ജനപ്രിയ പോസ്റ്റുകള്‍‌

2021, മേയ് 14, വെള്ളിയാഴ്‌ച

 അന്ന് പ്രണയമായിരുന്നു.

ഒരു കാര്യവുമില്ലാതെ 

സംസാരിച്ചു കൊണ്ടേയിരിക്കും.

കാരണങ്ങളില്ലാതെ

 മിണ്ടികൊണ്ടേയിരിക്കും.

പിണക്കുവാൻ ഇടിമിന്നൽ പോലെ

വരുന്ന കാരണങ്ങൾ

നാണിച്ചു  പിൻവാങ്ങിയത് 

എത്രയോ നാൾ....

ഇന്ന് പിണങ്ങുവാൻ

കാരണങ്ങളേ വേണ്ടാ..

അൽപം മിണ്ടുവാൻ 

എന്തെങ്കിലുമൊരു കാരണം 

വന്നു ചേരേണം.

ഘനമുള്ള മൂളലിൻ 

ഒതുക്കങ്ങൾ കണ്ടിന്ന്

കാരണങ്ങൾ നാണിച്ചു

പിൻവാങ്ങുന്നു..

 ഞാൻ കരിന്പാറയച്ഛൻ,

 കരഞ്ഞു കലങ്ങിയ കണ്ണുമായി

അവനൊരിയ്ക്കൽ വന്നതെന്റെ

അരികിലേയ്ക്ക്

തലതല്ലി കരയാൻ ഞാനെന്റെ

വിടർന്ന നെഞ്ച് വിരിച്ചു കൊടുത്തു.

പിന്നെയവൻ ചിരിച്ചു,

ഉറക്കെയുറക്കെ ..


എന്റെ മകനെയവർ കൊണ്ടുപോയി.

എപ്പോഴും കൊണ്ടുപോകും

 പക്ഷെയവൻ തിരികെ വരാറുണ്ട്.

മനുഷ്യന്റെ അതിരുകൾ

അതിനെകുറിച്ചെന്നോടവൻ

പറഞ്ഞിട്ടുണ്ട്

അതിരുകൾ അരുതുകൾ

ഒന്നുമെനിക്കറീല,

അവനോടൊന്നും വിലക്കീട്ടുമില്ല.


കാടുകൊള്ള അരുതകളെന്നവരോട്

നിരന്തരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്


എന്റെ കൺമുന്നിൽ വളർന്ന മരങ്ങൾ,

അവനെന്നും സംസാരിക്കുന്ന

അവന്റെ കൂട്ടുകാർ , അവയുടെ ശിഖരങ്ങൾവെട്ടി

അവരവനെ പൊതിരെ തല്ലി,

അവരവനെ അടിക്കുന്തോറും 

ശിഖരങ്ങൾ തലതല്ലി കരഞ്ഞു

രണ്ടായും മൂന്നായും അവ പൊട്ടിത്തെറിച്ചു

കൈകൾ രണ്ടും കൂട്ടികെട്ടി കൊണ്ടുപോയി


നിലം വിണ്ടുകീറുന്ന വേനലിൽ

തലയിൽ കുപ്പിവെള്ളമൊഴിച്ച് 

കളിയാക്കി

കുപ്പിവെള്ളങ്ങളിൽ തീരാത്ത

ദാഹമുണ്ടവന്

അവന് ദാഹം തീർക്കാൻ നിങ്ങൾക്കാകില്ല

ഏറേ നാളായിട്ടും തിരികെ എത്താത്ത അവനെ തേടി വെള്ളവുമായിട്ടാണ് ഞാനിറങ്ങിയത്

അവനെ കണ്ട് കിട്ടിയില്ല.


എൻ മകനിൻ  നെഞ്ചിൽ 

ആഞ്ഞ് ചവിട്ടിയും തൊഴിച്ചും

അവർ കൊണ്ട് പോയി

കാത്തിരുന്നെന്റെ നെഞ്ചകം പൊട്ടി

ഉള്ളിലെ നീരുകൾ പൊട്ടി

പുറപ്പെട്ടു ഉരുളായി

ഭവിച്ചിട്ടുമെന്റെ മകനെ കണ്ടില്ല.

ഇന്നുമതേ ചൂട് കാലം

എൻറെ മകനെ കൊണ്ടുപോയവർ 

തിരികെ തരിക

എന്റെ ഗുഹയ്ക്കുള്ളിലവനെ

കുടിയിരുത്തുക

വിളക്കു തെളിക്കുക

ഇല്ലെങ്കിലിതുപോലെൻ

മകനെ തേടി ഞാനലഞ്ഞാൽ

മാനുഷാ നീയെത്ര പിടിച്ചു നിൽക്കും.

 അപ്പുറത്തെ സലീമിൻറെ വീട്ടു മുറ്റത്ത് മൊട്ടൻ അടി..


ഇന്നലെ ആണ് ഓൻറെ മോൻ  അപ്പുറത്തെ വീട്ടിലെ വേണുഗോപാലൻ നായരുടെ മോളെ കെട്ടി കൊണ്ട്  വന്നത്..


പെൺകുട്ടിക്കാണേൽ കഷ്ടി വിവാഹ പ്രായം ആയതേ ഉള്ളു..

 '' ആ കുട്ടി എന്തിനാ രാവിലെ മുതലിങ്ങനെ കരയണേ?''

'' ആ കുട്ടിയ്ക്ക് രാവിലെ തന്നെ മേയ്ക്കണമത്രേ''


'' ശോ ! ഇതിപ്പം  വലിയ ക്രമ സമാധാന പ്രശ്നമായല്ലോ''


ക്രമ സമാധാന പാലകർ , പഞ്ചായത്ത് ഭരണ സമിതിക്കാർ, അഭ്യുദയ കാംഷികൾ റെസിഡൻസ് അസോസിയേഷൻക്കാർ  സംയുക്ത യോഗങ്ങൾ കൂടി.


നവ ദന്പതികൾക്ക്  പത്ത് ആട് ഈ സാന്പത്തിക  വർഷം തന്നെ കൊടുക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ച് ഇരു കുട്ടരേയും അറിയിച്ച് വലിയ ഒരു വർഗീയ കലാപം ഒഴിവാക്കി.


'' അല്ലാ ഇതിപ്പം എന്താ?''


'' ഓ.. അതോ.. മുസ്ളീമിനെ കെട്ടിയാൽ ആടിനെ മേയ്ക്കാൻ പറ്റുമെന്ന് എന്നും  അതിന്റെ അമ്മ പറയുമത്രേ.. കുട്ടി  ആട്ടിനെ മേയ്ക്കണ സ്വപ്നം  മിക്കവാറും കാണുമത്രേ''


'' അല്ലാ ഇതൊക്കെയാരാ ഈ വീട്ടുകാരോട് പറഞ്ഞേ?''


' 'ഏതോ സഹായ കന്പനിക്കാരെന്നാ പറയുന്നേ''

 കാത്തിരിപ്പിൻറെ അസഹിഷ്ണുത...

പൊള്ളിയടർന്ന തൊലിപ്പുറം കൊതിക്കുന്ന തണുപ്പുകൾ....

പുറത്തേയ്ക്കാട്ടി പായ്ക്കുന്ന സിമന്റ് കൊട്ടാരങ്ങൾ..

വിഷം തുപ്പുന്ന ശീതീകരണ പെട്ടികൾ..


നക്ഷത്രങ്ങളില്ലാത്ത ആകാശം...

എവിടെയോ പെയ്ത മഴയുടെ പിശറുകൾ...


മുറ്റത്ത് പായ വിരിച്ചുറങ്ങുന്നതിടയിൽ  

കൈയിൽ വീണ രണ്ട് തുള്ളികൾ...

'' അമ്മേ നമുക്ക് കുട പിടിച്ചു കിടന്നുറങ്ങാം....''

കുടയും കെട്ടി പിടിച്ച് കാത്ത് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി..


മണ്ണിനടിയിലെ ചൂട് സഹിക്കാനാകാതെ ശുദ്ര ജീവികൾ കടിക്കുമോയെന്ന ഭയം..


ഇന്നത്തെ ആകാശം മഴ പെയ്യിച്ചില്ലെങ്കിൽ,

പിശറുകൾ പെരുമഴയായില്ല്ങ്കിൽ,

ദേഹം പൊതിഞ്ഞ ത്വക്കുരുകിയൊലിച്ച്‌

മരിച്ചുപോകും....


ഉഷസ്സൂര്യനേയും സായാഹ്ന സൂര്യനേയും പോലുമെനിക്കിന്ന് ഭയമാണ്..

 പെയ്യുക മഴയെ പെയ്യുക...

കുടപിടിച്ചുറങ്ങട്ടെ ഞങ്ങളിന്ന്...

 വിഷാദത്തിൽ നിന്നും പതിയെ ഉയിർത്തെഴുന്നേറ്റ് വരുന്നതിനിടയിൽ എപ്പോഴോ എന്നിൽ പിടികൂടിയതാണ്....


എവിടെ പോകുന്നതിനും വീട്ടിൽ നിന്നിറങ്ങുന്നതിന് തൊട്ടു മുൻപു കണ്ണടച്ചു കൊണ്ടുള്ള പ്രാർത്ഥന..


അവനും അത് കണ്ട് ശീലമാക്കി....


അവസാനം മൂന്ന് ഹല്ലേലൂയായും വിളിക്കും.. എന്നെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്യും..


''അമ്മാ കൊങ്ങനെ കാണാം പോവാം''


അപ്പൻ പെട്രോളടിക്കാൻ 100 രൂപായും തന്നു..


കണ്ണടച്ചു ഞാൻ പ്രാർത്ഥിച്ചു.. 

അവനും പ്രാർത്ഥിക്കുന്നു...


'ഇവനിതെന്താണ് പ്രാർത്ഥിക്കുന്നത്?'' അറിയാനെനിക്കൊരാഗ്രഹം..


വീണ്ടും വീണ്ടും ശ്രദ്ധിച്ചു....

അതേ അവൻ പ്രാർത്ഥിക്കുന്നത്  അങ്ങനെ തന്നെ..


''എന്റെ ദൈനസോറേ... പിശ്.... പിശ്.... പിശ്... ....്

... ആമേൻ.. ഹല്ലേലൂയാ...ഹല്ലേലൂയാ ....ഹല്ലേലൂയാ'' 


 'എന്റെ കർത്താവേ പണ്ടെങ്ങാണ്ട് ചത്തു പോയ ദൈനസോറിനെയാണല്ലോ ഈ ചെറുക്കൻ പ്രാർത്ഥിച്ചു ആവാഹിച്ചു കൊണ്ട് നടക്കണേ...'


മ്യൂസത്ത് ചെന്നിട്ട് അവിടെ കണ്ട ദിനോസർ വിഗ്രഹങ്ങളെയൊക്കെ തൊഴുത് നിക്കണ കണ്ടപ്പോഴാണ് എനിക്ക്  തിരിച്ചറിവുണ്ടായത്... ചെറുക്കനേതോ പുതിയ മതത്തിൽ ചേർന്നെന്ന്...


NB: ദിനോസറിനോട് പ്രാർത്ഥിച്ചതും, തൊഴുതതും  നടന്ന സംഭവം.. ഇവിടെ  ഇതെഴുതാൻ പ്രചോദനംDr.Manoj Vellanadന്റെ പോസ്റ്റ്.

 പലായന ചിത്രം 

............................


ആഴമുണ്ട്,  ആ ചിത്രങ്ങൾ ക്കാഴമുണ്ട്‌ 

പ്രോട്ടോക്കോളിലെ 

പത്തടിയോളം ആഴമുണ്ട്. 


ആ കുഴിയിൽ ഞാനുണ്ട് 

എന്റെ പതിയുണ്ട് 

ഞങ്ങൾ ചേർന്ന മകനുണ്ട് 

പിന്നെയും ചേർന്നു 

ലിംഗമറിയാത്ത വയറ്റിലെ 

കുഞ്ഞുമുണ്ട് 


വീതിയുണ്ട് 

ആ  ചിത്രങ്ങൾക്ക് വീതിയുണ്ട്


ഒട്ടും പരിചയമില്ലാ ആയിരം മനുജർ 

ഞങ്ങൾക്ക് മീതെ 

വീഴാതടക്കുവാൻ

 ക്രമപ്പെടുത്തിയവീതിയുമീ 

 പ്രോട്ടോകോൾ കുഴിക്കുണ്ട്.

 'ര '  എന്ന് പേരുള്ള എഴുത്തുകാരൻ 


ബാലിശമായിട്ട് ഒന്നും എഴുതില്ല. 


വ്യക്തിപരമായ കാര്യങ്ങൾ എഴുതിയിട്ടെയില്ല. 


ഇതു അങ്ങനെ ആണോ? 

തന്റെ സ്വപ്നം  നിറവേറപെട്ട ദിവസം. 


തന്റെ തീരുമാനം തെറ്റായില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം. 


അയാൾ സ്റ്റാറ്റസ് ഇട്ടു " എന്റെ മകൾ ഒരു കപ്പൽ ഓട്ടക്കാരി ആയിരിക്കുന്നു. അഭിമാനം. "


ഓരോ നിമിഷവും മനസ്സിൽ ആഘോഷം. 



ആശംസകൾ അറിയിക്കാൻ എത്തുന്ന  ഫോൺ കാളുകൾ. 


ഒരു മണിക്കൂർ കഴിഞ്ഞില്ല.....

ആ ഫോൺ കാൾ. 


അയാൾക്ക് സ്റ്റാറ്റസ് മറ്റേണ്ടി വന്നു.  ആ കപ്പൽ അപകടത്തിൽപെട്ടു. 


'എന്റെ മകൾ  പോയി 'അയാൾ സ്റ്റാറ്റസ് തിരുത്തി. 


തന്റെ മകളുടെ ശരീരം കൊണ്ടു വരുന്ന കപ്പലിൽ നല്ല ഒരു വിരുന്നു സൽക്കാരം നടത്തേണം...  അധികാരികളോട്  അയാൾ കരഞ്ഞു പറഞ്ഞു.  അവർ അയാളോട് കനിഞ്ഞു.  


അവളെ അവർ നന്നായി അലങ്കരിച്ചിരുന്നു. കടൽ വെള്ളത്തിൽ തന്നെയാണ് അവർ അവളെ അവസാനമായി കുളിപ്പിച്ചത്. 


കപ്പൽ കരയിൽ വന്ന ഉടൻ അയാൾ അതിലെ വിരുന്നിൽ പങ്കാളിആയി.  തന്റെ മകളുടെ വിവാഹത്തിന് കരുതിയ പണം എല്ലാം ആ വിരുന്നിനു വേണ്ടി ചിലവഴിച്ചു. 


നാട്ടുകാരെ എല്ലാം ആ വിരുന്നിലേക്ക് ക്ഷണിച്ചു. 


ഓരോ പരിചയക്കാരുടെ മുൻപിലും അയാൾ വല്ലാതെ അലമുറഇട്ടു കരഞ്ഞു.. 


എങ്കിലും അയാളുടെ മനസ്സിൽ ഒരു അഭിമാനം ഉണ്ടായിരുന്നു. തന്റെ മകൾ ഒരു 'കപ്പലോട്ടക്കാരി'  ആയി. 


എത്ര നേരം അവൾ കപ്പലോട്ടക്കാരി ആയിരുന്നിരിക്കും. 


അയാൾ സ്റ്റാറ്റസ് നോക്കി. അവൾ 'കപ്പലോട്ട ക്കാരി' ആയി എന്ന് താൻ അറിഞ്ഞു  ഒരു മണിക്കൂർ കഴിഞ്ഞാണ് അപകടം എന്ന് അറിഞ്ഞത്.  എങ്ങനെ ആയാലും ഒരു മണിക്കൂർ എങ്കിലും അവൾക്ക് ഈ ഭൂമിയിൽ "കപ്പലോട്ടക്കാരി " ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


ചിലപ്പോൾ തന്നെ വിളിച്ചു പറഞ്ഞത് വളരെ വൈകി ആണെങ്കിലോ?  എങ്കിൽ  അത്ര അധികം നേരം അവൾക്ക് ഇവിടെ ഒരു "കപ്പൽ ഓട്ടക്കാരി" ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 


തന്റെ മകൾ ഒരു സെക്കന്റ്‌ എങ്കിലും "കപ്പൽ ഓട്ടക്കാരി "തന്നെ 


"കപ്പൽ ഒട്ടക്കാരി തന്നെ..... " അയാൾ ഉറക്കെ അലറി കരഞ്ഞു. ചുറ്റും ഉള്ളവർ ഭയന്നു.. 


....................................................

' ര ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന എഴുത്തു കാരനോട്, 


ഞാൻ നിങ്ങളുടെ പോസ്റ്റ്‌ വായിക്കുകയോ,  ഒരു ലൈക്കോ കമെന്റോ പോലും തരുകയും ചെയ്തിട്ടില്ല. 


ചാറ്റ് ചെയ്തിട്ടില്ല. 


ഒരു ഹായ് ആകട്ടെ, ഗുഡ് നൈറ്റ്‌ ആകട്ടെ ഇന്ന് വരെയും പറഞ്ഞിട്ടില്ല. 


താങ്കൾ ഇടുന്ന ഫോട്ടോസ്  കാണാറുണ്ട് എന്നുള്ളതിൽ കവിഞ്ഞു അതിൽ ഇന്ന് വരെയും ലൈക്കോ,  സൂപ്പർ ലൈക്കോ, angriyo,  kummojiyo ഇട്ടിട്ടില്ല. 


പിന്നെന്തിനാണു  ഉവ്വേ....  വെളുപ്പാൻ കാലം ഇമ്മാതിരി കഥ ഇല്ലാത്ത സ്വപ്‌നങ്ങളുമായി( അതും main charachter ആയി ) എന്റെ ഉറക്കങ്ങളിൽ  കയറി വരുന്നേ..  മേലാൽ ആവർത്തിക്കരുത്. 


..