ഒപ്പാര് (കഥയോ? .ആ..??
--------- എനിക്കറിയില്ല)
താളത്തിലും ഈണത്തിലും ഉയർന്നു വന്ന കണ്ണീരോർമ്മകൾ....
ഏയ്.....പാടില്ല.....പ്രത്യാശയില്ലാത്ത ശേഷം മനുഷ്യരെപോലെ വിലപിക്കുകയോ?.....
'പഴയ മനുഷ്യനെ കുഴിച്ചു മൂടുക....'-ഞായറാഴ്ചകളിലെ പ്രബോധനം.
പ്രബോധനങ്ങൾ ചുറ്റും അലയ്ക്കട്ടെ...എനിക്ക് വിലപിക്കേണം...
എനി്ക്കെന്റെ ഓർമ്മകൾ താളത്തിലും ഈണത്തിലും പദംചൊല്ലി കരയേണം.
''എന്റെ കുഞ്ഞ്... എന്റെ മകൻ.... സഹിക്ക വയ്യേ .... എനിക്ക് സഹിക്ക് വയ്യേ...''..
ശബ്ദങ്ങളുയരാതെ തേങ്ങി..
മതിലുകൾക്കപ്പുറം നിലവാരമുള്ളവർ...
വേണ്ടാ ...കേൾക്കേണ്ടാ.. എന്റെ പദംചൊല്ലൽ അവർ കേൾക്കേണ്ടാ...എന്റെ പേരക്കിടാങ്ങളുടെ നിലവാരം അവർക്കിടയിൽ കുറയേണ്ടാ...
എന്നാലും... ഞാൻ ജീവിച്ചിരിക്കേ..... എന്നെ വിട്ടുപിരിഞ്ഞ പൈതൽ....ഞാനെങ്ങനെ സഹിക്കും....
മൂന്ന് പതിറ്റാണ്ടുകൾക്ക് മൂന്നേ മരിച്ചു പോകേണ്ടിയിരുന്നവൻ..
കറണ്ടുള്ള വീടുകളിലെ രാത്രിവെളിച്ചങ്ങൾ കൊതിയാണവന്... കറണ്ട് സ്വന്തമാക്കാൻ പൊട്ടിയ കന്പിയിൽ പിടിച്ചവനെ മുളയേണിയാൽ 'വിടുവിച്ചത് ...അങ്ങത്തയാണേ..'
''അക്കരേലെ അങ്ങത്തയാണേ...''
''ശൂ... അമ്മേ....അവൻറെ ജോലിസ്ഥലത്തു നിന്നും...''
ഇല്ല ഞാൻ പദം ചൊല്ലണില്ല...
ചുറ്റിലും സ്യൂട്ടിട്ട കളസങ്ങൾ.
വളരെ ദൂരം ഓടി , കൂട്ടിക്കെട്ടപ്പട്ട് കിടക്കുന്ന കാലുകൾ..
വേഗത്തിലോടുന്ന അപ്പൻറെ കാലുകളാണ് നിനക്ക്. ചുംബിച്ചു സ്വന്തമാക്കിയ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിക്കാലുകൾ....
'പൈതലേ.....പിച്ചവയ്ക്ക്... പിച്ചവയ്ക്ക്'
''പൈതലേ...''
ചുറ്റും പാടുന്ന ശുഭ്രവസ്ത്രധാരികൾ തുറിച്ചുനോക്കി.
'വേണ്ടാ.. സഭയ്ക്ക് നടുവിൽ നിന്റെ കുഞ്ഞുങ്ങളുടെ നിലവാരം കുറഞ്ഞു പോകെണ്ടാ..'
വെള്ളയിൽ കറുപ്പും നീലയും നിറച്ചും നിറക്കാതെയും വലിച്ചെറിഞ്ഞ കടലാസുകൾ... അക്ഷരങ്ങൾക്ക് നിൻറെ വിരലുകൾ കൊടുത്ത സൗന്ദര്യം....
വെള്ളക്കടലാസുകൾ വാങ്ങുവാൻ ഈറ്റക്കുട്ടകൾ നെയ്തെടുക്കാൻ വേഗത്തിൽ ചലിച്ച വിരലുകൾ..
' അയ്യോ ആ വിരലുകൾ നിശ്ചലം ...
വിരലുകൾ നിശ്ചലം...
കുട്ടകൾ നെയ്തെടുത്ത് വെള്ളയിൽ കറുപ്പും നീലയും നിറച്ചവൻ....'
ഞൊനൊന്നു ചൊല്ലി കരയട്ടെ....
''എന്റെ കുഞ്ഞിന്റെ വിരലുകൾ...''
''ഓ..എന്താണിത് കൊച്ചുകുട്ടിയൊന്നുമല്ലല്‌ലോ...ഇത്രയും നാൾ ദൈവം ആയുസുകൊടുത്തില്ലേ....ഇത്രയധികം കരയാൻ അപകട മരണമൊന്നുമല്ലല്ലോ.. ''
പിറകിൽ ആരോ അടക്കം പറയുന്നു.
പാതിരാത്രികൾ വായിക്കാനെടുത്ത പുസ്തകങ്ങൾ അടഞ്ഞുതീരും മുന്പേ
'മണ്ണെണ്ണ തീരുമെന്ന് ' ഞാൻ പുലന്പി വിളക്കണയ്ക്കുന്പോളവന്റെ അകകണ്ണ് തുറക്കുകയായിരുന്നു....
''മകനേ .... കണ്ണ് തുറക്ക് മകനേ..''
സമയമാം രഥങ്ങളിലവന്റെ കണ്ണുകൾ പൂട്ടപ്പെട്ടു.
ഉറക്കെ നിലവിളിച്ചോട്ടേ..
ശേഷം മനുഷ്യരെ പോലെ നമുക്ക് വിലപിച്ചൂടത്രേ...
പൈതലേ ഞാൻ നിനക്ക് ശേഷം അല്ല...വിശേഷമല്ലേ?.. നാല്പതു അടി താഴ്ചകളുള്ള സെല്ലാറുകളിലേയ്ക്ക് എന്റെ ഒപ്പാരുകൾ കെട്ടിയിറക്കപ്പെട്ടു..ബലമുള്ള കോണ്ക്രീറ്റു സ്ലാബുകൾ കൊണ്ടവ മറയ്കപ്പെട്ടു..
ഒട്ടും കഥകളില്ലാത്തയെനിക്ക് ഒപ്പാരു ചൊല്ലി സ്നേഹിക്കാനാഗ്രഹിച്ചെങ്കിൽ?
ഞാൻ ചുറ്റിലും നോക്കി ..
ശേഷം മനുഷ്യരായി തീരാതിരിയ്ക്കുവാൻ കോണ്ക്രീറ്റു സ്ലാബുകൾക്കുള്ളിൽ വീർപ്പുമുട്ടുന്ന അനേകരുടെ ഒപ്പാരുകൾ എനിക്ക് കേൾക്കാമായിരുന്നു..
----------------------------------------------
NB:കടമകളില്ലാതെ ആർക്കുമെടുക്കാം....
അഭിപ്രായം കൂട്ടുകാരി മാത്രം