ഞാൻ കരിന്പാറയച്ഛൻ,
കരഞ്ഞു കലങ്ങിയ കണ്ണുമായി
അവനൊരിയ്ക്കൽ വന്നതെന്റെ
അരികിലേയ്ക്ക്
തലതല്ലി കരയാൻ ഞാനെന്റെ
വിടർന്ന നെഞ്ച് വിരിച്ചു കൊടുത്തു.
പിന്നെയവൻ ചിരിച്ചു,
ഉറക്കെയുറക്കെ ..
എന്റെ മകനെയവർ കൊണ്ടുപോയി.
എപ്പോഴും കൊണ്ടുപോകും
പക്ഷെയവൻ തിരികെ വരാറുണ്ട്.
മനുഷ്യന്റെ അതിരുകൾ
അതിനെകുറിച്ചെന്നോടവൻ
പറഞ്ഞിട്ടുണ്ട്
അതിരുകൾ അരുതുകൾ
ഒന്നുമെനിക്കറീല,
അവനോടൊന്നും വിലക്കീട്ടുമില്ല.
കാടുകൊള്ള അരുതകളെന്നവരോട്
നിരന്തരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
എന്റെ കൺമുന്നിൽ വളർന്ന മരങ്ങൾ,
അവനെന്നും സംസാരിക്കുന്ന
അവന്റെ കൂട്ടുകാർ , അവയുടെ ശിഖരങ്ങൾവെട്ടി
അവരവനെ പൊതിരെ തല്ലി,
അവരവനെ അടിക്കുന്തോറും
ശിഖരങ്ങൾ തലതല്ലി കരഞ്ഞു
രണ്ടായും മൂന്നായും അവ പൊട്ടിത്തെറിച്ചു
കൈകൾ രണ്ടും കൂട്ടികെട്ടി കൊണ്ടുപോയി
നിലം വിണ്ടുകീറുന്ന വേനലിൽ
തലയിൽ കുപ്പിവെള്ളമൊഴിച്ച്
കളിയാക്കി
കുപ്പിവെള്ളങ്ങളിൽ തീരാത്ത
ദാഹമുണ്ടവന്
അവന് ദാഹം തീർക്കാൻ നിങ്ങൾക്കാകില്ല
ഏറേ നാളായിട്ടും തിരികെ എത്താത്ത അവനെ തേടി വെള്ളവുമായിട്ടാണ് ഞാനിറങ്ങിയത്
അവനെ കണ്ട് കിട്ടിയില്ല.
എൻ മകനിൻ നെഞ്ചിൽ
ആഞ്ഞ് ചവിട്ടിയും തൊഴിച്ചും
അവർ കൊണ്ട് പോയി
കാത്തിരുന്നെന്റെ നെഞ്ചകം പൊട്ടി
ഉള്ളിലെ നീരുകൾ പൊട്ടി
പുറപ്പെട്ടു ഉരുളായി
ഭവിച്ചിട്ടുമെന്റെ മകനെ കണ്ടില്ല.
ഇന്നുമതേ ചൂട് കാലം
എൻറെ മകനെ കൊണ്ടുപോയവർ
തിരികെ തരിക
എന്റെ ഗുഹയ്ക്കുള്ളിലവനെ
കുടിയിരുത്തുക
വിളക്കു തെളിക്കുക
ഇല്ലെങ്കിലിതുപോലെൻ
മകനെ തേടി ഞാനലഞ്ഞാൽ
മാനുഷാ നീയെത്ര പിടിച്ചു നിൽക്കും.