നു പഠിത്തം. ആയിടയ്ക്കാണ് പൊന്മുടിയിലെ ബസ്സപകടം . അപകടം രാവിലെ ആയിരുന്നതിനാൽ സ്കൂൾകുട്ടികളും അതിൽ ഉണ്ടായിരുന്നു.അന്നത്തെ ദിവസംമുഴുവൻ അപകടത്തെ കുറിച്ച് മാത്രം ആണ് കേൾക്കാൻ ഇടയായത് അന്ന് സ്കൂൾ അസ്സെംബ്ലി മാത്രം ആ ണ്നടത്തിയത് ..പിന്നെ സ്കൂൾ വിട്ടു. 30 km അകലെ അപകടത്തിൽ പെട്ടവരെ സ്കൂളിനു തൊട്ടടുത്തുള്ള ആശുപത്രിയിലാണ് കൊണ്ട് വന്നത് .
അപകട വിവരമൊന്നും അറിയാതെ സ്കൂളിൽ വന്ന ഞാൻ അധ്യാപകർ കൂടി നിന്ന് സംസാരിക്കുന്നതെല്ലാം ശ്രദ്ധിച്ചു കേട്ടു .. അവരുടെ സംസാരത്തിൽ നിന്നും പൊന്മുടിയെന്നാൽ നിസാരക്കാരൻ അല്ല എന്ന് മനസിൽ ആയി. അവിടത്തെ ഹെയർപിൻ വളവുകൾ എൻറെ ഭാവനയ്ക്ക് അനുസരിച്ച് വരച്ചിട്ടു . പൊൻമുടിയിൽ വളർന്നു നിൽക്കുന്ന കൊക്കോ മരങ്ങൾ അപകടകാരിയാണെന്ന് മനസിലായി. അവടെ നിറയെ കൊക്കോ മരങ്ങൾ കൊണ്ട് കാടായി കിടക്കുന്നു . പൊന്മുടിയെന്നാൽ കൊക്കോ വനം. കൊക്കോ മരത്തിലേയ്ക്കു എങ്ങനെയാ അതിലെ വരുന്ന വണ്ടികൾ വീഴുന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.
എന്തായാലും തൊട്ടടുത്തല്ലേ ആശുപത്രി. അവിടെയും കയറി കാര്യങ്ങൾ വിശദമായി മനസിലാക്കി .
ഞാനവിടെ കണ്ട അപ്പൂപ്പൻ മരിച്ചു പോയി എന്നാണ് ഞാൻ മനസിലാക്കിയത്.. അത് സത്യമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല.പക്ഷെ ഞാൻ അപ്പൂപ്പനെ കൊന്നു. എന്നിട്ടും മതിയാക്കിയില്ല . വീട്ടിലേയ്ക്ക് പോകുന്ന വഴിയ്ക്ക് ആരൊക്കെ ബസ് അപകടത്തെ കുറിച്ച് സംസാരിക്കുമോ അവിടെയൊക്കെ നിന്ന് കേൾക്കും
ചന്തമുക്കും കഴിഞ്ഞു വായനശാല മുക്കിലെത്തിയപ്പോൾ എന്നെ കാണാത്തത് കൊണ്ട് പപ്പാ അന്വേഷിച്ചു വരുന്നു. അപ്പോഴും ഒരാൾ വർത്തമാനം പറയുന്നതും കേട്ട് നില്ക്കുകയാണ് ഞാൻ. വല്യ വല്യ സംഭവങ്ങൾ അറിഞ്ഞിട്ടു വരുന്ന എൻറെയടുക്കൽ പപ്പയുടെ വിരട്ടൊന്നും ഫലിച്ചില്ല . വീട്ടിൽ ചെന്ന് വാതോരാതെ കഥ കെട്ടുകൾ അഴിച്ചിട്ടു. ചേച്ചി പിന്നെയും പിന്നെയും സംശയങ്ങൾ ചോദിച്ചു . അപ്പൂപ്പനെ ചത്ത് കൊണ്ട് പോകുന്നത് ഭാവന സമ്പന്നമായി അവതരിപ്പിച്ചു.
രാത്രി ഭക്ഷണത്തിന് ഇരുന്നിട്ടും എൻറെ സംസാരം ഇത് തന്നെ.ആരൊക്കെ ഇടപെട്ടിട്ടും വിഷയം മാറ്റാൻ ഞാൻ തയാറായില്ല .രാത്രിയായി എല്ലാവരും ഉറങ്ങി. പാവം എൻറെ ചേച്ചിയ്ക്ക് മാത്രം ഉറങ്ങാൻ പറ്റുന്നില്ല .. പനി പിടിച്ചത്രേ. രാത്രിയെ തള്ളി നീക്കി പിറ്റെന്നു അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയി. ഞാൻ സുഖമയിട്ടുറങ്ങി രാവിലെ പള്ളിക്കൂടത്തിലും പോയി.
.
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ