ജനപ്രിയ പോസ്റ്റുകള്‍‌

2021, മേയ് 14, വെള്ളിയാഴ്‌ച

 വിഷാദത്തിൽ നിന്നും പതിയെ ഉയിർത്തെഴുന്നേറ്റ് വരുന്നതിനിടയിൽ എപ്പോഴോ എന്നിൽ പിടികൂടിയതാണ്....


എവിടെ പോകുന്നതിനും വീട്ടിൽ നിന്നിറങ്ങുന്നതിന് തൊട്ടു മുൻപു കണ്ണടച്ചു കൊണ്ടുള്ള പ്രാർത്ഥന..


അവനും അത് കണ്ട് ശീലമാക്കി....


അവസാനം മൂന്ന് ഹല്ലേലൂയായും വിളിക്കും.. എന്നെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യും..


''അമ്മാ കൊങ്ങനെ കാണാം പോവാം''


അപ്പൻ പെട്രോളടിക്കാൻ 100 രൂപായും തന്നു..


കണ്ണടച്ചു ഞാൻ പ്രാർത്ഥിച്ചു.. 

അവനും പ്രാർത്ഥിക്കുന്നു...


'ഇവനിതെന്താണ് പ്രാർത്ഥിക്കുന്നത്?'' അറിയാനെനിക്കൊരാഗ്രഹം..


വീണ്ടും വീണ്ടും ശ്രദ്ധിച്ചു....

അതേ അവൻ പ്രാർത്ഥിക്കുന്നത്  അങ്ങനെ തന്നെ..


''എന്റെ ദൈനസോറേ... പിശ്.... പിശ്.... പിശ്... ....്

... ആമേൻ.. ഹല്ലേലൂയാ...ഹല്ലേലൂയാ ....ഹല്ലേലൂയാ'' 


 'എന്റെ കർത്താവേ പണ്ടെങ്ങാണ്ട് ചത്തു പോയ ദൈനസോറിനെയാണല്ലോ ഈ ചെറുക്കൻ പ്രാർത്ഥിച്ചു ആവാഹിച്ചു കൊണ്ട് നടക്കണേ...'


മ്യൂസത്ത് ചെന്നിട്ട് അവിടെ കണ്ട ദിനോസർ വിഗ്രഹങ്ങളെയൊക്കെ തൊഴുത് നിക്കണ കണ്ടപ്പോഴാണ് എനിക്ക്  തിരിച്ചറിവുണ്ടായത്... ചെറുക്കനേതോ പുതിയ മതത്തിൽ ചേർന്നെന്ന്...


NB: ദിനോസറിനോട് പ്രാർത്ഥിച്ചതും, തൊഴുതതും  നടന്ന സംഭവം.. ഇവിടെ  ഇതെഴുതാൻ പ്രചോദനംDr.Manoj Vellanadന്റെ പോസ്റ്റ്.

 പലായന ചിത്രം 

............................


ആഴമുണ്ട്,  ആ ചിത്രങ്ങൾ ക്കാഴമുണ്ട്‌ 

പ്രോട്ടോക്കോളിലെ 

പത്തടിയോളം ആഴമുണ്ട്. 


ആ കുഴിയിൽ ഞാനുണ്ട് 

എന്റെ പതിയുണ്ട് 

ഞങ്ങൾ ചേർന്ന മകനുണ്ട് 

പിന്നെയും ചേർന്നു 

ലിംഗമറിയാത്ത വയറ്റിലെ 

കുഞ്ഞുമുണ്ട് 


വീതിയുണ്ട് 

ആ  ചിത്രങ്ങൾക്ക് വീതിയുണ്ട്


ഒട്ടും പരിചയമില്ലാ ആയിരം മനുജർ 

ഞങ്ങൾക്ക് മീതെ 

വീഴാതടക്കുവാൻ

 ക്രമപ്പെടുത്തിയവീതിയുമീ 

 പ്രോട്ടോകോൾ കുഴിക്കുണ്ട്.

 'ര '  എന്ന് പേരുള്ള എഴുത്തുകാരൻ 


ബാലിശമായിട്ട് ഒന്നും എഴുതില്ല. 


വ്യക്തിപരമായ കാര്യങ്ങൾ എഴുതിയിട്ടെയില്ല. 


ഇതു അങ്ങനെ ആണോ? 

തന്റെ സ്വപ്നം  നിറവേറപെട്ട ദിവസം. 


തന്റെ തീരുമാനം തെറ്റായില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം. 


അയാൾ സ്റ്റാറ്റസ് ഇട്ടു " എന്റെ മകൾ ഒരു കപ്പൽ ഓട്ടക്കാരി ആയിരിക്കുന്നു. അഭിമാനം. "


ഓരോ നിമിഷവും മനസ്സിൽ ആഘോഷം. 



ആശംസകൾ അറിയിക്കാൻ എത്തുന്ന  ഫോൺ കാളുകൾ. 


ഒരു മണിക്കൂർ കഴിഞ്ഞില്ല.....

ആ ഫോൺ കാൾ. 


അയാൾക്ക് സ്റ്റാറ്റസ് മറ്റേണ്ടി വന്നു.  ആ കപ്പൽ അപകടത്തിൽപെട്ടു. 


'എന്റെ മകൾ  പോയി 'അയാൾ സ്റ്റാറ്റസ് തിരുത്തി. 


തന്റെ മകളുടെ ശരീരം കൊണ്ടു വരുന്ന കപ്പലിൽ നല്ല ഒരു വിരുന്നു സൽക്കാരം നടത്തേണം...  അധികാരികളോട്  അയാൾ കരഞ്ഞു പറഞ്ഞു.  അവർ അയാളോട് കനിഞ്ഞു.  


അവളെ അവർ നന്നായി അലങ്കരിച്ചിരുന്നു. കടൽ വെള്ളത്തിൽ തന്നെയാണ് അവർ അവളെ അവസാനമായി കുളിപ്പിച്ചത്. 


കപ്പൽ കരയിൽ വന്ന ഉടൻ അയാൾ അതിലെ വിരുന്നിൽ പങ്കാളിആയി.  തന്റെ മകളുടെ വിവാഹത്തിന് കരുതിയ പണം എല്ലാം ആ വിരുന്നിനു വേണ്ടി ചിലവഴിച്ചു. 


നാട്ടുകാരെ എല്ലാം ആ വിരുന്നിലേക്ക് ക്ഷണിച്ചു. 


ഓരോ പരിചയക്കാരുടെ മുൻപിലും അയാൾ വല്ലാതെ അലമുറഇട്ടു കരഞ്ഞു.. 


എങ്കിലും അയാളുടെ മനസ്സിൽ ഒരു അഭിമാനം ഉണ്ടായിരുന്നു. തന്റെ മകൾ ഒരു 'കപ്പലോട്ടക്കാരി'  ആയി. 


എത്ര നേരം അവൾ കപ്പലോട്ടക്കാരി ആയിരുന്നിരിക്കും. 


അയാൾ സ്റ്റാറ്റസ് നോക്കി. അവൾ 'കപ്പലോട്ട ക്കാരി' ആയി എന്ന് താൻ അറിഞ്ഞു  ഒരു മണിക്കൂർ കഴിഞ്ഞാണ് അപകടം എന്ന് അറിഞ്ഞത്.  എങ്ങനെ ആയാലും ഒരു മണിക്കൂർ എങ്കിലും അവൾക്ക് ഈ ഭൂമിയിൽ "കപ്പലോട്ടക്കാരി " ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


ചിലപ്പോൾ തന്നെ വിളിച്ചു പറഞ്ഞത് വളരെ വൈകി ആണെങ്കിലോ?  എങ്കിൽ  അത്ര അധികം നേരം അവൾക്ക് ഇവിടെ ഒരു "കപ്പൽ ഓട്ടക്കാരി" ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


തന്റെ മകൾ ഒരു സെക്കന്റ്‌ എങ്കിലും "കപ്പൽ ഓട്ടക്കാരി "തന്നെ 


"കപ്പൽ ഒട്ടക്കാരി തന്നെ..... " അയാൾ ഉറക്കെ അലറി കരഞ്ഞു. ചുറ്റും ഉള്ളവർ ഭയന്നു.. 


....................................................

' ര ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന എഴുത്തു കാരനോട്, 


ഞാൻ നിങ്ങളുടെ പോസ്റ്റ്‌ വായിക്കുകയോ,  ഒരു ലൈക്കോ കമെന്റോ പോലും തരുകയും ചെയ്തിട്ടില്ല. 


ചാറ്റ് ചെയ്തിട്ടില്ല. 


ഒരു ഹായ് ആകട്ടെ, ഗുഡ് നൈറ്റ്‌ ആകട്ടെ ഇന്ന് വരെയും പറഞ്ഞിട്ടില്ല. 


താങ്കൾ ഇടുന്ന ഫോട്ടോസ്  കാണാറുണ്ട് എന്നുള്ളതിൽ കവിഞ്ഞു അതിൽ ഇന്ന് വരെയും ലൈക്കോ,  സൂപ്പർ ലൈക്കോ, angriyo,  kummojiyo ഇട്ടിട്ടില്ല. 


പിന്നെന്തിനാണു  ഉവ്വേ....  വെളുപ്പാൻ കാലം ഇമ്മാതിരി കഥ ഇല്ലാത്ത സ്വപ്‌നങ്ങളുമായി( അതും main charachter ആയി ) എന്റെ ഉറക്കങ്ങളിൽ  കയറി വരുന്നേ..  മേലാൽ ആവർത്തിക്കരുത്. 


..

 ക്വാറന്റയിൻ 

, ----------


ഇന്നലെ വരെ ഓടി ചാടി നടന്നവളാ 

വയസറിയിചെന്ന് 

രാവിലെ കുളിപ്പിച്ച്  

മുറിയിൽ കയറ്റി 

ദിവസങ്ങളോളം

ക്വാറന്റയിൻ, 

സാമൂഹിക  അകലം.

പിന്നെ അങ്ങോട്ട്‌ 

മുഖം മൂടി നടക്കൽ....

 ഇഷ്ടങ്ങളുടെ  അളവ് തൂക്കങ്ങൾ എനിക്കു അറിയേണ്ടതില്ലായിരുന്നു. 


ഇഷ്ടം,  സൂപ്പർ ഇഷ്ടം, മാറോടു ചേർത്ത് അണച്ചു സുരക്ഷിതമാക്കുന്ന ഇഷ്ടം. 


എനിക്ക്  ഈ ഇഷ്ടങ്ങളുടെ തോതുകൾ അറിയേണ്ട. 


വല്ലപ്പോഴും കിട്ടുന്ന  ദേഷ്യ ബട്ടണുകളുടെ തോതുകൾ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ.. 


മുഖം ചുവന്നു തുടുത്തു കണ്ണുകൾ മുന്നിലേയ്ക്ക് തള്ളിച്ചു തുറിച്ച നോക്കുന്ന ഒറ്റ മുഖം..  


ആ മുഖബട്ടണിലേക്ക്  ഞാൻ എപ്പോഴും നോക്കും.. low ദേഷ്യം,  high ദേഷ്യം,  മാറിൽ നിന്നും വലിച്ചു പിടിച്ചു അടർത്തി എടുത്തു ദൂരേക്ക് എറിയുന്ന ദേഷ്യം, വെറുപ്പ്, പക ഇങ്ങനെ കുറേ കുറേ ബട്ടണുകൾ ഉണ്ടായിരുന്നെങ്കിൽ..... 


എനിക്ക് കിട്ടുന്ന  ദേഷ്യങ്ങളുടെ തോതുകൾ എനിക്ക്  അറിയാൻ കഴിഞ്ഞേനെ.. 


നിങ്ങൾ ഇടുന്ന ദേഷ്യങ്ങളുടെ  അളവ്  തൂക്കങ്ങൾ എനിക്ക്   അറിയാൻ കഴിഞ്ഞേനെ..

 അമ്മയിൽ നിന്നും ഞാനാദ്യം മുറിക്കപ്പെട്ട പൊക്കിൾ കൊടി.  കൈലിയും ജമ്പറും മാത്രം ആണ് വീട്ടിലെ വേഷം.  


അമ്മയുടെ പൊക്കിളിലേക്ക് ഞാൻ എപ്പോഴും നോക്കും.  പൊക്കിളിനു ചുറ്റും ആപ്പിളിന്റെ  ആകൃതിയിൽ ആണ് വയർ. 


ആ വയറിനുള്ളിൽ ആയിരുന്നല്ലോ ഞങ്ങൾ രണ്ടു പേരും. 


ആപ്പിൾ എപ്പോഴും ആ പാമ്പിനെ ഓർമിപ്പിക്കും. 


ആപ്പിൾ ആയിരിക്കും പാമ്പ് കൊടുത്ത പഴം. 


ആ പാമ്പ് ആണത്രേ അമ്മക്ക് ആദ്യമായി പഴം കൊടുത്തത്.


 ജ്ഞാനത്തിന്റ വൃക്ഷ ഫലം തിന്നരുതെന്നു അച്ഛനും അമ്മയ്ക്കും വിലക്കുണ്ടായിരുന്നത്രെ. 


പാമ്പ് കൊടുത്ത രുചിയുള്ള പഴം  അമ്മ അച്ഛനും കൊടുത്തു. 


അത് കൊണ്ടാണല്ലോ അമ്മയ്ക്കു രണ്ടാമത്തെ ആളായിട്ടും അച്ഛന്  ആദ്യത്തെ ആളായിട്ടും ഞാൻ ജനിച്ചത്. 


പക്ഷേ അച്ഛൻ ഉൾപ്പടെ എല്ലാരും പറയുന്നത്  ഞാൻ അവരുടെ രണ്ടാമത്തെ കുഞ്ഞു എന്നാണ്. 


അമ്മയുടെ ആപ്പിൾ ആകൃതിയിൽ ഉള്ള വയർ എപ്പോഴും ആ പാമ്പിനെ ഓർമിപ്പിക്കും.. 


ആരായിരിക്കും ആ പാമ്പ്..  


ആ പാമ്പിനെ പോലെ ബുദ്ധി ഉള്ളവൻ ആണ് മൂത്തവൻ. ഒരു മാളം മുന്നിൽ കണ്ടതിനു ശേഷം മാത്രം പുറത്തിറങ്ങുന്ന പാമ്പിന്റ കുഞ്ഞ്. 


" എന്റെയും അവന്റെയും അച്ഛൻ രണ്ടാണ് "


 അടിപിടികൾക്കൊടുവിൽ  ഞാൻ പ്രഖ്യാപിച്ചു. 


അമ്പരന്നു  പോയ അച്ഛനും അമ്മയും. 


" എന്തിനാണ് ഇങ്ങനത്തെ വിഷമൊക്കെ നീ  പറയുന്നത് " അച്ഛൻ അടിക്കാൻ ഓങ്ങി. 


ആപ്പിൾ ആകൃതിയിൽ ഉള്ള അമ്മയുടെ വയറ്റിലേക്ക് ഞാൻ സങ്കടത്തോടെ  നോക്കി.


#അമ്മ #ആപ്പിൾ #വയർ

 എന്തിനോ വേണ്ടി 

നിരത്തിലൂടെ നടക്കുകയായിരുന്നു.. 


റോഡിൽ നിന്നും അൽപ്പം മാറി അല്പം ഉയരത്തിലായി രണ്ടു മനുഷ്യർ മരം മുറിക്കുന്നു. 


ഒരാൾ മരത്തിനു മുകളിൽ വളരെ കനമുള്ള കൊമ്പ്,  വെട്ടുകത്തി ഉപയോഗിച്ചു മുറിക്കുന്നു. 


താഴെ നിൽക്കുന്ന ആൾ സഹായി ആണ്. 


മരകൊമ്പ് മുറിഞ്ഞ് സഹായിയുടെ പുറത്തേക്ക് വീണു. തൽക്ഷണം മരിച്ചു. 


" ഒന്ന് ആരോടെങ്കിലും പറഞ്ഞു ഇയാളുടെ ബോഡി ഇവിടുന്നു എടുത്തു അടക്കിയേക്കണേ "  മരത്തിനു മുകളിൽ നിന്നും വേഗത്തിൽ താഴെ ഇറങ്ങി ഉച്ചത്തിൽ എന്നെ നോക്കി പറഞ്ഞിട്ട്  അയാൾ ദൂരേക്ക് ഓടി മറഞ്ഞു. 


അയാൾ എന്തിനാ ഓടിയത്? 


ആ മരത്തിന്റെ ചുവട്ടിൽ ഒരാൾ മരിച്ചു കിടക്കുന്നെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ഉത്തരവാദിത്തം വെറും വഴി യാത്രക്കാരിയായ എന്നിൽ എങ്ങനെ എന്നിൽ വന്നു? 


എന്നോടെന്തിനായാൾ പറഞ്ഞു? 


നടന്നു വന്ന വഴിയിലൂടെ കുറച്ചു പിറകിലേക്ക് പോയി.  അവിടെ ഒരു പോലീസ് സ്റ്റേഷൻ കണ്ടു? 


"എന്തിനാണിവിടെ " ശബ്ദം  കാഠിന്യം ഉള്ളത് ആയിരുന്നു. ഞാൻ ഭയപ്പെട്ടു പോയി. ഒന്നും പറയാൻ ശബ്ദം പുറത്തേക്ക് വന്നില്ല. 


പെട്ടന്ന്  പുറത്തേക്ക് വന്നു.  റോഡിൽ കൂടി നടന്നു...  


ഒരു മനുഷ്യൻ അവിടെ ചത്തു കിടക്കുന്നെന്ന് ആരോടാണ് ഒന്നു പറയുക..  


കുറേ നേരം നിന്നു ആരും അതു വഴി വന്നില്ല. 


വീട്ടിൽ കയറി വാതിൽ അടച്ചു വിറയലോടെ ഒരു മൂലയിൽ ഇരുന്നു.. ഇനി ആരോടെങ്കിലും പറഞ്ഞാൽ തന്നെ പറയാൻ  ഇത്രയും താമസിച്ചതെന്താ എന്ന് ചോദിച്ചു വഴക്ക് പറയും. 


പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല.... 


രാത്രിയിൽ അജ്ഞാതനായ ആ ശരീരം എന്റെ അടുത്തേക്ക് വന്നു.. 


"നീ പറയ്, ആരോടെങ്കിലും പറയ്.  ഞാനവിടെ ചത്തു മലച്ചു കിടക്കുന്നെന്ന് ആരോടെങ്കിലും പറയ് "


"നീ ചത്തെന്നു,  വെറും വഴി യാത്രക്കാരിയായ ഞാൻ തന്നെ പറയേണം എന്ന് ഇത്ര നിർബന്ധം എന്താണ്? "


"അതെനിക്കറീല,  എന്നെ കൊന്നവൻ അങ്ങനെ പറയാൻ പറഞ്ഞു "


രാവിലെ വീണ്ടും ആ വഴി.. 


കുറെ പോലീസുകാർ.....


" തൂങ്ങി ചത്തതാ "  മുറുക്കാൻ ചവച്ചു തുപ്പി ഒരു തള്ള. 


"അല്ല കൊന്നതാ, ഞാൻ കണ്ടതാ. 


മരം മുറിക്കുന്നവൻ കൊന്നതാ...


 മരം മുറിക്കും മുൻപേ കൊമ്പ് ചെത്തിയിട്ടു  കൊന്നു.  അയാൾ ഓടി പോയി..  അയാൾ ഓടിയ ദിശ എനിക്കു അറിയാം..  പോയ ഇടം എനിക്കു അറീല. " പക്ഷേ ഒരു വാക്ക് പോലും തൊണ്ട വിട്ടു പുറത്തേക്ക് വന്നില്ല.. 


ഇന്നലെ ആരോടെങ്കിലും പറയേണ്ട കാര്യം. 

ഇത് വരെയും ആരോടും പറഞ്ഞില്ല.  ഇനി ആരോടും പറയാൻ പാടില്ല. 


ഇതു വരെയും മറച്ചു വച്ചതിനു ഞാൻ 

കുറ്റക്കാരിയാകും. 


ഞാനുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യത്തിന് എത്ര പെട്ടെന്നാണ് കുറ്റക്കാരിയായി മാറിയത്.. 


അതേ... എനിക്കീ സ്വപ്നം തന്നത് അസ്വസ്ഥകൾ മാത്രം ആണ്. 

 ഞാൻ പെട്ടന്ന് കണ്ണു തുറന്നു. 


=============================

വെളുപ്പാൻകാല സ്വപനം --05